Connect with us

Gulf

ഇറാന്‍- സഊദി വാക് പോര് മുറുകുന്നു

Published

|

Last Updated

റിയാദ്/ടെഹ്‌റാന്‍: ശിയാ നേതാവ് നിംറ് അന്നിംറ് ഉള്‍പ്പെടെ 47 പേരെ തൂക്കിലേറ്റിയ വിഷയത്തില്‍ സഊദി- ഇറാന്‍ വാക് പോര് മുറുകി. ഭീകരവാദ കേസില്‍ ഉള്‍പ്പെട്ട 47 പേരുടെ വധശിക്ഷ സഊദി കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെയും സ്വദേശികളുടെ വസതികള്‍ക്ക് നേരെയും ആക്രമണത്തിന് ഗൂഢാലോചന നടത്തിയതിന് നേതൃത്വം നല്‍കിയിരുന്നത് നിംറ് ആണെന്ന് സഊദി വ്യക്തമാക്കിയിട്ടുണ്ട്.
നിംറിന്റെ വധശിക്ഷ നടപ്പാക്കിയ സഊദി നടപടിയെ ശക്തമായി വിമര്‍ശിച്ച് ഇറാന്‍ രംഗത്തെത്തി. ദൈവികമായ പ്രതികാരം സഊദി അനുഭവിക്കുമെന്നായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അല്‍ ഖംനാഇ പ്രതികരിച്ചത്. ഇദ്ദേഹം ജനങ്ങളെ ആയുധങ്ങളെടുത്ത് ആക്രമണത്തിന് പ്രേരിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിംറിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ഇറാന്‍ വിദേശ മന്ത്രാലയവും കഴിഞ്ഞ ദിവസം എതിര്‍ത്തു. ഉത്തരവാദിത്വമില്ലാത്ത നടപടിയാണ് സഊദി നടത്തിയതെന്നും ആ രാജ്യം ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍ വിദേശ മന്ത്രാലയം വക്താവ് ഹുസൈന്‍ ജാബിര്‍ അന്‍സാരി പറഞ്ഞു.
ഇറാന്റെ അതിരു കടന്ന പരാമര്‍ശങ്ങളില്‍ ഇറാന്‍ അംബാസിഡറെ സഊദി വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഭീകര പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ വധ ശിക്ഷ നടപ്പാക്കിയതിനെതിരെ രംഗത്തെത്തിയ ഇറാന്‍ അവരുടെ ഭീകരവിരുദ്ധ പ്രവര്‍ത്തിയുടെ യഥാര്‍ഥ മുഖമാണ് വെളിപ്പെടുത്തിയതെന്ന് സഊദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അന്ധമായ വിഘടനവാദമാണ് ഇറാന്റെത്. ഈ പ്രദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇറാനും ഒരു ഭാഗമാണെന്നാണ് അവരുടെ പ്രതികരണം അറിയിക്കുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സഊദി നീതിന്യായ മന്ത്രാലയവും നടപടിയെ പ്രതിരോധിച്ച് രംഗത്തെത്തി. സഊദിയിലെ നീതിന്യായ വ്യവസ്ഥ ആര്‍ക്കും സംശയിക്കപ്പെടാന്‍ ഇടനല്‍കാത്തതാണെന്നും കാര്യങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് വധശിക്ഷ നടപ്പാക്കിയതെന്നും മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ ഖഫ്രി പറഞ്ഞു.
സഊദി ഭരണാധികാരികള്‍ ഭീകരതയുടെ വിഷയത്തില്‍ സുന്നികളെന്നോ ശിയാക്കളെന്നോ വേര്‍തിരിവ് കാണിക്കാറില്ലെന്നും പ്രമുഖ കോളമിസ്റ്റ് ഹുസൈന്‍ അല്‍ ശോബോക്ശി അഭിപ്രായപ്പെട്ടു.
നിംറിന്റെ വധശിക്ഷ നടപ്പാക്കിയ വാര്‍ത്ത പുറത്തുവന്നതോടെ ഇറാനിലെ സഊദി എംബസിക്ക് നേരെ പ്രതിഷേധം നടന്നു. നിരവധി പേര്‍ എംബസിക്കുള്ളിലേക്ക് കടന്ന് തീവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ പിന്നീട് പോലീസ് ഒഴിപ്പിച്ചു. 40 പേരെ ഈ സംഭവത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. എംബസിക്ക് നേരെ നടന്ന ആക്രമണത്തെ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും എതിര്‍ത്ത് രംഗത്തെത്തി. നീതീകരിക്കാനാകാത്ത നടപടിയെന്നായിരുന്നു ഇതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

Latest