Connect with us

Malappuram

ഇന്ന് കലാശപ്പൂരം

Published

|

Last Updated

അരീക്കോട്: കാല്‍പന്ത് കളിയുടെ നാടിന് വിരുന്നൊരുക്കിയ കൗമാര കലാവസന്തത്തിന് ഇന്ന് തിരശ്ശീല. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വേങ്ങര ഉപജില്ല മുന്നേറ്റം തുടരുന്നുണ്ട്.
221 പോയിന്റുമായാണ് മുന്നേറ്റം. തൊട്ടുപിന്നില്‍ മലപ്പുറ(215)വും 206 പോയിന്റുമായി എടപ്പാള്‍ മൂന്നാംസ്ഥാനത്തുമുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വേങ്ങരയാണു മുന്നില്‍(246). രണ്ടാം സ്ഥാനത്ത് 236 പോയിന്റുമായി മലപ്പുറമാണ്. കൊണ്ടോട്ടി 224 പോയിന്റ് നേടി മൂന്നാമതെത്തി.
യു പി വിഭാഗത്തില്‍ 91 പോയിന്റുമായി താനൂരും മഞ്ചേരിയും ഒപ്പത്തിനൊപ്പമാണ്. 88 പോയിന്റുമായി മലപ്പുറവും അരീക്കോടും തൊട്ടുപിന്നിലുമുണ്ട്. സംസ്‌കൃതോത്സം യു പി വിഭാഗത്തില്‍ മലപ്പുറം, മങ്കട, താനൂര്‍ ഉപജില്ലകള്‍ 81 പോയിന്റോടെ ശക്തമായ മത്സരവുമായി ഒന്നാമതുണ്ട്. വണ്ടൂര്‍, പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി, വേങ്ങര ഉപജില്ലകള്‍ 79 പോയിന്റുമായി രണ്ടാം സ്ഥാനത്തും കുറ്റിപ്പുറം 77 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
ജനപ്രിയ ഇനങ്ങള്‍ ഏറെയുള്ള സമാപന ദിനം ചാലിയാറിന്റെ തീരം ആസ്വാദകര്‍ കൈയടക്കും. വര്‍ണങ്ങള്‍ നിറഞ്ഞാടുന്ന സംഘ നൃത്തവും കോല്‍ക്കളിയുടെ താളമേളങ്ങളും ഏകാഭിനയവും മിമിക്രിയും മൂകാഭിനയവുമെല്ലാം കാണാന്‍ കലാപ്രേമികള്‍ അരീക്കോട്ടെക്ക് ഒഴുകിയെത്തും.
ഇന്നലെ നാടകവും ദഫും ഗസലും ഗാനമേളയും കാണാന്‍ വേദികള്‍ക്ക് മുന്നില്‍ ജനം തടിച്ച് കൂടി. പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടിനും നൃത്ത ഇനങ്ങള്‍ക്കും ആസ്വാദകര്‍ ഏറെയുണ്ടായിരുന്നു. പുലര്‍ച്ചെയോടെയാണ് മത്സരങ്ങള്‍ സമാപിച്ചത്.

Latest