Connect with us

Kerala

അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സമാപിച്ചു;രണ്ടാം ഭൂപരിഷ്‌കരണത്തിന് ആഹ്വാനം

Published

|

Last Updated

തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഭൂമി ഉറപ്പാക്കുന്നതിന് രണ്ടാം ഭൂരിപരിഷ്‌കരണം ഉള്‍പ്പടെയുള്ള ആശയങ്ങള്‍ മുന്നോട്ട് വച്ച് സി പി എം ആഭിമുഖ്യത്തില്‍ നടന്ന നാലാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ് സമാപിച്ചു. കേരള വികസനത്തിന് പുതിയ ആശയങ്ങള്‍ പങ്കുവെച്ചാണ് പഠന കോണ്‍ഗ്രസ് സമാപിച്ചത്. കര്‍ഷകരെ സംഘടിപ്പിക്കാനും കര്‍ഷകര്‍ക്ക് ഭൂനിയമ ഭേദഗതിയുടെ സഹായം ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. നീര്‍ത്തട സംരക്ഷണ സേന, സ്വന്തം ഊര്‍ജ കമ്പനി എന്നിവയും പ്രധാന നിര്‍ദേശങ്ങളാണ്. ജനകീയാസൂത്രണത്തിന്റെ രണ്ടാം പതിപ്പ് നടപ്പാക്കും. ഭരണപരിഷ്‌കാരങ്ങള്‍, 50,000 കോടിയുടെ പൊതുനിക്ഷേപം എന്നിവക്കും മുന്‍ഗണന നല്‍കും. ഖനനത്തിന് നിയന്ത്രണം, പശ്ചിമഘട്ട സംരക്ഷണം എന്നിവ നടപ്പാക്കണം. സ്ത്രീ സൗഹൃദ സംസ്ഥാനമാവുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വേണമെന്നും പഠനകോണ്‍ഗ്രസ് വിലയിരുത്തി.

വികസനത്തിനൊപ്പം കേരളത്തില്‍ അസമത്വവും വളര്‍ന്നെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സി പി എം പി ബി അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് പറഞ്ഞു. ഇതിന് തടയിടാന്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണ്. എല്‍ ഡി എഫ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലേ ഇത് സാധ്യമാവൂ. പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ചയും റബ്ബര്‍ മേഖലയിലെ പ്രതിസന്ധിയും നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചല്ലാതെ കേരളത്തിനു മുന്നോട്ടുപോവാനാവില്ല. തൊഴില്‍ മേഖലയിലടക്കം സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം. ബദല്‍ നയ സമീപനങ്ങളിലൂടെ പൊതുമേഖലയെ സംരക്ഷിക്കാനും കോര്‍പറേറ്റുകളെ ചെറുക്കാനും ശ്രമിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കു കൂട്ടുനില്‍ക്കുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ ആഗോള നിക്ഷേപക സംഗമം ഇതിന് ഉദാഹരണമാണ്. ഇത്തരം ശക്തികളെ എല്ലാ കാലത്തും ചെറുത്തു തോല്‍പിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. ഇതു തകര്‍ത്ത് സംസ്ഥാന സര്‍ക്കാരിനെ കോര്‍പറേറ്റ് സേവകരാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന് കേന്ദ്രവും കൂട്ടുനില്‍ക്കുകയാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
മതനിരപേക്ഷ സമൂഹത്തിന്റെ അടിത്തറയില്‍ മാത്രമേ കേരളത്തില്‍ വികസനമുണ്ടാവൂ എന്നും ആ അടിത്തറക്ക് വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അധ്യക്ഷത വഹിച്ച സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജാതിമത വിഭാഗങ്ങള്‍ ഭരണത്തില്‍ കൈ കടത്താനുള്ള പ്രയത്‌നം നടത്തിവരുന്നു. അതിന് അവസരം നല്‍കരുത്. സാമൂഹിക നീതിയില്‍ അധിഷ്ടിതമായ സമഗ്രവികസനമാണ് കേരളത്തില്‍ നടപ്പാവേണ്ടത്.
എല്ലാവര്‍ക്കും വീട്, വെള്ളം, വൈദ്യുതി, വസ്ത്രം, വിദ്യാഭ്യാസം ഇവ ഉറപ്പാക്കുന്ന ഒരു ഭരണമാണ് എല്‍ ഡി എഫ് ലക്ഷ്യമിടുന്നത്. സ്ത്രീപക്ഷ വികസന നയം ഇവിടെ നടപ്പാക്കണം. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സാമൂഹിക സുരക്ഷാ പദ്ധതികള്‍ വിപുലീകരിക്കണം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആറു മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത്. ഭരണപരിഷ്‌കരണം കൊണ്ടുമാത്രമേ ഈ അഴിമതി തുടച്ചുനീക്കാനാവൂ. അധികാര വികേന്ദ്രീകരണത്തിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ബഹുജന അഭിപ്രായം സ്വരൂപിച്ച് ഒരു വികസന നയത്തിന് രൂപം നല്‍കാനാണ് മുന്നണി ലക്ഷ്യമിടുന്നത്.
ഇതിനായി 140 മണ്ഡലങ്ങളിലും സെമിനാര്‍ നടത്തി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മാനിഫെസ്റ്റോ തയ്യാറാക്കുമെന്നും കോടിയേരി വ്യക്തമാക്കി. സാംസ്‌കാരിക മൂലധനം സമൂഹത്തില്‍ പിടിമുറക്കുന്നതിനെ പ്രതിരോധിക്കണമെന്ന് ആഹ്വാനം ചെയ്താണ് നാലാം പഠനകോണ്‍ഗ്രസ് സമാപിച്ചത്.

Latest