Connect with us

Gulf

പകര്‍ച്ചവ്യാധി തടയുന്നതിന് ഫ്രഞ്ച് സ്ഥാപനവുമായി കരാര്‍

Published

|

Last Updated

ആരോഗ്യമന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖഹ്താനിയും പ്രൊഫ. ക്രിസ്റ്റ്യന്‍ ബ്രിചോട്ടും കരാര്‍ ഒപ്പിട്ടശേഷം. ഫ്രഞ്ച് അംബാസിഡര്‍ എറിക് ഷെവലിയാര്‍ സമീപം

ദോഹ: പകര്‍ച്ചവ്യാധി, രോഗപ്രതിരോധം എന്നീ മേഖലകളില്‍ സഹകരണത്തിനും ഗവേഷണത്തിനും സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തും ഫ്രഞ്ച് സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് പാസ്ചറും കരാറായി. ആരോഗ്യമന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖഹ്താനിയും ഇന്‍സ്റ്റിറ്റിയൂട്ട് പാസ്ചര്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ക്രിസ്റ്റ്യന്‍ ബ്രിചോട്ടുമാണ് ഫ്രഞ്ച് അംബാസിഡര്‍ എറിക് ഷെവലിയാറുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവെച്ചത്.
പൊതുജനാരോഗ്യ വകുപ്പ്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്വര്‍ ഫൗണ്ടേഷന്‍, ഖത്വര്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കരാര്‍. ആരോഗ്യ സേവന മേഖലയിലെ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം തുടങ്ങിയവയില്‍ സഹകരണം മെച്ചപ്പെടുത്താന്‍ കരാറിലൂടെ സാധിക്കും. ലോകത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നായ ഇന്‍സ്റ്റിറ്റിയൂട്ട് പാസ്ചറുമായി അന്താരാഷ്ട്രതലത്തില്‍ ബന്ധം സ്ഥാപിക്കുന്നത് എസ് സി എച്ചിന് അഭിമാനാര്‍ഹമാണെന്ന് മന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖഹ്താനി പറഞ്ഞു. മേഖലയുടെ സവിശേഷമായ പ്രാധാന്യം കണക്കിലെടുത്ത് ഖത്വര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്വര്‍ നാഷനല്‍ റിസര്‍ച്ച് ഫണ്ട് എന്നിവയുടെ ഡയറക്ടര്‍മാറുമായി പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധര്‍ പാരീസില്‍ വെച്ച് നടത്തിയ ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളിച്ചാണ് കരാര്‍ തയ്യാറാക്കിയതെന്ന് പ്രൊഫ. ബ്രിചോട്ട് പറഞ്ഞു. മെര്‍സ് കൊറോണ വൈറസ് അടക്കമുള്ള പ്രധാന പകര്‍ച്ചവ്യാധി രോഗങ്ങളെ ആസ്പദമാക്കി മാര്‍ച്ചിലും ജൂണിലും രണ്ട് പരിശീലന പരിപാടികള്‍ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കും. ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാം. അദ്ദേഹം പറഞ്ഞു.
പാരീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ ആണ് ഇന്‍സ്റ്റിറ്റിയൂട്ട് പാസ്ചര്‍. ഗവേഷണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാങ്കേതികവിദ്യാ കൈമാറ്റം, വ്യവസായിക പങ്കാളിത്തം എന്നിവയിലൂടെയുള്ള ശാസ്ത്രീയ ഗവേഷണത്തിന്റെ മൂല്യം പരിപോഷിപ്പിക്കുക എന്നിവയാണ് അടിസ്ഥാനതത്വങ്ങള്‍.

---- facebook comment plugin here -----

Latest