Connect with us

Qatar

ദ്യോക്കോവിച്ചും നദാലും ക്വാര്‍ട്ടറില്‍

Published

|

Last Updated

ദോഹ: എക്‌സോണ്‍ മൊബീല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും മുന്‍ചാമ്പ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും ക്വാര്‍ട്ടര്‍ ഫൈനലില്‍. ലോക റാങ്കിംഗില്‍ 49ാം സ്ഥാനത്തുള്ള സ്‌പെയിന്‍ താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെയാണ് ദ്യോക്കോവിച്ച് തേല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. വെര്‍ഡാസ്‌കോ ദ്യോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അനായാസമായിട്ടായിരുന്നു സെര്‍ബിയന്‍ താരം ക്വാര്‍ട്ടറിലേക്കെത്തിയത്. ഒരു മണിക്കൂര്‍ ഒമ്പതു മിനിട്ടു നീണ്ട മത്സരത്തില്‍ 62, 62 എന്ന സ്‌കോറിനായിരുന്നു ദ്യോക്കോവിച്ചിന്റെ വിജയം. കഴിഞ്ഞ വര്‍ഷവും ഖത്വറില്‍ മത്സരിക്കാനെത്തിയിരുന്നു.
ഹോളണ്ടിന്റെ ലോക 66ാം നമ്പര്‍ താരം റോബിന്‍ ഹാസെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് നദാല്‍ അവസാന എട്ടില്‍ ഇടം നേടിയത്. നദാലിന്റെ പവര്‍ ടെന്നീസിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഹാസേക്കായില്ല. ഒരു മണിക്കൂര്‍ ആറു മിനുട്ട് നീണ്ട മത്സരത്തില്‍ 63, 62 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം. ടൂര്‍ണമെന്റിലെ ഏഴാം സീഡും ലോകറാങ്കിംഗില്‍ 31ാം സ്ഥാനത്തമുള്ള ഫ്രാന്‍സിന്റെ ജെറിമി ചാര്‍ഡി, എട്ടാം സീഡ് അര്‍ജന്റീനയുടെ ലിയനാര്‍ഡോ മയേര്‍, ഒന്നാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ ഡേവിഡ് ഫെററിനെ അട്ടിമറിച്ച ഉക്രെയ്‌നിന്റെ ഇല്ല്യ മാര്‍ഷെങ്കോ, റഷ്യയുടെ ആന്ദ്രെ കുസ്‌നെറ്റ്‌സോവ് എന്നിവരും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നാലുപേരും എതിരാളികളെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്വന്തം നാട്ടുകാരനായ പോള്‍ ഹെന്റി മതിയേവുവിനെയാണ് ചാര്‍ഡി പരാജയപ്പെടുത്തിയത്, സ്‌കോര്‍ 62, 64. സ്‌പെയിനിന്റെ പാബ്ലോ ആന്‍ദുജാറിനെയാണ് മയേര്‍ കീഴടക്കിയത്, സ്‌കോര്‍ 62, 64.
അട്ടിമറിവീരന്‍ മാര്‍ഷെങ്കോയുടെ എതിരാളി റഷ്യയുടെ തെയ്മുറാസ് ഗബാഷ്‌വില്ലിയായിരുന്നു. ഒന്നാം റൗണ്ടിലെ മികവ് തുടര്‍ന്നപ്പോള്‍ 62, 64 എന്ന സ്‌കോറിന് വിജയം മാര്‍ഷെങ്കോയ്‌ക്കൊപ്പം നിന്നു. ലിത്വാനിയയുടെ റിക്കാര്‍ഡാസ് ബെറാന്‍കിസിനെയാണ് കുസ്‌നെറ്റ്‌സോവ് മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും രണ്ടാം സെറ്റ് അനായാസം റഷ്യന്‍താരം സ്വന്തമാക്കി. സ്‌കോര്‍ 76,61.

---- facebook comment plugin here -----

Latest