Connect with us

Gulf

ബിസിനസ് സംരംഭങ്ങള്‍ക്ക് അവസരം വര്‍ധിക്കുന്നു: ശൈഖ് ഫൈസല്‍

Published

|

Last Updated

ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം
അല്‍ താനി

ദോഹ: രാജ്യത്ത് ചെറുകിട, മധ്യനിര വ്യവസായ, വാണിജ്യ സംരംഭങ്ങള്‍ക്ക് അവസരങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് പ്രമുഖ വ്യവസായിയും അല്‍ ഫൈസല്‍ ഹോള്‍ഡിംഗ് ചെയര്‍മാനുമായ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍ താനി. ഗ്ലോബല്‍ പബ്ലിഷിംഗ് റിസര്‍ച്ച് സ്ഥാപനമായ ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തെ ബിസിനസ് മേഖലയെ വിലയിരുത്തിയത്.
രാജ്യത്ത് ജനസംഖ്യ വര്‍ധിച്ചു വരുന്നു. അതനുസരിച്ച് സാധനങ്ങളും സേവനങ്ങളും ആവശ്യമാണ്. അതുകൊണ്ടു തന്നെ വലിയ ബിസിനസ് സാധ്യതകളാണ്. ഇപ്പോള്‍ നടന്നു വരുന്ന അടിസ്ഥാന സൗകര്യവികസനങ്ങള്‍, നഗരവികസനങ്ങള്‍ ഇവയെല്ലാം ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കും. പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന തുറമുഖം, വികസനം നടന്നു വരുന്ന സാമ്പത്തിക മേഖലകള്‍, ദോഹയിലെ നഗരവികസനങ്ങള്‍ ഇവയെല്ലാം രാജ്യത്ത് അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
എണ്ണവിലയിടിവു സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് സ്വകാര്യ മേഖലാ ബിസിനസ് സംരംഭങ്ങള്‍ക്കു സാധിക്കും. സര്‍ക്കാര്‍ പിന്തുണയില്ലാതെ തന്നെ സ്വകാര്യ മേഖല പര്യാപ്തത കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ വലിയ പദ്ധതികള്‍ വരുന്നു. തങ്ങള്‍ക്കും പദ്ധതികളുണ്ടെന്ന് അല്‍ ഫൈസല്‍ ഹോല്‍ഡിംഗ് ചെയര്‍മാനായ അദ്ദേഹം പറഞ്ഞു.
എണ്ണവിലക്കുറവ് ഖത്വറിനെ സാരമായി ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രതീക്ഷിച്ചപോലെ തന്നെ രാജ്യത്തെ സാമ്പത്തികനില ഉയരും. വരുമാനമാര്‍ഗങ്ങളെ വൈവിധ്യവത്കരിക്കാനുള്ള നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖല പ്രധാന ഘടകമാണ്. രാജ്യത്തെ സാമ്പത്തിക രംഗത്ത് വന്‍ സ്വാധീനം ചെലുത്തുന്നത് നമുക്കു വരും വര്‍ഷങ്ങളില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

Latest