Connect with us

Organisation

ശരീഅത്തിനെതിരെയുള്ള കൈയേറ്റങ്ങളെ ചെറുക്കും: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: നിത്യജീവിതത്തില്‍ ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കേ ശരീഅത്തിനെ കുറിച്ച് തീര്‍പ്പ് പറയാന്‍ അവകാശമുള്ളൂവെന്നും ശരീഅത്തിനെതിരെയുള്ള ഏതുവിധ കൈയേറ്റങ്ങളെയും പണ്ഡിതരുടെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം ചെറുത്തുതോല്‍പ്പിക്കുമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് കോഴിക്കോട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ ഹുബ്ബുറസൂല്‍ (പ്രവാചകസ്‌നേഹ) പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു കാര്യത്തില്‍ ശരീഅത്തിനെ വിമര്‍ശിക്കുന്നവര്‍, ജീവിതത്തിന്റെ മറ്റു മേഖലകളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുന്നവരാണോ എന്നത് വിമര്‍ശനത്തിന്റെ ആധികാരികതയെ തീരുമാനിക്കുന്ന പ്രധാന മാനദാണ്ഡമാണ്. ഇസ്‌ലാം വിലക്കിയ പലിശ വാങ്ങുന്നവര്‍ക്കും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇസ്‌ലാമിന്റെ സ്ത്രീ നിലപാടുകളെ കുറിച്ച് തീര്‍പ്പ് പറയാന്‍ ധാര്‍മികമായി അവകാശമില്ല. സ്വന്തം സമ്പാദ്യത്തില്‍ നിന്നും പാവപ്പെട്ടവരുടെ അവകാശമായി ഇസ്‌ലാം കണക്കാക്കുന്ന നിര്‍ബന്ധ സകാത്ത് ഒരിക്കല്‍ പോലും കൊടുക്കാത്തവരാണ് മുസ്‌ലിം പേരുകളില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന പലരും. മതകീയ ജീവിതം പാലിക്കാത്തവരുടെ മതത്തെ കുറിച്ചുള്ള വിശദീകരണങ്ങളോ അഭിപ്രായങ്ങളോ മുസ്‌ലിംകള്‍ക്ക് ഗൗരവമായി എടുക്കാന്‍ തരമില്ല.
കവിതപോലെയോ നാടകം പോലെയോ മനസ്സിലാക്കുകയോ വിശദീകരിക്കുകയോ ചെയ്യേണ്ട ഒന്നല്ല ഇസ്‌ലാമിക നിയമങ്ങള്‍. രാഷ്ട്രീയപാര്‍ട്ടികളുടെ മാനിഫെസ്‌റ്റോ പോലെയുമല്ല മുസ്‌ലിംകള്‍ ഖുര്‍ആനെയും പ്രവാചകചര്യകളെയും മനസ്സിലാക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിനും ജ്ഞാനപാരമ്പര്യത്തിനും ഒരു രീതിശാസ്ത്രമുണ്ട്. ആ രീതി ശാസ്ത്രം സ്വീകരിക്കുന്നവരുടെ അഭിപ്രായങ്ങളെ മാത്രമേ മുസ്‌ലിംകള്‍ മുഖവിലക്കെടുക്കേണ്ടതുള്ളൂ. വ്യക്തിപരമായി മതത്തിന്റെ അടിസ്ഥാനപരമായ വിധിവിലക്കുകള്‍ പാലിക്കുന്നവരാവുക എന്നതാണ് ആ രീതി ശാസ്ത്രത്തിന്റെ അടിസ്ഥാനം. അല്ലാത്ത വിമര്‍ശനങ്ങള്‍ രീതി ശാസ്ത്രപരമായി തന്നെ ബലമില്ലാത്തതാണ്. കവിത പഠിച്ചവര്‍ കവിത പഠിപ്പിക്കട്ടെ, ന്യൂറോളജി പഠിച്ചവര്‍ രോഗികളെ ശുശ്രൂഷിക്കട്ടെ. മതം പഠിച്ചവര്‍ മതനിയമങ്ങളും പഠിപ്പിക്കട്ടെ. അല്ലാതെ മലയാള സാഹിത്യവും പത്രപ്രവര്‍ത്തനവും പഠിച്ചവരും പ്രൊഫഷനായി കൊണ്ട് നടക്കുന്നവരും ഖുര്‍ആനെ വിശദീകരിക്കാന്‍ നോക്കുന്നതും തലച്ചോറിനു ഓപ്പറേഷന്‍ നടത്താന്‍ നോക്കുന്നതും ഒരുപോലെ വിഡ്ഢിത്തമാണ്.
മുമ്പൊരിക്കല്‍ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ശരീഅത്ത് നിയമങ്ങള്‍ മാറ്റിയെഴുതണമെന്നു പറഞ്ഞു. താന്‍ വിശ്വസിക്കുന്ന, ഇസ്‌ലാമിനു പുറത്തുള്ള ഒരു പ്രത്യയ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആ ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവികമായും ഏതൊരാള്‍ക്കും പറയാവുന്ന കാര്യം മാത്രമായിരുന്നു അത്. പക്ഷേ, അതേ ആശയങ്ങളില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ പറയുന്നത് ശരീഅത്തില്‍ അല്ല പ്രശ്‌നം, അതിന്റെ ഇക്കാലത്തെ വിശദീകരണങ്ങളിലാണ് എന്നാണ്.
വൈരുധ്യം എന്നല്ലാതെ ഇതിനെ നാം എന്താണ് വിളിക്കുക? മനുഷ്യസമൂഹത്തിന്റെ ഇഹപര വിജയത്തിന് വേണ്ടിയാണ് അല്ലാഹു ഖുര്‍ആന്‍ ഇറക്കിയത് എന്ന വിശ്വാസം ഇവര്‍ക്കുണ്ടോ? ഇല്ലെങ്കില്‍ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കണം. മതപണ്ഡിതന്മാര്‍ നടത്തുന്ന ശരീഅത്ത് വിശദീകരണങ്ങളെ ചരിത്രവല്‍കരിക്കണം എന്ന് ആവശ്യപ്പെടുന്നവര്‍ ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനമായ ഖുര്‍ആനെയും പ്രവാചകനെയും കൂടി ചരിത്രവല്‍ക്കരിക്കാന്‍ തയ്യാറാകണം. അത്രയേ ഞങ്ങള്‍ പറയുന്നുള്ളൂ. അല്ലാതെ ഭാഗികമായി് മുസ്‌ലിംകളോടൊപ്പം കൂടി ഈ മതത്തെയും അതിന്റെ ചിഹ്നങ്ങളെയും വിമര്‍ശിക്കാം എന്ന നിലപാട് വിലപ്പോവില്ല- കാന്തപുരം പറഞ്ഞു.

Latest