Connect with us

National

വി ഐ പി ഇടപെടല്‍; വിമാനം ഏഴ് മണിക്കൂര്‍ വൈകി

Published

|

Last Updated

ഭോപാല്‍: വി ഐ പി ഇടപെടലിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം വൈകിയ സംഭവം വീണ്ടും. ഡല്‍ഹയില്‍ നിന്ന് ഭോപാലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് ഒരു മന്ത്രിക്ക് വേണ്ടി ഏഴ് മണിക്കൂറോളം വൈകിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പുറപ്പെട്ടത് ഇന്നലെ പുലര്‍ച്ചെ 2.30നായിരുന്നു. അതുവരെ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നു. ആദ്യമൊക്കെ വിമാനം 15 മിനുട്ട് വൈകുമെന്ന് പറഞ്ഞ വിമാനത്താവള അധികൃതര്‍, ചില പ്രത്യേക കാരണങ്ങളാല്‍ വിമാനം റദ്ദ് ചെയ്യുന്നുവെന്നായിരുന്നു പിന്നീട് അറിയിച്ചതെന്ന് അതില്‍ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാരനായ മനിന്ദര്‍ സിംഗ് പറഞ്ഞു. എന്നാല്‍, ഏതോ വി ഐ പിക്ക് വേണ്ടി വിമാനത്തിന്റെ സമയക്രമത്തില്‍ മനഃപൂര്‍വം മാറ്റം വരുത്തുകയായിരുന്നു എന്നാണ് ആരോപണം.
അതേസമയം, കനത്ത മൂടല്‍മഞ്ഞ് കാരണം പല ജീവനക്കാര്‍ക്കും കൃത്യസമയത്ത് ജോലിക്ക് ഹാജരാകാന്‍ കഴിയാത്തതിനാല്‍ എതാനും വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടിവരികയായിരുന്നെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം.