Connect with us

Malappuram

മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചു വിജയിക്കുന്നുവെന്ന് ആരോപിച്ചവര്‍ സ്വയം തിരുത്തുന്നു: മുഖ്യമന്ത്രി

Published

|

Last Updated

തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ കുട്ടികള്‍ കോപ്പിയടിച്ചാണ് വിജയിക്കുന്നതെന്ന് പറഞ്ഞവര്‍ അത് സ്വയം തിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി എസ് എം ഒ കോളജില്‍ എജ്യൂക്കേഷണല്‍ പ്രിപാന്‍സ് ആന്റ് യൂനിവേഴ്‌സിറ്റി എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല നിലവില്‍ വന്നിരുന്ന കാലത്ത് വളരെ പിന്നാക്കമായിരുന്നുവെങ്കിലും പിന്നീട് ഈ രംഗത്ത് കുതിച്ചു ചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് മലപ്പുറം മറ്റു ജില്ലകള്‍ക്ക് മുന്നിലാണ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ഉന്നത കോഴ്‌സുകള്‍ നേടുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷതവഹിച്ച മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് “ജം” (ഗ്ലോബല്‍ എജ്യുക്കേഷന്‍ ഹബ്ബ്) എന്ന പേരില്‍ സെമിനാര്‍ നടക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിലേയും സംസ്ഥാനങ്ങളിലേയും ഉന്നത കലാലയങ്ങളിലെ അധികാരികള്‍ ഇതില്‍ സംബന്ധിക്കുകയും കേരളവുമായി കരാറില്‍ ഒപ്പുവെക്കുകയും ചെയ്യുമെന്നും മന്ത്രി അബ്ദുറബ്ബ് അറിയിച്ചു. അഡ്വ. പി എം എ സലാം, എം കെ ബാവ ഡോ. പി,എം അലവിക്കുട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ, എം അബ്ദുറഹ്മാന്‍, സി എച്ച് മഹ്മൂദ്, പ്രൊഫ ശിബ്‌നു, പ്രൊഫ. പി എം സലാഹുദ്ദീന്‍ പ്രസംഗിച്ചു.

 

Latest