Connect with us

Malappuram

മലപ്പുറം കെ എസ് ആര്‍ ടി സി കോംപ്ലക്‌സിന് ശിലയിട്ടു

Published

|

Last Updated

മലപ്പുറം: ജില്ലക്ക് പുതുവത്സര സമ്മാനമായി കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ ആസ്ഥാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ശിലാസ്ഥാപനം നിര്‍വഹിക്കാനായത് ജില്ലക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആറ് നിലകളിലായി നിര്‍മിക്കുന്ന ബസ് ടെര്‍മിനലിന്റെ ആദ്യ നാല് നിലകളുടെ നിര്‍മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. 2.15 ഏക്കര്‍ സ്ഥലത്ത് 7.9 കോടി ചെലവില്‍ നിര്‍മിക്കുന്ന ബസ് ടെര്‍മിനലില്‍ 50 ബസുകള്‍ക്ക് നിര്‍ത്തിയിടാനാകും. രണ്ട് നിലകളുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും. പ്രതിസന്ധികളില്‍ നിന്ന് കരകയറി കെ എസ് ആര്‍ ടി സി പുരോഗതിയുടെ പാതയിലേക്ക് ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്ന സ്ഥിതി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പുരോഗതി നിലനിര്‍ത്താനും കെ എസ് ആര്‍ ടി സിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനും സര്‍ക്കാറും ജീവനക്കാരും പൊതുജനങ്ങളും പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. മലപ്പുറം പാടേ മാറിയപ്പോഴും ജില്ലാ ആസ്ഥാനത്തെ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ വികസനം തൊടാതെ നിന്നിരുന്നത് വലിയ പോരായ്മയായിരുന്നുവെന്നും അതിനാണ് പരിഹാരമായതെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ പരിസരത്ത് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പട്ടികജാതി-പിന്നാക്കക്ഷേമ- ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, പി ഉബൈദുല്ല എം എല്‍ എ, ടി എ അഹമ്മദ് കബീര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, കലക്ടര്‍ ടി ഭാസ്‌കരന്‍, നഗരസഭാ അധ്യക്ഷ സി എച്ച് ജമീല, ഉപാധ്യക്ഷന്‍ പെരുമ്പള്ളി സൈത്, ഒ സഹദേവന്‍ സംസാരിച്ചു.