Connect with us

Ongoing News

അഞ്ചാം തവണയും മെസ്സിക്ക് ലോകഫുട്ബോളര്‍ പുരസ്കാരം

Published

|

Last Updated

മികച്ച പരിശീലകന്‍ ബാഴ്‌സലോണയുടെ ലൂയിസ് എന്‍ റിക്വെ;
മികച്ച വനിതാ താരം അമേരിക്കയുടെ മിഡ്ഫീല്‍ഡര്‍ കാര്‍ലി ലോയ്ഡ്

സൂറിച്: ഫിഫ ലോകഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം അഞ്ചാം തവണയും അര്‍ജന്റീനയുടെ ലയണല്‍ മെസിക്ക്. ബാഴ്‌സലോണക്ക് യുവേഫചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ കഴിഞ്ഞ സീസണില്‍ മൂന്ന് കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ മെസിയുടെ ഫോം നിര്‍ണായകമായിരുന്നു.
ക്രിസ്റ്റ്യാനോ, നെയ്മര്‍ എന്നിവരെയാണ് ലോകഫുട്‌ബോളര്‍ മത്സരത്തില്‍ മെസി ഇത്തവണ പിന്തള്ളിയത്. ഇതിനുമുമ്പ് 2009,2010,2011,2012 വര്‍ഷങ്ങളിലും മെസ്സിക്കായിരുന്നു മികച്ച താരത്തിനുള്ള പുരസ്‌കാരം.

മികച്ച പരിശീലകനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ ലൂയിസ് എന്റിക്വെ നേടി. വനിതാ ലോകകപ്പ് നേടിയ അമേരിക്കയുടെ കോച്ച് ജില്‍ എലിസ് മികച്ച വനിതാ പരിശീലകയായി. മികച്ച വനിതാ ലോകഫുട്‌ബോളര്‍ യു എസിന്റെ കാര്‍ലി ലോയ്ഡാണ്.
2015 സീസണിന്റെ തുടക്കത്തില്‍ ബാഴ്‌സലോണ ക്യാമ്പില്‍ നിന്ന് ശുഭകരമായ വാര്‍ത്തകളായിരുന്നില്ല പുറത്ത് വന്നത്. മെസി ടീം വിടാന്‍ പോകുന്നു. കോച്ച് ലൂയിസ് എന്റിക്വെയുടെ ശൈലിയുമായി പൊരുത്തപ്പെടാന്‍ മെസിക്ക് സാധിക്കില്ലെന്നൊക്കെയായിരുന്നു അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, എല്ലാത്തിനും ഉടന്‍ മറുപടി ലഭിച്ചു. ജനുവരി പതിനൊന്നിന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തോടെ (3-1). മെസി, സുവാരസ്, നെയ്മര്‍ ത്രയം മികച്ച ഫോമിലേക്കുയര്‍ന്ന മത്സരമായിരുന്നു അത്.

ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ സുവാരസും ബ്രസീലിയന്‍ താരം നെയ്മറും ഇറങ്ങുന്നതോടെ ഗ്രൗണ്ടില്‍ മെസിക്കുള്ള സ്വാതന്ത്ര്യം നഷ്ടമാകുമെന്നായിരുന്നു കരുതിയത്. എന്നാല്‍, റൈറ്റ് വിംഗ് പൊസിഷനിലേക്ക് മാറിയ മെസി സുവാരസിനെ ടീമിന്റെ മുഖ്യ സ്‌ട്രൈക്കറാക്കുന്നതിനെ പിന്തുണച്ചു. ഒപ്പം നെയ്മറും ചേര്‍ന്നതോടെ ബാഴ്‌സക്കെതിരില്ലാതായി.
ലോകഫുട്‌ബോളിലെ എം എസ് എന്‍ അറ്റാക്കിംഗ് എന്നറിയപ്പെട്ടു ബാഴ്‌സ ത്രയങ്ങള്‍. കഴിഞ്ഞ സീസണില്‍ മൂന്ന് പേരും കൂടി 122 ഗോളുകളാണ് അടിച്ചു കൂട്ടിയത്. 58 ഗോളുകളുമായി മെസി മുന്നിട്ട് നിന്നു. സ്പാനിഷ് ലാ ലിഗയില്‍ 43 ഗോളുകളാണ് മെസി നേടിയത്. മാര്‍ച്ച് എട്ടിന് റയോ വാള്‍കാനോക്കെതിരെ പതിനൊന്ന് മിനുട്ടിനിടെ ഹാട്രിക്ക് നേടി മെസി വിസ്മയിപ്പിച്ചു. ബാഴ്‌സലോണക്കായി മെസി നേടുന്ന മുപ്പത്തിരണ്ടാം ഹാട്രിക്കായിരുന്നു അത്. സ്പാനിഷ് ഫുട്‌ബോളില്‍ ഏറ്റവുമധികം ഹാട്രിക്ക് നേടിയ ടെല്‍മോ സാറയുടെ റെക്കോര്‍ഡും മെസിക്ക് മുന്നില്‍ പഴങ്കഥയായി.

ലാ ലിഗയില്‍ പതിനെട്ട് അസിസ്റ്റുകളുമായി മെസി മുന്‍നിരയില്‍ നിന്നു. ബാഴ്‌സയുയെടും റയലിന്റെയും മുന്‍താരമായ ലൂയിസ് ഫിഗോയുടെ പേരിലുള്ള ലാ ലിഗയിലെ കൂടുതല്‍ അസിസ്റ്റുകളുടെ റെക്കോര്‍ഡും മെസി പോയ സീസണില്‍ തകര്‍ത്തു. ഫിഗോയുടെ 105 അസിസ്റ്റുകളുടെ റെക്കോര്‍ഡ് മെസി 106 അസിസ്റ്റുകളുമായി മറികടന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ബയേണ്‍മ്യൂണിക്കിനെതിരെ 3-0ന് ബാഴ്‌സലോണ ജയിച്ചപ്പോള്‍ മെസി രണ്ട് ഗോളുകള്‍ നേടി. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഫൈനലില്‍ യുവെന്റസിനെ തകര്‍ത്തതും മെസിയുടെ പ്ലേ മേക്കിംഗായിരുന്നു.

MESSY CARPET

സൂറിച്ചിലെ ലോക പുരസ്‌കാര പ്രഖ്യാപന വേദിയില്‍ ഓട്ടോഗ്രാഫില്‍ ഒപ്പിടുന്ന മെസ്സി

മറ്റു പുരസ്കാരങ്ങള്‍:

ജില്‍ എല്ലിസ് മികച്ച വുമണ്‍സ് ഫുട്‌ബോള്‍ ടീം കോച്ച്

ഫിഫ ലോകഇലവന്‍: മാന്വവല്‍ ന്യൂയര്‍ (ഗോളി), തിയാഗോ സില്‍വ (പിഎസ്ജി), മാര്‍സലോ (റയല്‍), റാാേമസ് (റയല്‍), ആല്‍വ്‌സ് (ബാഴ്‌സലോണ), ഇനിയസ്റ്റ (ബാഴ്‌സലോണ), ലൂക്കാ മോഡ്രിച്ച് (റയല്‍), പോള്‍ പോഗ്ബ (യുവന്റസ്), നെയ്മര്‍ (ബാഴ്‌സലോണ), മെസി (ബാഴ്‌സലോണ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍).

ഫിഫ ഫെയര്‍പ്ലേ പുരസ്‌കാരം അഭയാര്‍ഥികളെ സഹായിക്കുന്ന ഫുട്‌ബോള്‍ സംഘടനകള്‍ക്ക്.

---- facebook comment plugin here -----

Latest