Connect with us

Gulf

ലിഫ്റ്റ് അപകടമരണം; മലയാളി യുവാവിന്റെ ആശ്രിതര്‍ക്ക് 2.87 ലക്ഷം നഷ്ടപരിഹാരം

Published

|

Last Updated

ദുബൈ: ദുബൈയിലെ കെട്ടിട നിര്‍മാണ സ്ഥലത്തെ താല്‍ക്കാലിക ലിഫ്റ്റില്‍വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട മലയാളി യുവാവിന്റെ ആശ്രിതര്‍ക്ക് 2,87,000 ദിര്‍ഹം (51,50,000 രൂപ) നഷ്ടപരിഹാരം ലഭിച്ചു. ദുബൈയിലെ ഒരു പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ഒമ്പത് വര്‍ഷത്തോളം ജോലി ചെയ്ത പാലക്കാട് മണ്ണാര്‍ക്കാട് കോളശ്ശേരിവീട്ടില്‍ അബ്ദുല്‍ സലാമിന്റെ ബന്ധുക്കള്‍ക്കാണ് നഷ്ട പരിഹാരം ലഭിച്ചത്. 2010 ജൂലൈ 20-ാം അപകടമുണ്ടായത്.
നിര്‍മാണസ്ഥലത്ത് കെട്ടിട നിര്‍മാണത്തിനാവശ്യമായ സാധന സാമഗ്രികള്‍ കയറ്റാനും ഇറക്കാനും മാത്രമായി ഉപയോഗിച്ചിരുന്ന താല്‍ക്കാലിക ലിഫ്റ്റ് കീ ഉപയോഗിച്ചു തുറക്കുകയും ലിഫ്റ്റിന്റെ പഌറ്റ്‌ഫോം എത്തിയിട്ടുണ്ടോ ഇല്ലയോ എന്നുറപ്പുവരുത്താതെ ലിഫ്റ്റില്‍ കയറിയപ്പോള്‍ താഴ്ചയിലേക്ക് വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ലിഫ്റ്റിന്റെ കീ സൂക്ഷിപ്പുകാരനായിരുന്ന അതേ കമ്പനിയിലെ മറ്റൊരു തൊഴിലാളിയെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അബ്ദുല്‍ സലാമിന് ലിഫ്റ്റിന്റെ കീ നല്‍കിയത് ഈ തൊഴിലാളിയായിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ 60 ശതമാനം കുറ്റം മാത്രമെ ഈ തൊഴിലാളിയില്‍ ആരോപിച്ചിരുന്നുള്ളു. ബാക്കി 40 ശതമാനം കുറ്റം (അശ്രദ്ധ) മരണപ്പെട്ട അബ്ദുല്‍ സലാമിന്റെ ഭാഗത്തു നിന്നാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇക്കാരണത്താല്‍ മുഴുവന്‍ ദിയാ ധനവും അടക്കാനുള്ള ബാധ്യത പ്രതിയായ തൊഴിലാളിക്കുണ്ടായിരുന്നില്ല. അബ്ദുല്‍ സലാമിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി ഖബറടക്കം നടത്തുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ അവകാശികള്‍ ബന്ധുവായ അലി ചോലോത്തിനെ നഷ്ടപരിഹാര കേസ് നടത്തുന്നതിന് വേണ്ടി ചുമതലപ്പെടുത്തിക്കൊണ്ട് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നു. അലി ചോലോത്താണ് ദുബൈ അല്‍ കബ്ബാന്‍ അഡ്വക്കേറ്റിസിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിക്ക് വക്കാലത്ത് നല്‍കി കേസ് ഫയല്‍ ചെയ്യാന്‍ ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യുകയുമായിരുന്നു.
ഈ കേസിലാണ് 2,87,000 ദിര്‍ഹം ദുബൈ കോടതി വിധി പ്രകാരം അബ്ദുല്‍ സലാമിന്റെ ആശ്രിതര്‍ക്ക് ലഭിച്ചത്. ഊ തുകയില്‍ 1,20,000 ദിര്‍ഹം ദിയാധനമായും ബാക്കി 1,67,000 ദിര്‍ഹം നഷ്ടപരിഹാരവുമായാണ് ലഭിച്ചിട്ടുള്ളത്. കുടുംബത്തിന് ഈ തുക കൈമാറിയതായി അഡ്വ. ശംസുദ്ദീന്‍ അറിയിച്ചു.