Connect with us

Malappuram

പൊന്നാനി കോള്‍ മേഖലയില്‍ ബണ്ട് തകര്‍ച്ച തുടര്‍ക്കഥ

Published

|

Last Updated

ചങ്ങരംകുളം: പൊന്നാനി കോള്‍മേഖലയിലെ വിവിധ കോള്‍പടവുകളില്‍ സ്ഥിരം ബണ്ടുകളുടെ തകര്‍ച്ച പതിവാകുന്നു. ഈവര്‍ഷത്തെ പുഞ്ചകൃഷി ആരംഭിക്കാനിരിക്കെ അഞ്ചാമത്തെ ബണ്ടാണ് കഴിഞ്ഞദിവസം തകര്‍ന്നത്. കോള്‍മേഖലയിലെ കര്‍ഷകര്‍ക്ക് ആവശ്യമായ ജലം സംഭരിക്കുന്നതിനുവേണ്ടി കോടികള്‍ ചെലവഴിച്ച് കഴിഞ്ഞ വര്‍ഷം നിര്‍മിച്ച ബണ്ടുകളാണ് തുടര്‍ച്ചയായി തകര്‍ന്നുകൊണ്ടിരിക്കുന്നത്. ചെറവല്ലൂര്‍ തെക്കേകെട്ട്, നരണിപ്പുഴ കടുക്കുഴി, എടപ്പാള്‍ പുതുക്കോള്‍, കാട്ടകാമ്പാല്‍ താമരക്കോള്‍, നന്നംമുക്ക് തുരുത്തുമ്മല്‍ കോള്‍ പടവുകളിലെ ബണ്ടുകളാണ് ഈവര്‍ഷം തകര്‍ന്നത്.
ബണ്ടുതകര്‍ച്ചയെ തുടര്‍ന്ന് പൊന്നാനി കോള്‍ മേഖലയിലെ ആയിരത്തോളം ഏക്കര്‍ കൃഷിയിടത്തിലാണ് ഈവര്‍ഷം വെള്ളം കയറിയത്. 55 ലക്ഷത്തോളം രൂപയുടെ നാശ നഷ്ടമാണ് ഈവര്‍ഷത്തെ ബണ്ടുതകര്‍ച്ചയെ തുടര്‍ന്ന് നേരിടേണ്ടിവന്നത്. ബണ്ടുകള്‍ തകര്‍ന്ന് കൃഷിയിടം വെള്ളത്തിലായ ആയിരത്തോളം ഏക്കറില്‍ ഈ വര്‍ഷം കൃഷിയിറക്കാന്‍ കഴിയാത്തത് പൊന്നാനി കോള്‍മേഖലയിലെ ഈവര്‍ഷത്തെ നെല്ല് ഉത്പാദനത്തില്‍ വന്‍ കുറവുണ്ടാകുന്നതിന് കാരണമാകും. കൂടാതെ പമ്പിംഗ് വൈകിയ കാരണത്താല്‍ ചില കോള്‍ പടവുകളില്‍ ഈവര്‍ഷം കൃഷിയിറക്കേണ്ടെന്ന് കര്‍ഷകര്‍ തീരുമാനിച്ചതും ഉത്പാദനത്തെ സാരമായി ബാധിക്കും.
തകര്‍ന്ന ബണ്ടുകള്‍ യഥാസമയം പുനര്‍നിര്‍മിക്കാന്‍ കഴിയാത്തതിനാലാണ് ഇവിടെ കൃഷിയിറക്കാന്‍ കഴിയാത്തത്. ബണ്ടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് ആവശ്യമായ മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ബണ്ട് നിര്‍മാണം വൈകുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് തകര്‍ന്ന ബണ്ടുകള്‍ പുനര്‍നിര്‍മിക്കുന്നതിമ്പോലും ഇനിയും നടപടികളായിട്ടില്ല.
പൊന്നാനി കോള്‍മേഖലയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബണ്ടു നിര്‍മാണങ്ങളെകുറിച്ച് പരാതി ഉയരുന്നുണ്ട് രണ്ടും മൂന്നും തവണ പുനര്‍നിര്‍മിച്ച ബണ്ടുകള്‍ വീണ്ടും തകരുന്നതാണ് ബണ്ടു നിര്‍മാത്തെകുറിച്ച് ആശങ്കയുണ്ടാക്കുന്നത്.
കോള്‍മേഖലയില്‍ ഏങ്ങിനെ ബണ്ട് നിര്‍മിക്കാമെന്ന് ശാസ്ത്രീയമായി പടനം നടത്തി ഇതിന്റെ അടിസ്ഥാനത്തില്‍ ബണ്ട് നിര്‍മിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കോള്‍മേഖലയിലുള്ള പൂതച്ചേറ് എന്ന മണ്ണിന് മുകളില്‍ ശാസ്ത്രീയമായി ഒന്നും ചെയ്യാതെ ചുവന്ന മണ്ണ് നിരത്തി ബണ്ട് നിര്‍മിക്കുന്ന രീതിയാണ് നിലവില്‍ സ്വീകരിക്കുന്നത്.
വെള്ളത്തിന്റെ ഉയര്‍ന്ന തോതിലുള്ള ഭാരത്തെ താങ്ങാന്‍ പൂതച്ചേറിനും ഇതിനു മുകളില്‍ നിരത്തിയ ചുവന്ന മണ്ണിനും സാധിക്കാത്തതിനാലാണ് ബണ്ട് തകര്‍ച്ച തുടര്‍ക്കഥയാകുന്നത്. പൊന്നാനി കോള്‍മേഖലക്ക് അനുവദിച്ച 63 കോടിയില്‍ പകുതിയിലേറെ തുകയും ചെലവഴിച്ച് ബണ്ടുകള്‍ നിര്‍മിച്ചിരിക്കുകയാണ്. ഈ ബണ്ടുകളാണ് തകര്‍ന്നു കൊണ്ടിരിക്കുന്നത്.