Connect with us

Gulf

ഖത്വര്‍- ഇന്ത്യ ഗ്യാസ് കരാര്‍ പ്രചാരണമാക്കാന്‍ ബി ജെ പി

Published

|

Last Updated

ദോഹ: ഖത്വറില്‍നിന്നും ഇന്ത്യയിലേക്കുള്ള ഗ്യാസ് ഇറക്കുമതിക്കരാര്‍ പുതുക്കാനായത് നരേന്ദ്രമോദിയുടെ രാഷ്ട്രീയ വിജമാക്കി അവതരിപ്പിച്ച് ബി ജെ പി പ്രചാരണം ആരംഭിച്ചു. നേരത്തേയുണ്ടായിരുന്ന കരാറിലുള്ളതിന്റെ പകുതി വിലക്ക് ഗ്യാസ് ഇറക്കുമതി കരാറിന് സാധിച്ചുവെന്നതും ഇതുവഴി ഇന്ത്യക്ക് 4,000 കോടി രൂപയടെ ആദായം പ്രതിവര്‍ഷം ലഭിക്കുമെന്നുമെന്നതും ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി പ്രചാരണം ഏറ്റെടുത്തത്.
നരേന്ദ്രമോദിയുടെ ഫോട്ടോയും റാസ് ഗ്യാസുമായി ഇന്ത്യയിലെ പെട്രോനെറ്റ് ഉണ്ടാക്കിയ കരാറിലെ പുതിയ നിരക്കും നേരത്തേയുണ്ടായിരുന്ന നിരക്കുമെല്ലാം ചേര്‍ത്ത് ബി ജെ പി പോസ്റ്റര്‍ ഇറക്കി. ഇംഗ്ലീഷിലും ഹിന്ദിയിലും തയാറാക്കിയ പോസ്റ്ററുകള്‍ ബി ജെ പിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ പോസ്റ്റ് ചെയ്തു. സംസ്ഥാന, ജില്ലാ ഘടകങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. നിരന്തരമായി വിദേശയാത്ര നടത്തിക്കൊണ്ടിരിക്കുന്ന നരേന്ദ്രമോദിക്ക് ഒരു വിദേശരാജ്യവുമായും രാജ്യത്തിനോ ജനങ്ങള്‍ക്കോ ഉപകാരപ്രദമായ വലിയ പദ്ധതികള്‍ക്കോ കരാറുകള്‍ക്കോ ധാരണയുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍കൂടിയാണ് പാര്‍ട്ടിയുടെ പ്രചാരണം. മോദി ഭരണകാലത്ത് ഇന്ത്യക്ക് സാമ്പത്തിക ആശ്വാസം നേടിത്തരുന്ന ഏറ്റവും വലിയ ഇടപാടായാണ് ഖത്വറുമായുള്ള ഗ്യാസ് ഇടപാടിനെ സാമ്പത്തിക നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തുന്നത്.
ദീര്‍ഘവും നയതന്ത്രപരവുമായ ചര്‍ച്ചകളിലൂടെയാണ് ഗ്യാസ് കരാര്‍ പുനര്‍ നിശ്ചയിക്കാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു. നരേന്ദ്രമോദി നേരിട്ട് ചര്‍ച്ചയില്‍ പങ്കാളിയായെന്നും ഏപ്രിലില്‍ ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുമായാണ് നരേന്ദ്ര മോദി സംഭാഷണം നടത്തിയതെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. അതേസമയം, റാസ് ഗ്യാസും പെട്രോനെറ്റും 51 മീറ്റിംഗുകള്‍ക്കൊടുവിലാണ് 12,000 കോടി രൂപയുടെ പിഴ ഇന്ത്യക്ക് ഒഴിവാക്കിക്കൊടുക്കാനും മുന്‍ കരാറിലെ നിരക്കിന്റെ പകുതി നിരക്കില്‍ ഗ്യാസ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനും ധാരണയിലെത്തിയത്.
പുതിയ കരാര്‍ അനുസരിച്ച് ഒരു യൂനിറ്റിന് 6- 7 ഡോളറിനാണ് പെട്രോനെറ്റിന് റാസ് ഗ്യാസ് എല്‍ എന്‍ ജി നല്‍കുക. 1999ലാണ് ഇരു കമ്പനികളും ആദ്യ ഗ്യാസ് കരാറിലെത്തിയത്. 12- 13 ഡോളറിന് ഗ്യാസ് നല്‍കാനായിരുന്നു കരാര്‍. ഈ നിരക്കാണ് പുതുക്കി ഒപ്പിട്ടത്. ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന കരാറിന് 2028 വരെ കാലാവധിയുണ്ട്. മുന്‍ കരാര്‍ പ്രകാരം നിരക്കില്‍ മാറ്റം വരുത്താന്‍ റാസ് ഗ്യാസിന് അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍, പുതിയ കരാറില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ വ്യത്യാസനം അനുസരിച്ച് വില പരിശോധിക്കുകയും മാറ്റം വരുത്തുകയും ചെയ്യാം. നേരത്തേ പ്രതിവര്‍ഷം 7.5 മില്യന്‍ ടണ്‍ ഗ്യാസ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനായിരുന്നു ധാരണയെങ്കില്‍ പുതിയ കരാറില്‍ ഇത് 8.5 മില്യന്‍ ടണ്‍ ആയി ഉയര്‍ത്തി. ഇന്ത്യന്‍ ഓയില്‍, ബി പി സി എല്‍, ജിയാല്‍ (ഇന്ത്യ), ഗുജ്‌റാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ എന്നീ കമ്പനികള്‍ക്കാണ് പെട്രോനെറ്റ് ഗ്യാസ് വിതരണം ചെയ്യുക. മുന്‍ കരാര്‍ അനുസരിച്ച് ഇന്ത്യ വാങ്ങേണ്ട ഗ്യാസിന്റെ 68 ശതമാനം മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ. ഇതേത്തുടര്‍ന്നാണ് 12,000 കോടിയുടെ പിഴ ചുമത്തപ്പെട്ടത്. ചുരുങ്ങിയത് 90 ശതമാനമെങ്കിലും വാങ്ങിയിരിക്കണമെന്നായിരുന്നു കരാര്‍.

---- facebook comment plugin here -----

Latest