Connect with us

Gulf

ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശില്‍ ആയിരം കോടി രൂപ നിക്ഷേപിക്കും

Published

|

Last Updated

ഉത്തര്‍ പ്രദേശില്‍ പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടന ചടങ്ങില്‍
എം എ യൂസുഫലി പങ്കെടുത്തപ്പോള്‍

അബുദാബി: ഉത്തര്‍പ്രദേശില്‍ ലുലു ഗ്രൂപ്പ് ആയിരം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് എം ഡി എം എ യൂസുഫലി അറിയിച്ചു. തലസ്ഥാനമായ ലക്‌നൗവില്‍ സമ്മേളന കേന്ദ്രം, ഷോപ്പിംഗ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ പണിയും. യു പി പ്രവാസി ദിവസില്‍ സംസാരിക്കുകയായിരുന്നു എം എ യൂസുഫലി. ഒരു ബിസിനസ്‌കാരന്‍ എന്ന നിലയില്‍ താന്‍ നിരവധി രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. യൂറോപ്പ്, ഏഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ കേരളക്കാര്‍ക്കു പുറമെ ഉത്തര്‍ പ്രദേശുകാരെയും ധാരാളമായി കണ്ടിട്ടുണ്ട്. “”കെനിയയില്‍ പോയപ്പോള്‍ എന്റെ യു പി സുഹൃത്ത് പറഞ്ഞു, ഞങ്ങള്‍ ആഫ്രിക്കയിലും ലണ്ടനിലും ഒക്കെയുണ്ട്. എന്നാല്‍ എവിടെപ്പോയാലും ഞങ്ങള്‍ ഹിന്ദുസ്ഥാനികളാണ്. യൂസുഫലി ഇങ്ങിനെ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവടക്കം വന്‍ കരഘോഷം മുഴക്കി.
ഉത്തര്‍ പ്രദേശുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. എന്റെ ഭക്ഷ്യ സംസ്‌കരണ കമ്പനികളില്‍ 2000ത്തോളം യു പിക്കാര്‍ ജോലി ചെയ്യുന്നു. എനിക്ക് നിരവധി സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് വെച്ചുനീട്ടിയെങ്കിലും അലീഗഡ് സര്‍വകലാശാലയില്‍ നിന്നുമാത്രമാണ് സ്വീകരിച്ചത്. വിദ്യാര്‍ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കായിക മേഖലകളില്‍ അടിസ്ഥാന സൗകര്യം വേണം. അതുകൊണ്ടുതന്നെ സര്‍വകലാശാലയില്‍ ആണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയാന്‍ അഞ്ച് കോടി നല്‍കി. പെണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയാന്‍ അഞ്ച് കോടി നല്‍കും. ഉത്തര്‍പ്രദേശില്‍ 3000 പേര്‍ക്ക് പുതുതായി ജോലി സാധ്യത നല്‍കും, യൂസുഫലി പറഞ്ഞു.
ഉത്തര്‍പ്രദേശിനുള്ള യൂസുഫലിയുടെ വാഗ്ദാനത്തെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി.