Connect with us

National

സാമൂഹിക സേവനം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സാമൂഹിക സേവനം മൗലിക അവകാശമല്ലെന്ന് സുപ്രീം കോടതി. ശബരിമലയില്‍ സാമൂഹിക സംഘടനകളുടെ അന്നദാനം തടഞ്ഞ ദേവസ്വം ബോര്‍ഡിന്റെ നടപടിയുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ എം വൈ ഇഖ്ബാല്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ചിന്റെ നിരീക്ഷണം.
ശബരിമലയില്‍ അന്നദാനം നടത്തുന്നതിന് സന്നദ്ധ സംഘടനകളെ വിലക്കിയ ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. അനുമതി തേടി ഹരജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി ഹരജികളില്‍ വേഗം തീര്‍പ്പുകല്‍പ്പിക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ശബരിമലയില്‍ അന്നദാനം നടത്തുന്നതില്‍ നിന്ന് സന്നദ്ധ സംഘടനകളെ വിലക്കിയ ദേവസ്വം ബോര്‍ഡിന്റെ നടപടി ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു.
ഇതിനെതിരെ തെലങ്കാനയില്‍ നിന്നുള്ള ഭാഗ്യനഗര്‍ അയ്യപ്പ സേവാസമിതി, ജ്യോതി സ്വരൂപ ഭക്തബൃന്ദം എന്നീ സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സാമൂഹിക സേവനം നടത്താനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ 25 വര്‍ഷമായി ശബരിമലയില്‍ അന്നദാനം നടത്തുന്നുണ്ടെന്നും ഇതുവരെ പരാതി ഉയര്‍ന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍, സാമൂഹിക സേവനം ഭരണഘടനാപരമായ അവകാശമല്ലെന്ന് കോടതി വ്യക്തമാക്കി. എന്തിനാണ് ഇവിടെ തന്നെ അന്നദാനം നടത്തണമെന്ന് ശഠിക്കുന്നതെന്നും ബഞ്ച് ചോദിച്ചു. രാജ്യത്ത് എവിടെയെല്ലാം പാവങ്ങള്‍ ഉണ്ടോ അവര്‍ക്കൊക്കെ ഭക്ഷണം നല്‍കാമല്ലോ എന്നും കോടതി വ്യക്തമാക്കി. ഇനി ഇവിടെ തന്നെ നടത്തണമെന്നുണ്ടെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാന ഫണ്ടിലേക്ക് സംഭാവന ചെയ്താല്‍ പോരേയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.
ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. തുടര്‍ന്ന് ഹരജി പിന്‍വലിച്ച് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുയായിരുന്നു.