Connect with us

Kozhikode

മങ്കയം കൊലപാതകം: കേസ് തെളിയിച്ചത് പതിമൂന്നംഗ അന്വേഷണ സംഘം

Published

|

Last Updated

ബാലുശ്ശേരി: മങ്കയം റബര്‍ തോട്ടത്തിലെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ബാലുശ്ശേരി സി ഐ കെ കെ വിനോദിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ അന്വേഷണം സംഘം. സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ഒന്നുമില്ലാത്ത വളരെ ആസൂത്രിതമായ ഈ കൊലപാതകം അതിസാഹസികമായാണ് അന്വേഷണ സംഘം തെളിയിച്ചത്. കേസിന്റെ ആദ്യഘട്ടത്തില്‍ മൃതദേഹം തിരിച്ചറിയാനായി സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശമയച്ചെങ്കിലും കാണാതായവരെ സംബന്ധിച്ച പരാതികളില്‍ നിന്ന് കേസിനോട് സാമ്യമുള്ള യാതൊരുവിവരവും ലഭിച്ചില്ല. അതിനിടെ അന്യ സംസ്ഥാന തൊഴിലാളിയാണോയെന്ന് സ്ഥിരീകരിക്കാന്‍ ഇവര്‍ താമസിക്കുന്ന ഭാഗങ്ങളിലും പരിശോധന നടത്തി. എന്നാല്‍, തുമ്പൊന്നും ലഭിക്കാതെ വന്നപ്പോള്‍ അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് ഓരോ അംഗങ്ങള്‍ക്കും പ്രത്യേക ചുമതലകള്‍ നല്‍കുകയായിരുന്നു.
മറ്റെല്ലാം മാറ്റിവെച്ച് കൊല്ലപ്പെട്ടയാളെ തിരിച്ചറിയുകയെന്ന ഏക ലക്ഷ്യവുമായി നീങ്ങിയ അന്വേഷണസംഘം കൊല നടന്ന പ്രദേശത്ത് കാടുകള്‍വെട്ടി തിരച്ചില്‍ നടത്തി. സംഭവസ്ഥലത്ത് സ്ഥിരമായി മദ്യപിക്കാനെത്തുന്നവരെയും ചീട്ടുകളി സംഘത്തെയും ഉള്‍പ്പെടെ പഴുതടച്ച് അന്വേഷണം നടത്തി. സംശയമുള്ളവരെയും മുമ്പ് കേസിലുള്‍പ്പെട്ടവരെയും ചോദ്യം ചെയ്തു. എന്നാല്‍, സംഭവം നടന്ന് പത്ത് ദിവസം കഴിയുംവരെ കേസിന് സഹായകമാകുന്നതോ മൃതദേഹം തിരിച്ചറിയാന്‍ കഴിയുന്നതാ ആയ യാതൊരു തെളിവും ലഭിക്കാതെ അന്വേഷമം വഴിമുട്ടി നില്‍ക്കവെയാണ്. പ്രതികള്‍ വലയിലാകുന്നതിന്റെ രണ്ട് മൂന്ന് ദിവസം മുമ്പ് സംഭവം നടന്ന ദിവസം രാത്രി അതുവഴി പോയ യാത്രക്കാര്‍ ഒരു വെള്ള കാര്‍ കണ്ടെത്തിയ വിവരം പോലീസിന് നല്‍കുന്നത്. ഇതേപറ്റിയുള്ള അന്വേഷണത്തിനിടെ രാജനെ കാണാനില്ലെന്ന വിവരവും പോലീസീന് ലഭിച്ചു. ഈ രണ്ട് തെളിവുകളും തമ്മില്‍ ബന്ധിപ്പിച്ച് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പതിനായരത്തോളം കേസുകളാണ് പോലീസ് പരിശോധിച്ചത്. കേസിന്റെ പുരോഗതി ചോരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. സംഘം ഒറ്റക്കെട്ടായി നടത്തിയ നീക്കങ്ങളിലുടെയാണ് അന്വേഷണം വിജയിപ്പിക്കാന്‍ കഴിഞ്ഞത്.
എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ട കേസായിരുന്നിട്ടും സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും പ്രതികളെ കോടതി കയറ്റാന്‍ സാധിച്ച പോലീസിന് പൊതു ജനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡയകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്ന ഇന്നലെ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പോലീസിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കിയിരുന്നു. ബാലുശ്ശേരിയിലെ പൗര സംഘടനകള്‍ അന്വേഷണ സംഘത്തിന് സ്വീകരണ മൊരുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

Latest