Connect with us

National

മാന്‍ ഹോളില്‍ വീണതിന് ഒന്നര കോടി നഷ്ടപരിഹാരം വേണം

Published

|

Last Updated

മുംബൈ: കാര്‍ട്ടര്‍ റോഡ് പ്രദേശത്തെ മാന്‍ ഹോളില്‍ വീണ് ഗുരുതരമായി പരുക്കേറ്റ മുംബൈ നിവാസി ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനെതിരെ (ബി എം സി) ഒന്നര കോടി രൂപയുടെ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തു. നവംബര്‍ 29നാണ് അടച്ചിടാത്ത മാന്‍ഹോളിലൂടെ അഴുക്ക് ചാലില്‍ വീണ് വിജയ് ഹിന്‍ഗോര്‍നിയുടെ കാലിലെ അസ്ഥി ഒടിഞ്ഞത്. ശാരീരിക വിഷമതകള്‍ കാരണം ആറ് മാസം പൂര്‍ണ വിശ്രമമെടുക്കാന്‍ ഡോക്ടര്‍ വിജയിനെ ഉപദേശിച്ചിരിക്കുകയാണ്.
പരുക്കേറ്റതോടെ തനിക്ക് ജോലിക്കുള്ള അവസരം നഷ്ടപ്പെട്ടിരിക്കയാണെന്ന് വിജയ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഈ മാസം ഒന്നിന് ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ പുതിയ ജോലിക്ക് ചേരേണ്ടതായിരുന്നുവെന്നും മറ്റ് ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും ചേര്‍ന്ന് രണ്ടര ലക്ഷം രൂപ പ്രതിമാസ വേതനം വാഗ്ദാനം ചെയ്തിരുന്നുവെന്നും വിജയ് ഹരജിയില്‍ പറയുന്നു.
കോര്‍പറേഷന്റെ കുറ്റകരമായ അനാസ്ഥ കാരണം സംഭവിച്ച അപകടത്തില്‍ തനിക്കേറ്റ പരുക്കിന് ഒന്നര കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിജയുടെ ആവശ്യം. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും ശാരീരിക അവശതകാരണം ചികിത്സ തുടരേണ്ടതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.

Latest