Connect with us

Ongoing News

ഇസില്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യശക്തികള്‍: സഖ്‌റാന്‍

Published

|

Last Updated

കോഴിക്കോട്: പശ്ചിമേഷ്യയിലും മറ്റും ഭീകരാക്രമണം നടത്തുന്ന തീവ്രവാദ സംഘടനകള്‍ക്ക് പിന്നില്‍ ബാഹ്യ ശക്തികളാണെന്ന് അല്‍ റിയാള് അറബി പത്രത്തിന്റെ സീനിയര്‍ എഡിറ്ററും പ്രമുഖ അറബ് പത്രങ്ങളിലെ കോളമിസ്റ്റുമായ ശൈഖ് റാഷിദ് അല്‍ സഖ്‌റാന്‍ അഭിപ്രായപ്പെട്ടു . സിറാജ് ഓഫീസില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ ഖാഇദ, ഇസില്‍ പോലുള്ള തീവ്രവാദ സംഘടനകള്‍ക്കൊന്നും തദ്ദേശീയരില്‍ നിന്ന് കാര്യമായ പിന്തുണയില്ല. ബാഹ്യശക്തികളാണ് ഇവരെ നയിക്കുന്നത്. ഇസ്‌ലാമിന്റെ പേര് പറഞ്ഞ് അക്രമം കാട്ടുന്നവര്‍ മതത്തിന്റെ ചട്ടക്കൂടിന് പുറത്താണ്. മധ്യപൗരസ്ത്യ രാഷ്ട്രീയ വിദഗ്ധന്‍ കൂടിയായ സഖ്‌റാന്‍ പറഞ്ഞു.
ശാന്തിയും സമാധാനവും പുലര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്ന, വിശുദ്ധ ഗേഹങ്ങളുടെ നാടായ സഊദിയില്‍ പോലും ഭീതി പരത്താനാണ് തീവ്രവാദികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സമാധാനം അറബ് മേഖലയില്‍ നിലനില്‍ക്കണമെന്ന ശക്തമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സഊദി അറേബ്യ തീവ്രവാദികള്‍ക്കെതിരെ ഈയിടെ കടുത്ത ശിക്ഷാ നടപടി കൈക്കൊണ്ടത്. തീവ്രവാദ കേസുകള്‍ നീതിയുക്തമായി കൈകാര്യം ചെയ്യുകയും നീതിപൂര്‍വമായ വിചാരണ ഉറപ്പ് വരുത്തുകയും കുറ്റങ്ങള്‍ പൂര്‍ണമായും തെളിയിക്കപ്പെടുകയും ചെയ്ത ശേഷമാണ് 45 പേര്‍ക്കെതിരെ സഊദി കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയത്. തീവ്രവാദത്തെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുമെന്ന സഊദിയുടെ ഉറച്ച നിലപാടിനെ തുടര്‍ന്നാണിത്. എന്നാല്‍ വധശിക്ഷക്ക് വിധേയരാക്കപ്പെട്ടവരില്‍ ഇറാനികളുണ്ടെന്നതിന്റെ പേരില്‍ ഇറാനില്‍ സഊദി എംബസികളും മറ്റും ആക്രമിക്കപ്പെടുകയാണ്. സുന്നി – ശിയ സംഘര്‍ഷമാക്കി വഴിതിരിച്ചു വിടാനാണ് തീവ്രവാദികളുടെ ശ്രമം. മധ്യപൂര്‍വേഷ്യയിലെ മുപ്പത്തിനാല് രാജ്യങ്ങളെ യോജിപ്പിച്ച് തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനാണ് സഊദി ഭരണകൂടത്തിന്റെ ശ്രമം. ഈനീക്കത്തെ പിന്തുണക്കുകയാണ് ലോകരാഷ്ട്രങ്ങള്‍ ചെയ്യേണ്ടത്.
ഇസ്‌ലാമിന്റെ പേരുപറഞ്ഞാണ് ഇസിലും അല്‍ഖാഇദയും ആക്രമണം നടത്തുന്നതെങ്കിലും സമാധാനത്തിന്റെയും ശാന്തിയുടെയും മതമായ ഇസ്‌ലാമുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ല. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ കൊടും കുറ്റവാളികളും ക്രൂരന്മാരുമാണ്. ഇസ്‌ലാമിന്റെ പേര് പറഞ്ഞ് യുവാക്കളെ പറ്റിച്ച് കാര്യം നേടുകയാണ് ഈ കുറ്റവാളികള്‍ . മധ്യപൗരസ്ത്യ രാഷ്ട്രങ്ങളും ഗള്‍ഫും നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ആളുകളെ വഴിതിരിച്ചുവിടുകയാണ് ഈ അക്രമികള്‍ ചെയ്യുന്നത്.
മതേതര രാഷ്ട്രമായ ഇന്ത്യയിലെ ജനങ്ങള്‍ തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടാണെന്നും ഇതു കൊണ്ട് തന്നെ ഇന്ത്യയില്‍ തീവ്രവാദികള്‍ക്ക് വേരോട്ടം ലഭിക്കില്ലെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. പോയ നൂറ്റാണ്ടില്‍ ഇന്ത്യയെ കോളനിയാക്കിയ സാമ്രാജ്വത്വ ശക്തികള്‍ക്ക് ഇന്ത്യന്‍ ജനതയുടെ ഐക്യത്തിന്റെ കരുത്തു കൊണ്ടാണ് പിന്മാറേണ്ടി വന്നതെന്ന കാര്യം സ്മരണീയമാണ്.ഈ ഐക്യബലത്തില്‍ ഭാവിയിലും ഇന്ത്യ ഒറ്റക്കെട്ടായി നിലനില്‍ക്കുക തന്നെ ചെയ്യും. ഇന്ത്യക്കാരെ കുറിച്ച് അഭിമാനമുണ്ട്. അവര്‍ എടുത്തു ചാടില്ല. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുകയുമില്ല. ഇന്ത്യക്കാര്‍ വികസനത്തെയും പുരോഗതിയെയും കാംക്ഷിക്കുന്നു. ഒപ്പം എല്ലാവിഭാഗം ജനങ്ങളോടും സൗഹൃദം കാത്തു സൂക്ഷിക്കാനും ശ്രദ്ധിക്കുന്നു.
ഇന്ത്യയില്‍ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശൈഖ് അബൂബക്കര്‍ സമുദായത്തിന്റെ ക്ഷേമത്തിനായി ഏറ്റവും മഹത്തരമായ സേവനമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ നേതൃത്വം രാജ്യത്തിന് പൊതുവേയും സമുദായത്തിന് പ്രത്യേകിച്ചും ഭാവിയിലും ഗുണപ്രദമാണ്. പ്രബോധനപ്രവര്‍ത്തനങ്ങള്‍ സമാധാനപരമായി നടത്തുന്ന അദ്ദേഹം മാതൃകാപരമായ നേതൃത്വമാണ് വഹിക്കുന്നത്. സമുദായത്തിനും നാടിനും വേണ്ടി ത്യാഗം ചെയ്യുന്ന അദ്ദേഹം സമാധാന സഹവര്‍ത്തിത്വവും പരസ്പര സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന മതനേതാക്കളില്‍ മുന്‍നിരയിലാണെന്നും കിംഗ് സഊദ് യൂണിവേഴിസിറ്റിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ സഖ്‌റാന്‍ പറഞ്ഞു.
എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ഗഫൂര്‍, പി ആര്‍ ഒ എന്‍ പി ഉമര്‍ഹാജി എന്നിവരുടെ നേതൃത്വത്തില്‍ സിറാജില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

Latest