Connect with us

Gulf

സഊദിക്ക് പിന്നാലെ ബഹ്‌റൈനും സുഡാനും ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചു

Published

|

Last Updated

ടെഹ്റാനിലെ സഉൗദി എംബസി ആക്രമിക്കപ്പെട്ടപ്പോള്‍

മനാമ: ടെഹ്‌റാനിലെ സഊദി എംബസി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സഊദി അറേബ്യ വിച്ഛേദിച്ചതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ഇറാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായി ബഹ്‌റൈനും സുഡാനും അറിയിച്ചു. യുഎഇ അവിടത്തെ ഇറാന്‍ നയതന്ത്രജ്ഞരുടെ എണ്ണം കുറക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബഹ്‌റൈനില്‍ നിന്ന് മുഴുവന്‍ ഇറാനി നയതന്ത്രജ്ഞരോടും 48 മണിക്കൂറിനകം രാജ്യം വിടാന്‍ നിര്‍ദേശിച്ചതായി ബഹ്‌റൈനി വാര്‍ത്താകാര്യ മന്ത്രി ഈസഅല്‍ ഹമദി അറിയിച്ചു. സമാനമായ നടപടിയാണ് സുഡാനും സ്വീകരിച്ചിരിക്കുന്നത്. ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചതായി സുഡാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്ചയാണ് സഊദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചത്. ഇറാനില്‍ നിന്നുള്ള ഷിയാ പണ്ഡിതന്‍ അടക്കം 46 പേരെ കൂടവധശിക്ഷക്ക് വിധേയമാക്കിയ സഊദി അറേബ്യയുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു എംബസി ആക്രമണം. ആക്രമണം നടന്ന ഉടന്‍ തന്നെ സഊദി നയതന്ത്ര ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

എംബസി ആക്രമണത്തെ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് ഉപയോഗപ്പെടുത്തുകയാണ് സഊദി ചെയ്തതെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. അന്തരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നയതന്ത്ര സുരക്ഷ ഒരുക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ സഊദി പ്രശ്‌നങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.