Connect with us

Palakkad

സുല്‍ത്താന്‍പേട്ട നഗരസഭാ കെട്ടിടത്തിന്റെ നവീകരണം കടലാസിലൊതുങ്ങുന്നു

Published

|

Last Updated

പാലക്കാട്: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സായ സുല്‍ത്താന്‍പേട്ടയിലെ പഴയ കനറാ ബേങ്ക് കെട്ടിടം പൊളിച്ചു പുനര്‍നിര്‍മിക്കാത്തതിനാല്‍ സമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു. സുല്‍ത്താന്‍പേട്ട പോസ്‌റ്റോഫീസ് റോഡില്‍ ജില്ലാ ബേങ്കിന് മുന്നില്‍ വെള്ളാല്‍ സ്ട്രീറ്റിനോട് എതിരെയുള്ള നഗരസഭയുടെ കെട്ടിടമാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്.
കനറാ ബേങ്ക്, കെ എസ് എഫ് ഇ ഉള്‍പ്പെടെ പുറകുവശത്ത് ആറോളം ഷോപ്പുകളാണ് നേരത്തെ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കാലപ്പഴക്കമുള്ള കെട്ടിടം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ആദ്യം ബേങ്കും കെ എസ് എഫ് ഇയും പിന്നീട് പുറകിലുള്ള വ്യാപാര സ്ഥാപനങ്ങളും ഒഴിവാക്കുകയായിരുന്നു. ഇടക്കാലത്ത് കനറാ ബേങ്ക്, കെട്ടിടത്തിനു മുന്നില്‍ നിര്‍മിച്ച എ ടി എം കൗണ്ടറും അനധികൃതമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നഗരസഭ പൊളിച്ചുമാറ്റിയിരുന്നു.
കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട് പാലക്കാട് പദ്ധതിയിലുള്‍പ്പെടുത്തി ബി ഒ ടി അടിസ്ഥാനത്തില്‍ നഗരസഭ ഈ കെട്ടിടം പൊളിച്ച് പണിയുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി അടഞ്ഞ്ക കിടന്ന കെട്ടിടത്തിന്റെ ഗേറ്റുകള്‍ തകര്‍ത്ത് ഇപ്പോള്‍ ഇവിടം അനധികൃത പാര്‍ക്കിംഗ് മേഖലയായി മാറിയിരിക്കുകയാണ്. പരിസരം കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഇഴജന്തു ശല്യവും പുറമെ മാലിന്യ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ്.
രാത്രിയായാല്‍ ഇവിടം മദ്യപന്മാരുടെയും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. കെട്ടിടം പൊളിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും ബന്ധപ്പെട്ട നിയമരേഖകള്‍ ലഭിക്കാത്തതിനാലാണ് കെട്ടിടം പൊളിക്കാന്‍ പറ്റാത്തതെന്നാണ് കനറാ ബേങ്ക് കെട്ടിടം പൊളിക്കാന്‍ കരാറെടുത്തിരുന്ന കരാറുകാരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ നല്ല രീതിയില്‍ വരുമാനം കിട്ടിയിരുന്ന കെട്ടിടം പുതുക്കിപ്പണിയാനെന്ന പേരില്‍ ഒഴിപ്പിച്ച് വര്‍ഷമേറെ കഴിയുമ്പോഴും ഇങ്ങനെയൊരു കെട്ടിടത്തെപ്പറ്റിയോ ഇത് പുതുക്കിപ്പണിയുന്നതിനെപ്പറ്റിയോ നഗരസഭ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല.

Latest