Connect with us

Gulf

തേന്‍ ഫെസ്റ്റിവലുകള്‍ക്ക് തുടക്കമായി

Published

|

Last Updated

ദോഹ: പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച തേന്‍ ഫെസ്റ്റിവല്‍ തുടങ്ങി. വിവിധ ഭാഗങ്ങളിലായി നടക്കുന്ന തേനുത്സവം അല്‍ മസ്‌റൂഹയില്‍ ഇന്നലെ സമാപിച്ചു. വക്‌റ ശീതകാല മാര്‍ക്കറ്റില്‍ ഈ മാസം 14, 15 തീയതികളിലും അല്‍ ഖോര്‍ ദാഖിറയില്‍ 21, 22 തീയതികളിലും ഉത്സവം നടക്കും.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വിവിധയിനം തേനുകളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് മേളകളില്‍ നടക്കുന്നത്. തേന്‍ കര്‍ഷകരെ സഹായിക്കാന്‍ 2003ല്‍ ആരംഭിച്ച ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഫെസ്റ്റ്. പ്രാദേശികമായി ഉത്പാദിപ്പിച്ച തേനുകളാണ് മേളയിലെ സ്റ്റാളുകളില്‍ ലഭ്യമാക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് തേനുത്പാദനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനം 16 ടണ്‍ ആയിരുന്നു. ശമാല്‍, ശീഹാനിയ തേനീച്ച തോട്ടങ്ങളിലാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന തേനില്‍ ഭൂരിഭാഗവും സംഭരിക്കുന്നത്. സിദ്ര് മരങ്ങളിലെ പൂക്കളില്‍ നിന്നാണ് ഈച്ചകള്‍ തേന്‍ സംഭരിക്കുന്നത്. ഈ തേനുകള്‍ അതീവ ഔഷധഗുണമുള്ളതായി പറയുന്നു.
ഹണി ഫെസ്റ്റിവലില്‍ രാജ്യത്തിനകത്തെ 15 പ്രാദേശിക തോട്ടങ്ങള്‍ പങ്കെടുക്കുന്നുണ്ടെന്നും ലക്ഷ്യം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നും പരിസ്ഥിതി മന്ത്രാലയം കാര്‍ഷികവിഭാഗം ഡയറക്ടര്‍ യൂസുഫ് അല്‍ ഖുലൈഫി പറഞ്ഞു. 2003ല്‍ ആരംഭിച്ച പദ്ധതിയനുസരിച്ച് തേനീച്ച കര്‍ഷകര്‍ക്ക് കൂടുകളും സാങ്കേതിക പിന്തുണയും നല്‍കിവരുന്നുണ്ട്.
കര്‍ഷകര്‍ക്ക് ബദല്‍ വരുമാനമാര്‍ഗം കൂടിയാണിത്. പ്രാദേശിക തേനിന്റെ ഗുണമേന്മയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുള്ളതിനാല്‍ നല്ല വിപണിമൂല്യം ലഭിക്കുന്നു. തേന്‍ ശേഖരിക്കുന്ന പൂക്കളും മരങ്ങളും വ്യത്യാസപ്പെടുന്നതിനനുസരിച്ച് തേനിന്റെ നിറവും ഗുണവും വ്യത്യാസപ്പെടും.