Connect with us

National

പഠാന്‍കോട്ട് ഭീകരാക്രമണം: രണ്ട് പേര്‍ കൂടി നിരീക്ഷണത്തില്‍; പാക് അന്വേഷണത്തിന് അമേരിക്ക പിന്തുണ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണ കേസില്‍ എന്‍ ഐ എ അന്വേഷണം പുരോഗമിക്കുന്നു. വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് താവളത്തിനകത്തു നിന്ന് സഹായം ലഭിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അന്വേഷണ സംഘം പ്രത്യേകം നിരീക്ഷിക്കും. സഹായം കിട്ടിയോ എന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണിത്. സൈനിക രഹസ്യം പാക് ചാരസംഘടനക്ക് ചോര്‍ത്തിനല്‍കിയ കേസില്‍ അറസ്റ്റിലായ കെ കെ രഞ്ജിത്തുമായി നിരന്തരം സംസാരിച്ച രണ്ട് വ്യോമസേനാ ജീവനക്കാരെയാണ് എന്‍ ഐ എ പ്രത്യേകം നിരീക്ഷിക്കുന്നത്. ഇരുവരെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു.

ഭീകരരെ വധിച്ചശേഷം വ്യോമസേനാ താവളം പൂര്‍ണമായും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതായി വ്യോമസേന അറിയിച്ചിട്ടുണ്ടെങ്കിലും വ്യോമത്താവളത്തിലേക്ക് പ്രവേശിച്ച ഭീകരരുടെയും കൊല്ലപ്പെട്ടവരുടെയും എണ്ണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. ഭീകരര്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ പാകത്തില്‍ താവളത്തിന്റെ ചുറ്റുമതിലിലെ ലൈറ്റ് കെടുത്തിയതും ദിശമാറ്റിയതും ആരെന്നതും അന്വേഷിക്കുന്നുണ്ട്. പഠാന്‍കോട് വ്യോമത്താവളത്തില്‍ ജോലി ചെയ്യുന്നതിനിടെ ചാരപ്പണിക്ക് പിടികൂടിയ ഉദ്യോഗസ്ഥനെയും ഭട്ടിന്‍ഡ വ്യോമത്താവളത്തില്‍ ജോലി ചെയ്യുന്നതിനിടെ കുടുംബസമേതം പാക്കിസ്ഥാനിലേക്ക് പോയി പിന്നീട് കാണാതായ വ്യക്തിയെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.

ഭീകരാക്രമണത്തില്‍ സിഖ് തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നതും ഡല്‍ഹി പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയന്ത് സിംഗിനെ വധിച്ച കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ജഗ്താര്‍ സിംഗ് ഹവാരയുടെ വക്താവ് ഹമിന്ദ സിംഗ് അലുവാലിയയെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ചോദ്യം ചെയ്തു. എന്നാല്‍, തനിക്ക് മൊബൈല്‍ സന്ദേശം അയച്ച സൈനികനെ ഉപയോഗിച്ച് തന്നെ കുടുക്കാനുള്ള ശ്രമമാണിതെന്ന് അലുവാലിയ പറഞ്ഞു.

അതേസമയം ഭീകരാക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച പാകിസ്താന് അമേരിക്ക പിന്തുണ അറിയിച്ചു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. അന്വേഷണം വേഗത്തില്‍ നടത്തുമെന്നും യാഥാര്‍ത്ഥ്യം ഉടന്‍ പുറത്തുകൊണ്ടുവരുമെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ശരീഫിനെ വിളിച്ച് പിന്തുണ അറിയിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. അന്വേഷണം ദ്രുതഗതിയിലാണെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും നവാസ് കെറിയെ അറിയിച്ചതായും ഓഫീസ് വ്യക്തമാക്കി.