Connect with us

Gulf

പോസ്റ്റ് ഓഫീസില്‍ മോഷണം; യുവാവ് പിടിയില്‍

Published

|

Last Updated

ഷാര്‍ജ: പോസ്റ്റ് ഓഫീസിന്റെ വാതില്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ച് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. ശ്രീലങ്കന്‍ സ്വദേശിയായ യുവാവാണ് ഷാര്‍ജ പോലീസിന്റെ പിടിയിലായത്.
ഷാര്‍ജയിലെ വ്യവസായ മേഖല ആറില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസിലാണ് പ്രതി മോഷണം നടത്തിയത്. ഒരു ക്ലീനിംഗ് കമ്പനിയിലെ ജോലിക്കാരനായ യുവാവ് രാജ്യം വിടുന്നതിനുമുമ്പ് ആസൂത്രിതമായിട്ടായിരുന്നു മോഷണം നടത്തിയതെന്ന് ഷാര്‍ജ പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അകത്ത് കടന്ന പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന 23,955 ദിര്‍ഹമാണ് കൈക്കലാക്കിയത്.
പോസ്റ്റ് ഓഫീസ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥാപനത്തിന്റെ പിന്‍വാതിലിലൂടെയാണ് പ്രതി അകത്ത് കടന്നതെന്ന് വ്യക്തമായി. അകത്തെത്തിയ പ്രതി ഏതാനും പോസ്റ്റ് ബോക്‌സുകള്‍ നശിപ്പിച്ചതായും കണ്ടെത്തി. നിരീക്ഷണ ക്യാമറയുടെ ബോക്‌സും പ്രതി താറുമാറാക്കിയിരുന്നു. നേരത്തെ പോസ്റ്റ് ഓഫീസിലെ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നയാളായിരുന്നു പ്രതിയെന്ന് പോലീസ് അറിയിച്ചു. ഓഫീസിനകത്ത് കയറി കൃത്യം നിര്‍വഹിക്കുന്നതിന് പ്രതിക്ക് ഇത് സഹായകമായി. പോലീസ് പിടികൂടുമ്പോള്‍ പ്രതി നാടുവിടാനുള്ള ശ്രമത്തിലായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച യുവാവിനെ തുടര്‍ നടപടികള്‍ക്കായി പ്രൊസിക്യൂഷനു കൈമാറി.

 

Latest