Connect with us

Kerala

സുധീരനെതിരെ രൂക്ഷ വിമര്‍ശവുമായി മുല്ലപ്പള്ളി;'സുധീരന്റെ ലക്ഷ്യം മൂന്നാം ഗ്രൂപ്പ്'

Published

|

Last Updated

കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെതിരെ രൂക്ഷ വിമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി. പാര്‍ട്ടിയില്‍ മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കുകയാണ് സുധീരന്റെ ലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇതിനുവേണ്ടിയാണ് അദ്ദേഹം ജനരക്ഷായാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സുധീരന്റെ ജനരക്ഷായാത്രയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍നിന്ന് മുല്ലപ്പള്ളി വിട്ടുനിന്നത് വിവാദമായതിന് പിന്നാലെയാണ് മുല്ലപ്പള്ളി സുധീരനെതിരെ രംഗത്തെത്തിയത്.

ജനരക്ഷായാത്രയില്‍ നിന്ന് വിട്ടുനിന്നത് മന:പൂര്‍വമാണ്. ഒന്നിനും കൊള്ളാത്തവരെ സുധീരന്‍ ഡിസിസികളില്‍ തിരുകിക്കയറ്റി. പാര്‍ട്ടി പുന:സംഘടനയില്‍ തന്നെ പൂര്‍ണമായും അവഗണിച്ചു. ഒരു പ്രാദേശിക നേതാവിന് നല്‍കുന്ന പരിഗണന പോലും തനിക്ക് നല്‍കിയില്ല. തന്നെ വേണ്ടാത്ത പാര്‍ട്ടിക്കാര്‍ക്കൊപ്പം ജനരക്ഷായാത്ര നടത്താന്‍ താല്‍പര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്നലെയാണ് മുല്ലപ്പള്ളിയുടെ മണ്ഡലമായ വടകര ഉള്‍പ്പെടെയുള്ള കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങളില്‍ ജനരക്ഷായാത്രക്ക് സ്വീകരണം നല്‍കിയത്. സ്ഥലത്ത് ഉണ്ടായിട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

അതേസമയം മുല്ലപ്പള്ളി പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച ആയതിനാല്‍ ഇന്ന് ജനരക്ഷായാത്രയില്ല. വടകരയിലാണ് സുധീരന്‍ വിശ്രമിക്കുന്നത്. നാളെയാണ് ജില്ലയില്‍ ജനരക്ഷായാത്ര പര്യടനം പൂര്‍ത്തിയാക്കുന്നത്.

Latest