Connect with us

Gulf

കഴിഞ്ഞ വര്‍ഷം അരക്കോടി ഫോണ്‍ ഇറക്കുമതി ചെയ്തു

Published

|

Last Updated

ദുബൈ: രാജ്യത്തെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ ഉണര്‍വുണ്ടായതായി കണക്കുകള്‍. 2014നെ അപേക്ഷിച്ച് രാജ്യത്തേക്ക് സ്മാര്‍ട് ഫോണ്‍ ഇറക്കുമതി ചെയ്തതില്‍ 20 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
2015ല്‍ യു എ ഇയില്‍ ഇറക്കുമതി ചെയ്തത് 4,90,000 സ്മാര്‍ട് ഫോണുകളാണെന്ന് പ്രമുഖ ടെക്‌നോളജി സേവന ദാതാക്കളായ ഐ ഡി സി സിസ്റ്റം ആന്‍ഡ് ഇന്‍ഫ്രാ സ്ട്രക്ചറിന്റെ സ്മാര്‍ട് ഫോണ്‍ ഗവേഷണ വിഭാഗം ഡയറക്ടര്‍ നബീല പോപല്‍ വ്യക്തമാക്കി. രാജ്യത്ത് ഇറക്കുമതി ചെയ്ത ഫോണുകളില്‍ 81 ശതമാനവും സ്മാര്‍ട് ഫോണുകളാണെന്നും നബീല വ്യക്തമാക്കി. പുതിയതും വ്യത്യസ്തവുമായ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകള്‍ രംഗത്തേക്ക് കടന്നതും വിപണിയില്‍ സംഭവിച്ച വിലക്കുറവും സ്മാര്‍ട് ഫോണിന്റെ ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കാനിടയാക്കിയതായും നബീല വെളിപ്പെടുത്തി.
അതോടൊപ്പം സാധാരണ മൊബൈല്‍ ഫോണുകളുടെ വില്‍പനയില്‍ പ്രാദേശിക വിപണിയില്‍ വന്‍കുറവ് രേഖപ്പെടുത്തിയതായും നബീല ചൂണ്ടിക്കാട്ടി. വിലക്കുറവും മറ്റും കാരണമായി ആവശ്യക്കാരധികവും സ്മാര്‍ട് ഫോണുകളിലേക്ക് തിരിഞ്ഞതാണ് സാധാരണ ഫോണുകളുടെ വിപണിയില്‍ ഇടിവിനിടയാക്കിയതെന്നും പഠനത്തില്‍ വ്യക്തമായതായി അവര്‍ പറഞ്ഞു. ഇവയുടെ ഇറക്കുമതിയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ കുറവ് രേഖപ്പെടുത്തിയതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
യു എ ഇയിലെ സ്മാര്‍ട് ഫോണ്‍ വിപണി പോയവര്‍ഷം വന്‍കുതിപ്പ് നടത്തിയതായി പ്രമുഖ ഓണ്‍ലൈന്‍ വില്‍പന സ്ഥാപനമായ സൂഖ് ഡോട്ട് കോം സി ഇ ഒ റൊണാള്‍ഡോ മശ്ഹൂറും വ്യക്തമാക്കി. ഒരാള്‍ തന്നെ ഒന്നിലധികം ഫോണുകള്‍ ഉപയോഗിക്കുന്ന പ്രവണത കൂടിയതാണ് ഇതിന്റെ പ്രധാന കാരണമായി റൊണാള്‍ഡോ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ മാറ്റുന്ന കാലപരിധിയില്‍ കുറവ് സംഭവിച്ചതും വില്‍പനയില്‍ വര്‍ധനവിന് കാരണമായതായി അദ്ദേഹം പറഞ്ഞു. 8-12 മാസത്തിലൊരിക്കല്‍ ഫോണ്‍ മാറ്റുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നത്. നേരത്തെ ഇത് 16-24 മാസമായിരുന്നു, റൊണാള്‍ഡോ വ്യക്തമാക്കി.