Connect with us

Gulf

എഴുത്തുകാരുടെ നിശബ്ദത ഫാസിസ്റ്റ് ചാരപ്പണി: ഉണ്ണി ആര്‍

Published

|

Last Updated

ദോഹ: ഫാസിസ്റ്റ് അസഹിഷ്ണുതക്കെതിരെ നിശബ്ദത പുലര്‍ത്തുന്നവര്‍ക്ക് ബോധപൂര്‍വമോ മതപരമോ ആയ താത്പര്യങ്ങള്‍ ഉണ്ടാകാമെന്നും ഇത് ഫാസിസത്തിന് വേണ്ടി നടത്തുന്ന ഒരു തരം ചാരപ്പണിയാണെന്നും കഥാകൃത്ത് ഉണ്ണി ആര്‍. ജാതീയതയും സവര്‍ണതയും മിക്കവരിലും ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് മറനീക്കി പുറത്തുവരുന്നു എന്നതാണ് പുതിയ കാലത്തെ പ്രത്യേകത. ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ എസ് എസിനെ വിമര്‍ശിച്ച് 2008ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം ഇപ്പോഴായിരുന്നുവെങ്കില്‍ താന്‍ കൊല്ലപ്പെടുമായിരുന്നു. ചെറുപ്രായത്തിലാണ് ആര്‍ എസ് എസുമായി ബന്ധപ്പെട്ടത്. പഠനകാലത്ത് ലോകം തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് ആര്‍ എസ് എസ് കുത്തിവയ്ക്കുന്ന വിഷം മനസ്സിലായതെന്ന് അദ്ദേഹം അനുഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു. അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കുന്നതും ഒരു പ്രതിഷേധ രീതിയാണ്. അതുകൊണ്ട് നിരവധി അവാര്‍ഡുകള്‍ നരേന്ദ്ര മോദിക്ക് ഈ കാലത്ത് ലഭിച്ചു. ഇത് രാജ്യത്തെ അസഹിഷ്ണുത പുറംലോകം അറിയാനും കാരണമായി. സര്‍ഗസൃഷ്ടികള്‍ ഫാസിസ്റ്റു വിരുദ്ധമാകണം എന്നു നിര്‍ബന്ധിക്കാന്‍ കഴിയില്ല. അപ്പോള്‍ അതിന്റെ സ്വഭാവം മാറിപ്പോകും. എന്നാല്‍ ഒരാള്‍ക്ക് തന്റെ സൃഷ്ടിയില്‍ ആശയം പറഞ്ഞു കൂടെന്നില്ല.
വായനയില്ലാതായ കേരളം, വായന തിരിച്ചു വന്ന കേരളം പോലുള്ള പ്രചാരണങ്ങള്‍ വ്യാജമാണ്. വായിക്കുന്ന സമൂഹം എന്നും ന്യൂനപക്ഷമാണ്. നല്ല സൃഷ്ടികള്‍ കിട്ടാതിരിക്കുമ്പോള്‍ അവര്‍ പഴയ പുസ്തകങ്ങളെടുത്ത് വായിക്കും. പുതിയ പ്രചാരണങ്ങള്‍ മാര്‍ക്കറ്റിംഗിന്റേതാണ്. അവാര്‍ഡ് കിട്ടിയ പുസ്തകം വാങ്ങി ഷെല്‍ഫില്‍ വെക്കല്‍ ഒരു ട്രെന്‍ഡാണ്. വിപണിയുടെ ഉത്സവമാണിപ്പോള്‍ നടക്കുന്നത്. അവിടെ പുസ്തകവും ഒരു പ്രോഡക്ടാണ്. വിറ്റുപോകുന്നവ മഹത്തായ കൃതിയാകണം എന്നില്ല. വിറ്റഴിക്കപ്പെടാത്ത മികച്ച കൃതികളും ഉണ്ടായിട്ടുണ്ട്.
സൃഷ്ടിയുടെ മികവ് വായനക്കാരനാണ് തീരുമാനിക്കേണ്ടത്. മേതിലിനെയോ വി കെ എന്നിനെയോ വായിക്കുക അത്ര എളുപ്പമല്ല. എന്നാല്‍, എം ടിയെ വായിക്കാന്‍ എളുപ്പമാണ്. പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള രചനകള്‍ ആനന്ദ് നേരത്തേ തുടങ്ങിവെച്ചതാണ്. കെ ആര്‍ മീരയും ടി ഡി രാമകൃഷ്ണനുമൊന്നും അന്യനാടുകളുടെ കഥ പറയുന്നതില്‍ അസാംഗത്യമില്ല. നോവലുകള്‍ പലവിധമുണ്ട്. ആടുജീവിതത്തെ നമുക്കു റിപ്പോര്‍ട്ടിംഗ് നോവല്‍ എന്നു വേണമെങ്കില്‍ വിളിക്കാം. എന്നാല്‍ ആ നോവലില്‍ ചില മനോഹരമായ നിമിഷങ്ങളുണ്ട്. മരുഭൂമിയില്‍ ഒറ്റപ്പെടുന്ന മനുഷ്യാവസ്ഥയെ അവതരിപ്പിക്കുന്നതില്‍ നോവലിസ്റ്റിന്റെ കയ്യടക്കമുണ്ട്.
മലയാളത്തില്‍ എഴുത്ത് സജീവമാകുന്നു എന്നത് ആശാവഹമാണ്. എന്നാല്‍ സെന്‍സിറ്റീവ് ആയ ഒരു നോവല്‍ അടുത്ത കാലത്തുണ്ടായി എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഈയിടെ വന്ന ഒരു നോവലും എക്‌സൈറ്റഡ് ആക്കിയിട്ടില്ല. എഴുത്തുകാര്‍ പൊതുവേ നിരൂപണം നടത്താന്‍ ഭയപ്പെടാറുണ്ട്. താനും നടത്താറില്ല. നടത്തേണ്ട കാര്യമുണ്ടെന്നു തോന്നിയിട്ടില്ല. പൊതുവേ കണ്‍ഫര്‍ട്ട് സോണ്‍ ആഗ്രഹിക്കുകയാണ് സമൂഹമെന്നും അദ്ദേഹം പറഞ്ഞു.

Latest