Connect with us

Articles

എല്ലാ യാത്രകള്‍ക്കും ലക്ഷ്യമുണ്ട്

Published

|

Last Updated

നേതാക്കളെല്ലാം തെരുവിലിറങ്ങി രാഷ്ട്രീയ കേരളം ഉഴുതുമറിക്കുകയാണ്. തിരഞ്ഞെടുപ്പ് പൂരപ്പറമ്പിലേക്കുള്ള പെട്ടിവരവുകള്‍ക്ക് കാസര്‍കോട് നിന്ന് തുടക്കമായിരിക്കുന്നു. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ കേരള രക്ഷായാത്ര തുടങ്ങിക്കഴിഞ്ഞു. സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ജാഥ ജനുവരി 15ന് തുടങ്ങാനിരിക്കുന്നു. മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെയും ബി ജെ പിയുടെ പുതിയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും ജാഥകള്‍ പിന്നാലെ വരുന്നു. സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രനും കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയും കാസര്‍കോട് നിന്ന് ജാഥ നയിച്ച് തിരുവനന്തപുരത്തെത്തും. എന്‍ സി പി മുതല്‍ കോണ്‍ഗ്രസ് എസ് വരെയുള്ള കക്ഷികളും തങ്ങളാല്‍ ആകുംവിധം യാത്രക്കൊരുങ്ങുന്നു.
കേരളത്തിന്റെ വടക്കേയറ്റമെന്ന നിലയില്‍ കാസര്‍കോട് പിന്നാക്ക പ്രദേശമെങ്കിലും ഈയൊരു മാസം മറ്റു ജില്ലകള്‍ക്ക് മുന്നിലാണ് കാസര്‍കോടിന്റെ ഇടം. യാത്രകള്‍ തുടങ്ങുന്നതെല്ലാം അവിടെ നിന്നാണ്. വരുന്ന മെയ് 18ന് സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലേക്ക് ചുവട് വെക്കുകയാണ് എല്ലാ യാത്രകളുടെയും ആത്യന്തിക ലക്ഷ്യം. യു ഡി എഫിന് ഭരണത്തുടര്‍ച്ച വേണം. വി എം സുധീരനും കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും തെരുവിലിറങ്ങുന്നത് ഇതിന് വേണ്ടിയാണ്. എല്‍ ഡി എഫിന്റെ നിയുക്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയിലാണ് പിണറായി വിജയന്‍ ജാഥ നയിക്കുന്നത്. കേരള ചരിത്രത്തില്‍ ഇന്നേവരെ സാധിക്കാത്ത ആഗ്രഹമാണ് കുമ്മനം രാജശേഖരന് പ്രാവര്‍ത്തികമാക്കാനുള്ളത്. നിയമസഭയില്‍ ഒരു അക്കൗണ്ട് തുറക്കണം. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നിയമസഭാ മന്ദിരത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ അക്കൗണ്ട് തുടങ്ങി ബി ജെ പിക്ക് സായൂജ്യമടയാം എന്ന പതിവ് പരിഹാസം ഇക്കുറി കേള്‍പ്പിക്കരുതെന്ന ആഗ്രഹവുമായാണ് കുമ്മനം കളത്തിലിറങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നൂറ് ദിവസത്തിന്റെ അകലം പോലുമില്ലെന്ന വസ്തുത ഓരോയാത്രയിലും ഒളിഞ്ഞിരിപ്പുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പാര്‍ട്ടികളെല്ലാം നേരത്തെ തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസില്‍ രൂപപ്പെട്ട ഭിന്നതകള്‍ പുറമേക്കെങ്കിലും പറഞ്ഞുതീര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പോയ വാരം നടത്തിയ കേരള സന്ദര്‍ശനത്തിനിടെ ഘടകകക്ഷി നേതാക്കളെ നാട്ടകം ഗസ്റ്റ്ഹൗസിലെത്തിച്ച് മുന്നണിയെ “ശക്തി”പ്പെടുത്തി. കോണ്‍ഗ്രസ് ഒന്നിച്ച് നിന്നാല്‍ അടുത്ത ഊഴവും യു ഡി എഫിനാണെന്ന് മാണിയും കുഞ്ഞാലിക്കുട്ടിയും സോണിയയെ അറിയിച്ചു. പിന്നാലെ ഐക്യകാഹളം മുഴക്കി ഉമ്മന്‍ ചാണ്ടിയും സുധീരനും രമേശ് ചെന്നിത്തലയും ഒരു വേദിയില്‍ അണിനിരന്ന് വാര്‍ത്താ സമ്മേളനവും നടത്തി. ഇതിനെല്ലാം ശേഷമാണ് സുധീരന്റെ കേരള രക്ഷായാത്ര കാസര്‍കോട് നിന്ന് പ്രയാണം ആരംഭിച്ചിരിക്കുന്നത്. മുഴങ്ങിയ ഐക്യകാഹളത്തിന് ആയുസ് എത്രയെന്ന് ഇനിയും വ്യക്തമല്ല. കാരണം, ഐക്യകാഹളം മുഴക്കിയ മൂന്ന് പേരും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി മോഹികളാണ്. സ്വയം പിന്മാറാന്‍ മുന്ന് പേരും സന്നദ്ധരാകില്ലെന്നതിനാല്‍ തിരഞ്ഞെടുപ്പ് ഫലം വരും വരെ ഇക്കാര്യത്തില്‍ അവ്യക്തത തുടരും.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ഭരണം ഉറപ്പിച്ച മട്ടിലാണ് സി പി എം. പുറമേക്ക് ഭരണം ഉറപ്പിക്കുമ്പോഴും ഉള്ളിലൊരു ആധി ഇല്ലാതില്ല. ഭരണം തിരിച്ചുപിടിക്കാനാകാത്ത അവസ്ഥ ഊഹിക്കാന്‍ പോലും സി പി എമ്മിന് കഴിയുന്നില്ല. അത് കൊണ്ടാണ് വീരേന്ദ്രകുമാര്‍ അടക്കം പഴയ കൂട്ടുകാരെ മുന്നണിയിലേക്ക് തിരിച്ചുവിളിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. ശത്രുപക്ഷത്തുള്ള ബന്ധുവെന്നാണ് വീരേന്ദ്ര കുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പോലും വിശേഷിപ്പിച്ചത്. വൈര്യം മറന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പിണറായി വിജയനും വീരേന്ദ്ര കുമാറും കഴിഞ്ഞ ദിവസം ഒരു വേദിയില്‍ സംസാരിച്ചു.
ക്രൂദ്ധനായിരുന്നു കൂറെ കാലം വീരേന്ദ്രകുമാറിന് പിണറായി വിജയന്‍. പിണറായിയെ വ്യക്തിപരമായി പല ഘട്ടത്തിലും അദ്ദേഹം ആക്രമിച്ചു. മുന്നണി വിടാനുള്ള ഏക കാരണം പിണറായി വിജയനാണെന്ന് വരെ പറഞ്ഞു. വീരേന്ദ്ര കുമാറിനെ വ്യക്തിപരമായി പല ഘട്ടങ്ങളിലും സി പി എമ്മും ടാര്‍ജറ്റ് ചെയ്തു. പാര്‍ട്ടി മുഖപത്രം വീരേന്ദ്രകുമാറിനെ പ്രതിക്കൂട്ടിലാക്കി ലേഖന പരമ്പരകള്‍ തന്നെ എഴുതി. ഭൂമി കൈയേറ്റക്കാരനെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ഇന്ന് എല്ലാം മറന്നിരിക്കുന്നു. ആര്‍ എസ് പിയെയും കൂടെ കൂട്ടാന്‍ ശ്രമിച്ച് നോക്കിയെങ്കിലും യു ഡി എഫില്‍ തുടരാന്‍ തന്നെയാണ് അവരുടെ നീക്കം.
ഭരണം എങ്ങനെയാകണമെന്ന ചര്‍ച്ച പോലും സി പി എം തുടങ്ങിയിട്ടുണ്ട്. ബദല്‍ വികസന പരിപാടി തയ്യാറാക്കാന്‍ എ കെ ജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കേരള പഠന കോണ്‍ഗ്രസ് ജനുവരി ഒന്‍പതിനും പത്തിനും തിരുവനന്തപുരത്ത് നടക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പുള്ള പിണറായി വിജയനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. മാലിന്യസംസ്‌കരണം മുതല്‍ ഐ ടി മേഖലയില്‍ വരെ സി പി എം മുന്നോട്ടുവെക്കുന്ന ബദല്‍ വികസന കാഴ്ച്ചപ്പാടുകളാണ് കേരള പഠന കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നത്. വ്യവസായം, കൃഷി, തൊഴില്‍, ഭൂപ്രശ്‌നം, മാധ്യമം, സാമൂഹിക സുരക്ഷ, ദളിത്- ആദിവാസി വിഷയങ്ങള്‍, സ്ത്രീകളുടെ പാര്‍ശ്വവത്കരണം, ലിംഗ നീതി, ട്രാന്‍സ്‌ജെന്‍ഡര്‍, സാന്ത്വന ചികിത്സ സര്‍വ മേഖലയെയും പഠന കോണ്‍ഗ്രസ് സ്പര്‍ശിക്കുന്നു. ഭാഷ, സംസ്‌കാരം, മലയാളം കമ്പ്യൂട്ടിംഗ്, മാലിന്യ സംസ്‌കരണം, പ്രവാസി ക്ഷേമം, സ്‌പോര്‍ട്‌സ് എന്നിവക്കായി പ്രത്യേകം സെഷനുകള്‍. ഒരു പുതിയ സര്‍ക്കാര്‍ വന്നാല്‍ സമീപിക്കേണ്ട മേഖലകളില്‍ ഇടതുപക്ഷം അവതരിപ്പിക്കുന്ന ബദലിന് രൂപം നല്‍കാനാണ് പഠനകോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ആര്‍ എസ് എസിന്റെ രാഷ്ട്രീയ പരീക്ഷങ്ങളുടെ വിളവെടുപ്പ് എന്താകുമെന്നതും വരുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. ബി ജെ പിയെയും ആര്‍ എസ് എസിനെയും പടിപ്പുറത്ത് നിര്‍ത്തിയ ചരിത്രമാണ് കേരളത്തിന്റെ മതേതര മനസ്സിനുള്ളത്. എന്നാല്‍, പതിവില്ലാത്ത വിധം ഹൈന്ദവ വര്‍ഗീയത കത്തിക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നുണ്ട്. ബി ജെ പിയില്‍ ഒരു പദവി പോലും വഹിച്ചിട്ടില്ലാത്ത ഹിന്ദു ഐക്യവേദിയുടെ നേതാവ് കുമ്മനം രാജശേഖരനെ ബി ജെ പിയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചതില്‍ തന്നെ ആര്‍ എസ് എസ് അജന്‍ഡ വ്യക്തമാണ്. ഹൈന്ദവ വോട്ടുകള്‍ ബി ജെ പിക്ക് അനുകൂലമായി ഏകീകരിക്കാന്‍ സകല അടവുകളും ആര്‍ എസ് എസും ബി ജെ പിയും പയറ്റുന്നു. ബി ജെ പി ജയസാധ്യത കല്‍പ്പിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഇതിനകം അവര്‍ തീരുമാനിച്ചു കഴിഞ്ഞു. ബി ജെ പിയുടെ ഈ സാന്നിധ്യം തന്നെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നതും.
എസ് എന്‍ ഡി പിയെ കൂടെ നിര്‍ത്തി വെള്ളാപ്പള്ളിയെ ഉപയോഗിച്ച് ബി ഡി ജെ എസ് എന്ന പേരില്‍ ഒരു പാര്‍ട്ടിയുണ്ടാക്കി ജാതി, മതധ്രുവീകരണം നടത്തിയാണെങ്കിലും നിയമസഭയില്‍ അക്കൗണ്ട് തുറക്കുകയെന്ന ഒരൊറ്റ ലക്ഷ്യമാണ് ബി ജെ പിക്ക്. പി സി തോമസിന്റെ ഐ എഫ് ഡി പിയുമായി സഖ്യമുണ്ടാക്കി മുമ്പ് പാര്‍ലിമെന്റിലേക്ക് കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറന്ന ചരിത്രം ബി ജെ പിക്ക് മുന്നിലുണ്ട്. താമര ചിഹ്നത്തില്‍ തന്നെ അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ച് പറയുന്ന നേതാക്കളുമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായെങ്കിലും മണ്ഡലാടിസ്ഥാനത്തില്‍ ബി ജെ പിക്ക് ഒരു മേല്‍ക്കൈ ലഭിച്ചെന്ന് പറയാന്‍ കഴിയില്ല. പഞ്ചായത്ത്, മുനിസിപ്പല്‍ ഫലങ്ങളുടെ കണക്കെടുത്താല്‍ 87 നിയമസഭാമണ്ഡലങ്ങളില്‍ മേല്‍ക്കൈ എല്‍ ഡി എഫിനാണ്. 53ല്‍ യു ഡി എഫും. ബി ജെ പിക്ക് ഒരു സീറ്റില്‍ പോലും മുന്നിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, നെയ്യാറ്റിന്‍കര, അരുവിക്കര ഉപതിരഞ്ഞെടുപ്പുകളില്‍ ഒ രാജഗോപാല്‍ മത്സരിച്ച ഘട്ടത്തില്‍ ലഭിച്ച വോട്ടിന്റെ പകുതി പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ചതുമില്ല.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിച്ച മേല്‍ക്കൈ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ നഷ്ടപ്പെട്ടെന്നത് ഒരു വസ്തുത തന്നെയാണ്. അപ്പോഴും ബി ജെ പി ഉയര്‍ത്തുന്ന വെല്ലുവിളി ഫലത്തെ എങ്ങിനെ സ്വാധീനിക്കുമെന്നത് കാണാതിരിക്കാനുമാകില്ല.
മുന്നണികള്‍ തമ്മിലുള്ള പരസ്പര പോര്‍വിളികള്‍ മാത്രമാകില്ല ഈ തിരഞ്ഞെടുപ്പിലുണ്ടാകുകയെന്ന് ഉറപ്പാണ്. ബി ജെ പിയുടെ വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ ചെറുക്കാന്‍ ഇരുമുന്നണികളും ഒരു പോലെ നിര്‍ബന്ധിതരാകുന്ന സാഹചര്യം നിലനില്‍ക്കുകയാണ്.

Latest