Connect with us

International

കൊറിയന്‍ അതിര്‍ത്തികളില്‍ വീണ്ടും ഉച്ചഭാഷിണി യുദ്ധം

Published

|

Last Updated

സിയൂള്‍: അതിര്‍ത്തിയില്‍ ഉച്ചഭാഷിണി വഴിയുള്ള ഉത്തര കൊറിയന്‍ വിരുദ്ധ പ്രചാരണം ദക്ഷിണ കൊറിയ പുനരാരംഭിച്ചു. അതിര്‍ത്തിയില്‍ ഉച്ചഭാഷിണി സ്ഥാപിച്ച് പരസ്പരം എതിര്‍പ്രചാരണം നടത്തുന്നത് രണ്ട് കൊറിയകളും കാലങ്ങളായി നടത്തി വരുന്നതാണ്. ഇടക്കു ഇത് നിര്‍ത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം ഇത് വീണ്ടും തുടങ്ങിയിരുന്നു. ഏതാനും മാസം തുടര്‍ന്ന പ്രചാരണം പിന്നീട് നിര്‍ത്തി. ഇതാണ് ദക്ഷിണ കൊറിയ പുനരാരംഭിച്ചത്. മേഖലയിലെ സംഘര്‍ഷ സ്ഥിതി കൂടുതല്‍ വഷളാക്കുന്നതാണ് പുതിയ നീക്കം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഹൈഡ്രജന്‍ ബോംബ് വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്ന പ്രസ്താവനയില്‍ ലോകരാജ്യങ്ങള്‍ ഉത്തര കൊറിയക്ക് മേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിടെയാണ് ദക്ഷിണ കൊറിയയുടെ ഈ നടപടി. പ്രദേശിക സമയം ഉച്ചതിരിഞ്ഞ് മൂന്നിനാണ് പ്രക്ഷേപണം തുടങ്ങിയത്. സൈനികരുടെ മേല്‍നോട്ടത്തിലാണ് പ്രക്ഷേപണം നടക്കുന്നത്.

കിം ജോംഗ് ഉന്നിന്റെ ആണവ പരീക്ഷണങ്ങളെ വിമര്‍ശിച്ചും ഇത് ജനങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയിലും എത്രത്തോളം ദോഷകരമായി ബാധിക്കുമെന്നും ഉച്ചഭാഷിണിയിലൂടെ പ്രക്ഷേപണം ചെയ്യുന്നതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. അതേ സമയം ദക്ഷിണ കൊറിയയുടെ ഈ നടപടിക്ക് മറുപടിയായി ഉത്തര കൊറിയയും അതിര്‍ത്തിയില്‍ ഉച്ചഭാഷിണി പ്രക്ഷേപണം തുടങ്ങിയതായി ദക്ഷിണ കൊറിയയുടെ യോംഗ്ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ റിപ്പോര്‍ട്ടുകളും ഉത്തര കൊറിയന്‍ സര്‍ക്കാറിനെ വിമര്‍ശിച്ചും 1950-53 കാലഘട്ടത്തിലെ കൊറിയന്‍ യുദ്ധങ്ങളുടെ ഭീതിജനകമായ ചിത്രങ്ങളുമെല്ലാം ഇടവിട്ടാണ് ദക്ഷിണ കൊറിയ പ്രക്ഷേപണം ചെയ്യുന്നത്. പത്തിടങ്ങളിലായാണ് ഉച്ചഭാഷിണി പ്രക്ഷേപണം തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം വഷളായതിന്റെ പ്രധാന കാരണം ഉച്ചഭാഷിണി പ്രക്ഷേപണമായിരുന്നു. ആഗസ്റ്റില്‍ ഉണ്ടാക്കിയ സമാധാന കാരാറിനെ തുടര്‍ന്നാണ് ദക്ഷിണ കൊറിയ പ്രക്ഷേപണം നിര്‍ത്തിവെച്ചത്.

Latest