Connect with us

Gulf

പ്രമേഹം ഒഴിവാക്കാന്‍ കുത്തിവെപ്പ് ചികിത്സ: പ്രചാരണത്തിനെതിരെ മുന്നറിയിപ്പ്

Published

|

Last Updated

പ്രൊഫ. അബ്ദുല്‍
ബാദി അബൂ സംറ

ദോഹ : പ്രമേഹം പ്രതിവാര കുത്തിവെപ്പിലൂടെ ഭേദമാക്കാം എന്നു വിശ്വസിപ്പിച്ച് പ്രചാരം നേടുന്ന വീഡിയോക്കെതിരെ ഖത്വറിലെ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ വീഡിയോയും അതിലെ അവകാശവാദവും ജനങ്ങള്‍ വിശ്വസിക്കരുതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്റേണല്‍ മെഡിസിന്‍ ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ ബാദി അബൂ സംറ പറഞ്ഞു.
വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. ഇതു വിശ്വസിച്ച് നിലവില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ മരുന്നു നിര്‍ത്താന്‍ തയാറാകരുത്. ഡോക്ടര്‍മാര്‍ എഴുതി നല്‍കിയ മരുന്നുകള്‍ തുടര്‍ന്നും കഴിക്കണം. രോഗികള്‍ ഒരു കാരണവശാലും തങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടാതെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചികിത്സാരീതികളിലോ മരുന്നുകളിലോ മാറ്റം വരുത്താന്‍ തയാറാകരുതെന്നും അദ്ദേഹം ഉണര്‍ത്തി. പ്രമേഹം പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ നിലവില്‍ എന്തെങ്കിലും മരുന്നോ ഇന്‍ജക്ഷനോ നിലവിലില്ല. എന്നാല്‍ പഞ്ചസാരയുടെ അളവു കുറക്കാന്‍ സഹായിക്കുന്ന നിരവധി മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ ഇത് രോഗം ഇല്ലാതാക്കലല്ല.
രോഗികള്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കുന്നത് അവരുടെ പ്രായം, പ്രമേഹരോഗത്തിന്റെ സ്വാഭാവം, ഘട്ടം, രോഗിയുടെ മറ്റു ശാരീരികാവസ്ഥകള്‍ എന്നിവ പരിശോധിച്ചാണ് മരുന്നു കുറിച്ചു കൊടുക്കുന്നത്. അതുകൊണ്ടു തന്നെ പ്രമേഹം നിയന്ത്രിക്കാന്‍ ലഭ്യമായ ഏതെങ്കിലും മരുന്നു കഴിക്കുക എന്നതല്ല ചികികിത്സ. രാജ്യാന്തര നിലവാരത്തിലുള്ള സൂക്ഷ്മമായ ശിക്ഷണ, നിരീക്ഷണ രീതികളിലൂടെയാണ് ഹമദ് ആശുപത്രിയില്‍ പ്രമേഹ രോഗ ചികിത്സ നല്‍കി വരുന്നത്. പ്രമേഹരോഗ ചികിത്സക്ക് പൊതുവേ അംഗീകരിക്കപ്പെട്ട രീതികളും മരുന്നുകളുമാണ് ഹമദില്‍ ഉപയോഗിക്കുന്നത്.
ചികിത്സകള്‍ തികച്ചും വ്യക്തിപരമാണ്. ഒരു രോഗിയില്‍ വിജയം കണ്ട അതേ രീതി മറ്റൊരു രോഗിയില്‍ ഫലപ്രദമായിക്കൊള്ളണമെന്നില്ല. ഹമദ് കോര്‍പറേഷന്‍ ക്ലിനിക്കില്‍ ഇതു സംബന്ധിച്ച് ചില പഠനങ്ങള്‍ നടന്നു വരുന്നുണ്ട്. വ്യത്യസ്ത പ്രമേഹരോഗ ചികിത്സയുടെ ഫലപ്രാപ്തിയും പാര്‍ശ്വഫലങ്ങളുമാണ് പഠിച്ചു വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ചികിത്സാ കുറിപ്പ് എല്ലാ രോഗികള്‍ക്കും ബാധകമാക്കാന്‍ കഴിയില്ല. രോഗികളുടെ സ്ഥിതിയനുസരിച്ച് നിര്‍ദേശിക്കുന്ന മരുന്നിന്റെ ഡോസേജ് പോലും വ്യത്യാസമുണ്ടായിരിക്കും. ഒരാള്‍ക്ക് ടൈപ്പ് വണ്‍ പ്രമേഹം ഉണ്ടെങ്കില്‍ മതിയായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടാതെ വരും. ഇത്തരം ഘട്ടങ്ങളില്‍ നിര്‍ബന്ധമായും ഇന്‍സുലിന്‍ കുത്തിവെക്കേണ്ടി വരും. ഇത് മറ്റൊരു മരുന്നായി നല്‍കാനാകില്ല. കൊഴുപ്പു നിയന്ത്രിക്കാവുന്ന ഭക്ഷണരീതികള്‍, വ്യായാമം തുടങ്ങിയ ആരോഗ്യശീലങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രമേഹരോഗത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയും.
പ്രമേഹം അതിന്റെ ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മരുന്നു കഴിക്കാതെ തന്നെ ചികിത്സിക്കാന്‍ കഴിയും. ജീവിതശൈലി മാറ്റുന്നതിലൂടെയാണ് ഇതു സാധ്യമാകുക. രോഗം ഏതു ഘട്ടത്തിലാണെങ്കിലും ആളുകള്‍ ജീവിതരീതി മാറ്റാന്‍ സന്നദ്ധമാകണം. കൊഴുപ്പു കുറക്കുകയും വ്യായാമം ചെയ്യുകയും വേണം. അനാരോഗ്യകരമായ ജീവിതശീലമാണെങ്കില്‍ മരുന്നു കൊണ്ടു മാത്രം രോഗം മാറില്ലെന്ന് തിരിച്ചറിയണം.
പ്രമേഹത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഉപദേശം തേടുന്നതിനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ വിശദീകരണമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Latest