Connect with us

International

വൃക്ക വ്യാപാരം; വിദ്യാര്‍ഥിയും സംഘവും അറസ്റ്റില്‍

Published

|

Last Updated

നല്‍ഗോണ്ട: കഴിഞ്ഞ 14 മാസത്തിനിടെ 15 വൃക്കകള്‍ നിയമവിരുദ്ധമായി കച്ചവടം നടത്തിയ വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെ തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ അറസ്റ്റ് ചെയ്തു. കശപരാജു സുരേഷ് (22) എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്. സംഭവത്തെ കുറിച്ച് നല്‍ഗോണ്ട പോലീസ് സൂപ്രണ്ട് വിക്രം ജീത് ദുഗ്രാല്‍ പറയുന്നതിങ്ങനെ: ഗോദാവരഗുദെം ഗ്രാമത്തിലെ തൊഴില്‍ രഹിതനും മദ്യപാനിയുമായിരുന്ന സുരേഷ്, ആഢംബര ജീവിതം നയിക്കുന്നതിനായി 2014 ഡിസംബറില്‍ സ്വന്തം വൃക്ക ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാഫിയക്ക് അഞ്ച് ലക്ഷം രൂപക്ക് വിറ്റു. ഇയാള്‍ പിന്നീട് ഈ മാഫിയയുടെ ഭാഗമായി മാറുകയും 15 വൃക്കകള്‍ അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. നിലവില്‍ കശപരാജു സുരേഷ് ഹൈദരാബാദില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് 15 വൃക്കകള്‍ കച്ചവടം നടത്തിയ കാര്യം മനസ്സിലാക്കിയത്. അഞ്ച് ലക്ഷം രൂപക്കാണ് ഇയാള്‍ വിവിധ ആളുകളില്‍ നിന്ന് വൃക്കകള്‍ വാങ്ങിയത്. നാല് പേര്‍ വീതം നല്‍ഗോണ്ട, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നും രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരാള്‍ വീതം മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും സുരേഷിന് വൃക്കകള്‍ വിറ്റു. ഇവരില്‍ സ്വീകരിച്ച വൃക്കകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് ശസ്ത്രക്രിയകളെല്ലാം തന്നെ നടത്തിയത് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളമ്പോയിലെ മൂന്ന് ആശുപത്രികളിലാണ്. ശസ്ത്രക്രിയ, വിസ, വിമാനക്കൂലി, താമസം എന്നിങ്ങനെ ഒരു വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 30 ലക്ഷം രൂപ വരെയാണ് ചെലവായിട്ടുള്ളത്. ഒരു ലക്ഷം രൂപയാണ് വൃക്ക ദാതാക്കളില്‍ നിന്ന് സുരേഷ് കമ്മീഷനായി വാങ്ങിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എസ് പി പറഞ്ഞു.