Connect with us

Wayanad

ചെറുപുഴക്ക് കുറുകെ പുതിയൊരു പാലമെന്ന നാട്ടുകാരുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

മാനന്തവാടി: കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ ചെറുപുഴക്ക് കുറുകെ പുതിയൊരു പാലമെന്ന നാട്ടുകാരുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു.
മാനന്തവാടി നഗരസഭയേയും തവിഞ്ഞാല്‍ പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒഴക്കോടി ചെറുപുഴ പാലം ശിലാസ്ഥാപനം ഈ മാസം അവസാനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നിര്‍വ്വഹിക്കും. മന്ത്രി പികെ ജയലക്ഷ്മയുടെ കാര്യക്ഷമമായ ഇടപെടലിനെ തുടര്‍ന്നാണ് പാലം പുതുക്കി നിര്‍മ്മിക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയത്.നാല് കോടി എഴുപത് ലക്ഷം രൂപാ ചിലവിലാണ് പാലം പുനര്‍നിര്‍മ്മിക്കാന്‍ പോകുന്നത്.
ഇരുപത്തിരണ്ട് മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലും നിലവിലെ പാലത്തില്‍ നിന്ന് പതിനാറ് മീറ്റര്‍ ഉയര്‍ത്തിയുമാണ് പുതിയ പാലം നിര്‍മ്മിക്കുക. ജനുവരി പതിനാറാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. പതിനെട്ടിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. ചെറുപുഴ പാലം പുതുക്കി നിര്‍മ്മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. മഴക്കാലത്ത് പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. ഒഴക്കോടി,മക്കിക്കൊല്ലി, മുതിരേരി, കുളത്താട പ്രദേശങ്ങളിലുള്ളവര്‍ ഈ സമയങ്ങളില്‍ 12 കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിച്ചാണ് മാനന്തവാടിയിലെത്താറ്. എല്ലാ വര്‍ഷകാലത്തും ചെറുപുഴ പാലം വെള്ളത്തിനടിയിലാകുന്നതും വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ പ്രയാസത്തിലാകുന്നതും വാര്‍ത്തയാകും. കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കര്‍ഷകരും ബുദ്ധിമുട്ട് പേറാറുണ്ട്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ വര്‍ഷകാലത്ത് അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ക്കും വിരാമമാകും. കോഴിക്കോട്ടേക്കുള്ള എളുപ്പമാര്‍ഗമായതിനാല്‍ ഇതുവഴി കെ എസ് ആര്‍ ടി സി സര്‍വ്വീസും ആരംഭിച്ചിട്ടുണ്ട്.

Latest