Connect with us

Gulf

സിവില്‍ ഡിഫന്‍സ് ശില്‍പശാലക്ക് ശൈഖ് സൈഫ് നേതൃത്വം നല്‍കി

Published

|

Last Updated

ദുബൈയില്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ ശില്‍പശാലയില്‍ ഉപപ്രധാനമന്ത്രിയും
ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സംസാരിക്കുന്നു

ദുബൈ: സിവില്‍ ഡിഫന്‍സ് വിഭാഗം സംഘടിപ്പിച്ച പ്രത്യേക ശില്‍പശാലക്ക് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നേതൃത്വം നല്‍കി. പുതുവത്സര തലേന്ന് ദുബൈ ഡൗണ്‍ടൗണിലെ അഡ്രസ് ഹോട്ടല്‍ കെട്ടിടത്തിലുണ്ടായ തീയണക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനായിരുന്നു സിവില്‍ ഡിഫന്‍സ് ദുബൈയില്‍ പ്രത്യേക ശില്‍പശാല സംഘടിപ്പിച്ചത്.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു ശില്‍പശാല. തീപിടിച്ച ഹോട്ടല്‍ സമുച്ചയത്തിലേക്ക് സിവില്‍ ഡിഫന്‍സ് സംഘം എത്തിയതുമുതല്‍ ദൗത്യം പൂര്‍ത്തീകരിക്കുന്നതിനിടയിലുള്ള മുഴുവന്‍ നീക്കങ്ങളും തലനാരിഴകീറി വിശകലനം ചെയ്യുകയാണ് ശില്‍പശാലയുടെ ലക്ഷ്യം. ഇത്തരം സംഭവങ്ങളാവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടതും ഫലപ്രദവുമായ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ സിവില്‍ ഡിഫന്‍സ് വിഭാഗത്തെ പ്രാപ്തമാക്കുകയെന്നതും ശില്‍പശാല ലക്ഷ്യംവെക്കുന്നു.
ആളപായം ഇല്ലാതിരുന്നതിനും മറ്റു ഭീകരമായ നാശനഷ്ടങ്ങളില്ലാതിരുന്നതിനും പിന്നില്‍ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ കഠിനാധ്വാനത്തിനുപുറമെ ഹോട്ടല്‍ അതിഥികളായ താമസക്കാരുടെ സഹകരണവും പ്രധാന കാരണമായിട്ടുണ്ടെന്ന് ശില്‍പശാല വിലയിരുത്തി. ഹോട്ടല്‍ അതിഥികള്‍ക്ക് ശൈഖ് സൈഫ് പ്രത്യേകം നന്ദി പറഞ്ഞു. സിവില്‍ ഡിഫന്‍സിന്റെ ഭാവി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഹോട്ടല്‍ അതിഥികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടുമെന്നും ശൈഖ് സൈഫ് പറഞ്ഞു.
സ്വന്തം ജീവന്‍ മറന്നും മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ പരിശ്രമിച്ച സിവില്‍ ഡിഫന്‍സ് സംഘാംഗങ്ങളെ ആഭ്യന്തര മന്ത്രി പ്രത്യേകം പ്രശംസിച്ചു. ആഭ്യന്തര മന്ത്രാലയ ഓഫീസ് മേധാവി മേജര്‍ ജനറല്‍ ഡോ. നാസിര്‍ ലക്‌രീബാനി അല്‍ നുഐമി, സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ മര്‍സൂഖി, ദുബൈ സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ റാശിദ് താനി അല്‍ മത്‌റൂശി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.