Connect with us

National

ഇന്ത്യ-പാക് രഹസ്യ നയതന്ത്ര ചര്‍ച്ച ഉടന്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യപാക് സെക്രട്ടറിതല ചര്‍ച്ചകളെക്കുറിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ രഹസ്യ നയതന്ത്ര ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ഖാന്‍ ജാന്‍ജുവയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ മറ്റൊരു രാജ്യത്തായിരിക്കും കൂടിക്കാഴ്ച നടത്തുക.

വെള്ളിയാഴ്ചയാണ് സെക്രട്ടറി തല ചര്‍ച്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തതിന് ശേഷമേ ഇന്ത്യ ചര്‍ച്ചക്ക് തയ്യാറാകൂ എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് പാകിസ്താന്‍ അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. എന്നാല്‍ തെളിവുകളുടെ ഭാഗമായി ഇന്ത്യ നല്‍കിയ ഫോണ്‍ നമ്പറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയുടെ ആവശ്യപ്രകാരം ഭീകരാക്രമണം നടത്തിയവരെ തിരിച്ചറിയുന്നതിനായി ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങളെ സംബന്ധിക്കുന്ന ബ്ലാക്ക് കോര്‍ണര്‍ നോട്ടീസാണ് പുറപ്പെടുവിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ എട്ട് തരം നോട്ടീസുകളാണ് ഇന്റര്‍പോള്‍ പുറപ്പെടുവിക്കാറുള്ളത്.

---- facebook comment plugin here -----

Latest