Connect with us

International

പഠാന്‍കോട്ട് ഭീകരാക്രമണം: പാകിസ്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു;നാലുപേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി/ ഇസ്‌ലാമാബാദ്: പഠാന്‍കോട് ഭീകരാക്രമണ കേസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യക്ക് പാക്കിസ്ഥാന്‍ കൈമാറി. പഠാന്‍കോട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പാക്കിസ്ഥാനുമായുള്ള ബന്ധം കണ്ടെത്താന്‍ ഉന്നതതല അന്വേഷണ സംഘം രൂപവത്കരിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നിര്‍ദേശം നല്‍കിയതിനു പിന്നാലെ നാല് പേര്‍ പാക്കിസ്ഥാനില്‍ പിടിയിലാകുകയും ചെയ്തു.

ഭീകരാക്രമണ കേസില്‍ നടപടിയെടുത്തില്ലെങ്കില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്. ഇന്ത്യ നല്‍കിയ ഫോണ്‍ നമ്പറുകള്‍ കണ്ടെത്താനായില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കൈമാറിയത്.

ഗുരുദാസ്പൂര്‍ എസ് പി സല്‍വീന്ദര്‍ സിംഗ്, സുഹൃത്തും വ്യാപാരിയുമായ രാജേഷ് വര്‍മ, ഭീകരര്‍ കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ എന്നിവരില്‍ നിന്ന് തട്ടിയെടുത്ത ഫോണുകളില്‍ നിന്നാണ് ഭീകരര്‍ സൂത്രധാരന്മാരുമായി സംസാരിച്ചത്. ഈ ഫോണ്‍ നമ്പറുകളാണ് ഇന്ത്യ കൈമാറിയത്. എന്നാല്‍, പാക്കിസ്ഥാനില്‍ ഈ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പാക് ബന്ധം കണ്ടെത്താന്‍ ഉന്നതതല അന്വേഷണ സംഘം രൂപവത്കരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് നാല് പേരെ പാക് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. ബാഹാവല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഗുജ്‌റാന്‍വാല, ഝലം, ബഹാവല്‍പൂര്‍ ജില്ലകളിലായാണ് റെയ്ഡ് നടത്തിയത്. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെയുള്ള തെളിവുകളാണ് ഇന്ത്യ കൈമാറിയിരുന്നത്. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നിര്‍ദേശപ്രകാരം ഇന്ത്യ കൈമാറിയ തെളിവുകള്‍ പാക് രഹസ്യാന്വേഷണ വിഭാഗത്തിന് കഴിഞ്ഞ ശനിയാഴ്ച കൈമാറിയിരുന്നു. അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് നാല് പേര്‍ പിടിയിലായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പഠാന്‍കോട് ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.

ഐ ബി, ചാരസംഘടനായ ഐ എസ് ഐ, മിലിട്ടറി ഇന്റലിജന്റ്‌സ്, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. നവാസ് ശരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സംയുക്ത ഉന്നതതല അന്വേഷണ സംഘം രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചത്. ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍, ധനമന്ത്രി ഇആഖ് ധര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) നാസര്‍ഖാന്‍ ജാന്‍ജുവ, പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, പഠാന്‍കോട്ടില്‍ നടന്ന സൈനിക ഓപറേഷനിടെ കൊല്ലപ്പെട്ട നാല് തീവ്രവാദികളെ തിരിച്ചറിയാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടുതല്‍ മൊബൈല്‍ ഫോണുകളും എ കെ- 47 തിരകളും സംഭവ സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്.

Latest