Connect with us

International

യമനിലെ ഇറാന്‍ എംബസിക്ക് നേരെ ആക്രമണം

Published

|

Last Updated

ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം സഊദി സഖ്യ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍

ടെഹ്‌റാന്‍: യമനിലെ സന്‍ആയിലുള്ള ഇറാന്‍ എംബസിക്ക് നേരെ ആക്രമണം. വ്യോമാക്രമണത്തില്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായി ഇറാന്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ സഊദിയാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം ഈ സംഭവം ശക്തിപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
യമനിലെ ഇറാന്‍ എംബസിക്ക് നേരെ സഊദി വ്യോമ സൈന്യം ആക്രമണം നടത്തിയെന്നും എംബസിയിലെ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കമെന്ന് അറബ് സഖ്യസൈന്യ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസ്സരി പ്രതികരിച്ചു.
നയതന്ത്ര സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന അന്താരാഷ്ട്ര നിര്‍ദേശങ്ങള്‍ സഊദി അറേബ്യ ലംഘിച്ചതായും വ്യോമാക്രമണത്തല്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതിന്റെ ഉത്തരവാദിത്വം സഊദിക്കാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുസൈന്‍ ജാബിര്‍ അന്‍സാരി വാദിച്ചു. എന്നാല്‍ എപ്പോഴാണ് എംബസിക്ക് നേരെ വ്യോമാക്രമണം നടന്നതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
യമനിലെ സന്‍ആയിലുള്ള ഹൂത്തികള്‍ ഉപയോഗിക്കുന്ന മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബുധനാഴ്ച രാത്രി വ്യോമാക്രമണം നടന്നിരുന്നു. സാധാരണക്കാര്‍ ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ ഹൂത്തികള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഉപേക്ഷിക്കപ്പെട്ട എംബസികള്‍ വരെ ഇതില്‍ ഉള്‍പ്പെടുമെന്നും സഊദി ചൂണ്ടിക്കാട്ടി. യമനിലെ മുഴുവന്‍ നയതന്ത്ര പ്രതിനിധികളെ കുറിച്ചും അവരുടെ കേന്ദ്രങ്ങളെ കുറിച്ചും നേരത്തെ തന്നെ സഊദി വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഹൂത്തികള്‍ നല്‍കിയ വിവരമനുസരിച്ച് സഊദിക്കെതിരെ ഇറാന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്നും സഊദി കൂട്ടിച്ചേര്‍ത്തു.
യമനിലെ അഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരായ ഹൂത്തികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം ആക്രമണം നടത്തുന്നതിനിടെ, ഇവര്‍ക്ക് അനുകൂലമായ നടപടികളാണ് ഇറാന്‍ സ്വീകരിക്കുന്നത്. ഇതില്‍ അസ്വാരസ്യം തുടരുന്നതിനിടെയാണ് ശിയാ പണ്ഡിതന്‍ നിംറിനെ ഭീകരവാദ കേസില്‍ സഊദി തൂക്കിലേറ്റിയത്. ഇതിനെ തുടര്‍ന്ന് ഇറാനിലെ സഊദി എംബസി ആക്രമിക്കപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിലാണ് ഇറാന്‍ എംബസിക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.