Connect with us

Ongoing News

ധീര ജവാന് നെല്ലറയുടെ പ്രണാമം

Published

|

Last Updated

പാലക്കാട്/മണ്ണാര്‍ക്കാട്: പഞ്ചാബിലെ പഠാന്‍കോട്ടില്‍ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ലഫറ്റ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ സംസ്‌കാര ഒരുക്കങ്ങള്‍ എലുമ്പലാശേരിയില്‍ അന്തിമഘട്ടത്തില്‍.
ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബാംഗ്ലൂരിലെത്തിയത്. അവിടെ നിന്ന് മൃതദേഹം ഇന്നലെ ഉച്ച കഴിഞ്ഞ് നാലുമണിയോടെയാണ് വ്യോമസേനയുടെ ഹെലികോപ്ടറില്‍ പാലക്കാട് വിക്ടോറിയാ കോളജ് ഗ്രൗണ്ടില്‍ എത്തിച്ചു. നേരത്തെ റോഡ് മാര്‍ഗം ബാംഗ്ലൂരില്‍ നിന്ന് കൊണ്ട് വരാന്‍ തീരുമാനിച്ചിരുന്നു. റോഡ് മാര്‍ഗം ഏഴ് മണിക്കൂറിലധികം എടുക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് വ്യോമ വിമാനത്തില്‍ മൃതദേഹം കൊണ്ട് വരുന്നതിന് നടപടിയായത്.
വിക്‌ടോറിയ കോളജ് ഗ്രൗണ്ടില്‍ ഏതാനും നിമിഷം പൊതുദര്‍ശനത്തിന് വെച്ച മൃതദ്ദേഹം റോഡ് മാര്‍ഗം എളുമ്പാലശേരിയിലെത്തിച്ചു. ഇന്ന് രാവിലെ 7 മുതല്‍ 11 വരെ കെ എ യു പി സ്‌കൂളില്‍ പൊതുദര്‍ശനത്തിലെത്തിച്ച് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളടെ തറവാട്ടുവളപ്പില്‍ സംസ്‌കരിക്കും.
മണ്ണാര്‍ക്കാട് കരിമ്പുഴ പഞ്ചായത്തിലെ എലുമ്പാലശേരി കളരിക്കല്‍ തറവാട്ടിലെ അംഗമാണ് മരിച്ച നിരഞ്ജന്‍ കുമാര്‍. നിരഞ്ജന്റെ വീരമൃത്യു അറിഞ്ഞ് നിരവധി പേരാണ് കളരിക്കല്‍ തറവാട്ടിലെത്തിയത്. ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം ബാംഗ്ലൂരുവിലായിട്ടും അവധി ദിവസങ്ങളിലും നാട്ടിലെ ആഘോഷങ്ങള്‍ക്കും നാട്ടില്‍ എത്താറുണ്ടായിരുന്നു. നിരഞ്ജന്റെ അച്ഛന്‍ ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനായിരുന്നു. മല്ലേശ്വരത്തെ ബി പി എല്‍ ഇന്ത്യന്‍ ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം 2003ല്‍ മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പില്‍ അംഗമായി. പിന്നീട് ഡെപ്യൂട്ടേഷനില്‍ എന്‍ എസ് ജിയിലെത്തി. സൈന്യത്തില്‍ ചേരണമെന്നത് നിരഞ്ജന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നവെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു.
രണ്ടര വര്‍ഷം മുമ്പാണ് പുലാമന്തോള്‍ സ്വദേശിനി ഡോ. രാധികയെ വിവാഹം ചെയ്തത്. കുടുംബത്തോടൊപ്പം ഡല്‍ഹിയിലായിരുന്ന താമസം. രണ്ട് മാസം മുമ്പ് ബാംഗ്ലൂരിലെ വീട്ടിലെത്തിയിരുന്നു. ബന്ധുവിന്റെ വിവാഹത്തിനായി അടുത്ത മാസം വീണ്ടുമെത്താനിരിക്കുകയായിരുന്നു. അതിനിടെയാണ് മരണ വാര്‍ത്തയെത്തുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട എന്‍ എസ് ജി സംഘത്തോടൊപ്പമാണ് ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തിലുള്‍പ്പെട്ട നിരഞ്ജന്‍ കുമാറും പഠാന്‍കോട് എത്തിയത്. അത് മരണത്തിലേക്കുള്ള യാത്രയുമായി. സാഹസികതയെ ഇഷ്ടപ്പെട്ടിരുന്ന നിരഞ്ജന്‍ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തിലേക്ക് ചേക്കേറുകയായിരുന്നു.
നിരഞ്ജന്‍ യൂനിറ്റിന്റെ തലവനായിരുന്നു. ഈ യൂനിറ്റിനെയാണ് പഠാന്‍ കോട്ടിലേക്ക് നിയോഗിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. അച്ഛന്റെ അമ്മ പത്മാവതിയും പിതൃ സഹോദരന്‍ ഹരികൃഷ്ണനുമാണ്തറവാട് വീട്ടിനടത്തുള്ള പുതിയ വീടായ കൃഷ്ണാര്‍പ്പണത്തിലെ താമസക്കാര്‍. കഴിഞ്ഞ പത്ത് വര്‍ഷമായി തറവാട് വീട്ടിലാരും താമസമില്ല. കഴിഞ്ഞ ഓണത്തിന് നിരഞ്ജന്‍ ഡല്‍ഹിയില്‍ നിന്നും ഭാര്യ ഡോ. രാധികക്കും മകള്‍ വിസ്മയക്കുമൊപ്പം നാട്ടിലെത്തിയിരുന്നു. ബംഗ്ലൂരുവില്‍ പോയി മാതാപിതാക്കളെ കണ്ടതിന് ശേഷം മൂകാംബിക ക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് പുലാമന്തോള്‍ പാലൂരിലെ ഭാര്യ വീട്,നാട്ടിലെ ബന്ധുക്കള്‍ എന്നിവരെ സന്ദര്‍ശിച്ചാണ് മടങ്ങിയത്. നിരഞ്ജന്റെ അമ്മ രാജേശ്വരി മൂന്നാം വയസില്‍ തന്നെ മരണപ്പെട്ടിരുന്നു. പിന്നീട് രണ്ടാനമ്മ രാധയാണ് നിരഞ്ജനെ വളര്‍ത്തിയത്.
പാലക്കാട്ട് നിന്നെത്തിയ മൃതദേഹത്തെ ബന്ധുക്കളോടൊപ്പം എം എല്‍ എമാരായ ശാഫി പറമ്പില്‍, വി ടി ബല്‍റാം, കെ വി വിജയദാസ്, സബ് കലക്ടര്‍ നൂഹ് ബാവ, എ ഡി എം നാരായണന്‍കുട്ടി, അഗളി ഡി വൈ എസ് പി വാഹിദ് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. എയര്‍ഫോഴ്‌സ് ഗ്രൂപ്പ് കമാന്റര്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുളള എന്‍ എസ് ജി സംഘം ഡല്‍ഹി മുതല്‍ ഭൗതിക ശരീരത്തെ അനുഗമിച്ചിരുന്നു.
ധീരജവാന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വിവിധ രാഷ്ടീയ സാമൂഹ്യ സാംസ്‌കാരിക പ്രമുഖരായ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, പി ജെ പൗലോസ്, സ്വാമി സുനില്‍ദാസ്, പി എ റസാഖ് മൗലവി, പി ഹരിഗോവിന്ദന്‍, എം മുകുന്ദന്‍, സി കെ ജയരാജന്‍, മരളീധരന്‍ ഏര്‍ക്കാട്ടില്‍, പി വേണുഗോപാല്‍, ഉദ്ദ്യോഗസ്ഥരായ സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി സുനില്‍, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ വിഭൂഷണന്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജരത്‌നം എന്നിവരെത്തി.
മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ. എന്‍ ഷംസുദ്ദീന്‍, കെ പി സി സി സെക്രട്ടറി പി ജെ പൗലോസ് എന്നിവര്‍ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
രാത്രി ഏറെ വൈകി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എളമ്പുലാശ്ശേരിയിലെത്തി ധീരജവാന് അന്ത്യോപചാരം അര്‍പ്പിച്ചു.

Latest