Connect with us

National

ഇന്ദിരയുടെ ഭരണം ബ്രിട്ടീഷുകാരെക്കാളും മോശമെന്ന് ബിഹാര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്

Published

|

Last Updated

പാറ്റ്‌ന: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഭരണം ബ്രിട്ടീഷുകാരെക്കാളും മോശമായിരുന്നുവെന്ന് ബീഹാര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്. ഈ പരാമര്‍ശത്തിനെതിരെ ഭരണകക്ഷി കൂടിയായ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. വിഷയം പാര്‍ട്ടിയിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുന്നിലും ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് ചന്ദന്‍ യാദവ് വ്യക്തമാക്കി.

ഇന്ദിരാ ഗാന്ധി ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ബ്രിട്ടീഷ് ഭരണത്തേക്കാള്‍ മോശമായിരുന്നു പലപ്പോഴും അവരുടെ ഭരണമെന്നും വെബ്‌സൈറ്റ് വിമര്‍ശിക്കുന്നു. ജയപ്രകാശ് നാരായണന്‍ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തി. ഇതിനെതിരെയാണ് ഇന്ദിരാ ഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജയപ്രകാശ് നാരായണനെ ഇല്ലാതാക്കാന്‍ ജയിലിലടക്കുകയും ചെയ്തു- സര്‍ക്കാര്‍ വെബ്‌സൈറ്റ് വിശദീകരിക്കുന്നു.

“ഇന്ദിരാ ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവാണ്. പ്രത്യേകിച്ച് ബീഹാറുകാര്‍ക്ക് ഇന്ദിരയെ മറക്കാന്‍ കഴിയില്ല. ബെല്‍ച്ചി സമരവും ഗരീബി ഗഠാവോ പ്രസ്ഥാനവും ബീഹാര്‍ ജനത ഒരിക്കലും മറക്കില്ല. ഇക്കാര്യങ്ങള്‍ ബീഹാറില്‍ ഇന്ദിരയെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ടെ”ന്നും ചന്ദന്‍ യാദവ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്ദിരയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തികച്ചും വസ്തുതാരഹിതവും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്. ഇതിനെതിരെ പാര്‍ട്ടി ശക്തമായി പ്രതിഷേധം അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് സൈറ്റില്‍ സംഭവിച്ചതെന്ന് അറിയില്ലെന്നും സത്യം പ്രതിഫലിക്കുമെന്നതാകണം വെബ്‌സൈറ്റെന്നും ജെ ഡി യു നേതാവ് നീരജ് കുമാര്‍ പ്രതികരിച്ചു. തനിക്ക് അതിനെകുറിച്ച് അറിയില്ലെന്നും പരിശോധനക്ക് ശേഷം വിശദീകരണം നല്‍കാമെന്നും വെബ്‌സൈറ്റുമായി ബന്ധപ്പെട്ട മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രത്യയായ അമൃത് പറഞ്ഞു.

Latest