Connect with us

Kerala

ആളും തരവുമറിഞ്ഞ് പെരുമാറാന്‍ നേതാക്കള്‍ പഠിക്കണമെന്ന് വിഎം സുധീരന്‍

Published

|

Last Updated

പേരാമ്പ്ര: ആളും തരവുമറിഞ്ഞ് പെരുമാറാന്‍ നേതാക്കള്‍ പഠിക്കണമെന്നും, പൊതു വേദികള്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുതെന്നും കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്‍. ജനരക്ഷാ യാത്രക്ക് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല തവണയായി കേരള കോണ്‍ഗ്രസ് മല്‍സരിച്ച് പരാജയപ്പെടുന്ന പേരാമ്പ്ര നിയോജക മണ്ഢലം കോണ്‍ഗ്രസിന് വിട്ട് നല്‍കണമെന്ന് പുതുതായി ഡിസിസി സെക്രട്ടരി സ്ഥാനം ലഭിച്ച ഇ.അശോകന്റെ പരാമര്‍ശമാണ് സുധീരനെ പ്രകോപിപ്പിച്ചത്. സമ്മേളനത്തില്‍ ക്ഷണിതാവായെത്തിയ കേരള കോണ്‍ഗ്രസ് (എം) യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടും, കഴിഞ്ഞ തവണ പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയും ചെയ്ത അഡ്വ: മുഹമ്മദ് ഇക്ബാല്‍ വേദിയിലിരിക്കെയാണ് അശോകന്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇക്ബാല്‍ ഇറങ്ങിപ്പോകാനായി എഴുന്നേറ്റെങ്കിലും സുധീരനും, മറ്റ് നേതാക്കളും അനുനയിപ്പിച്ച് ഇരുത്തുകയായിരുന്നു. ഇതിന് ശേഷം തന്റെ ഊഴമെത്തിയപ്പോഴാണ് സുധീരന്‍, വാക്കും, നാക്കുമുപയോഗിച്ച് ഡിസിസി സെക്രട്ടരിയെ കണക്കിന് പ്രഹരിച്ചത്. തുടര്‍ന്ന് സിപിഎം, ബിജെപി കക്ഷികളുടെ നിലപാടുകള്‍ക്കെതിരേയും സുധീരന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.ശങ്കരന്‍, കെ.സി. അബു, എന്‍. സുബ്രഹ്മണ്യന്‍, എം.കെ. രാഘവന്‍ എം.പി, സുമാ ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ് സംബന്ധിച്ചു.