Connect with us

Sports

ഇന്ത്യ-ആസ്‌ത്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കം

Published

|

Last Updated

പെര്‍ത്ത്: ലോകകപ്പില്‍ ആസ്‌ത്രേലിയക്ക് മുന്നില്‍ തലകുനിച്ച ഇന്ത്യന്‍ ടീം അതിന് ശേഷം ആദ്യമായി കങ്കാരുപ്പടക്കെതിരെ കളിക്കാനിറങ്ങുന്നു. സെഞ്ച്വറിയോടെ അന്ന് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ച സ്റ്റീവന്‍ സ്മിത്ത് ഇന്ന് ക്യാപ്റ്റന്റെ റോളില്‍ തിളങ്ങുന്നു. എന്നാല്‍, മൈക്കല്‍ ക്ലാര്‍ക്ക്, മിച്ചല്‍ ജോണ്‍സന്‍, ബ്രാഡ് ഹാഡിന്‍ എന്നീ പരിചയ സമ്പന്നരെല്ലാം ഇതിനകം ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ആസ്‌ത്രേലിയന്‍ സ്‌ക്വാഡിന്റെ സന്തുലനത്തെ ബാധിച്ചിട്ടുണ്ട്. പരുക്കേറ്റ് മിച്ചല്‍ സ്റ്റാര്‍ച് പുറത്തായതും ആള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സനെ ടീമിലേക്ക് പരിഗണിക്കാഞ്ഞതും ഓസീസ് നിരയെ നേരിയ തോതില്‍ ബാധിക്കും.
കഴിഞ്ഞ വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധുരതരമല്ല. ലോകകപ്പ് സെമി തോല്‍വി, ബംഗ്ലാദേശില്‍ പരമ്പര നഷ്ടം, ഹോം പരമ്പരയില്‍ ദക്ഷിണാഫ്രിക്കയോടേറ്റ അടി, ഇങ്ങനെ തിരിച്ചടികളുടെ വര്‍ഷമാണ് കടന്നു പോയത്.
2016 നേട്ടങ്ങളുടേതാക്കാമെന്ന പ്രതീക്ഷയിലാണ് ധോണിയും സംഘവും. അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെയും കൊണ്ടാണ് ഇന്ത്യയുടെ വരവ്. ആറാം നമ്പറില്‍ ഗുര്‍കീരാത് സിംഗിനോ മനീഷ് പാണ്ഡ്യക്കോ നറുക്ക് വീഴും. സന്നാഹ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയതോടെ മാനീഷ് പാണ്ഡ്യക്ക് ആദ്യ ഇലവനില്‍ സാധ്യതയേറി.
സാധ്യതാ സ്‌ക്വാഡ്:
ഇന്ത്യ – ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അജിങ്ക്യരഹാനെ, എം എസ് ധോണി (ക്യാപ്റ്റന്‍), ഗുര്‍കീരാത് സിംഗ്/മനീഷ് പാണ്‌ഡെ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ബരീന്ദര്‍സ്രാരന്‍, ഇഷാന്ത് ശര്‍മ/അക്ഷര്‍ പട്ടേല്‍/റിഷി ധവാന്‍.
ആസ്‌ത്രേലിയ – ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ജോര്‍ജ് ബെയ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, മാത്യു വാഡെ, ജെയിംസ് ഫോക്‌നര്‍, സ്‌കോട് ബോലാന്‍ഡ്, ജോഷ് ഹാസല്‍വുഡ്, ജോയല്‍ പാരിസ്.
ആസ്‌ത്രേലിയയില്‍ ഇന്ത്യ നേടിയ പത്ത് ജയങ്ങള്‍.
ആസ്‌ത്രേലിയയില്‍ അവര്‍ക്കെതിരെ ഇന്ത്യ 43 ഏകദിന മത്സരങ്ങള്‍ കളിച്ചു. ജയിച്ചത് പത്തെണ്ണത്തില്‍ മാത്രം. ആ വിജയ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം….

1- 1980, എം സി ജി
ആസ്‌ത്രേലിയക്കെതിരെ അവരുടെ മണ്ണില്‍ ഇന്ത്യ നേടുന്ന ആദ്യ ജയം ഡിസംബര്‍ ആറിനായിരുന്നു. 66 റണ്‍സിനായിരുന്നു ജയം. ബെന്‍സന്‍ അന്‍ഡ് ഹെഡ്ജസ് ലോക സീരീസ് കപ്പ്. അഞ്ച് കളിക്കാര്‍ അന്ന് ഇന്ത്യക്കായി അരങ്ങേറി. മാന്‍ ഓഫ് ദ മാച്ചായ സന്ദീപ് പാട്ടീല്‍ അവരിലൊരാളായിരുന്നു. 70 പന്തില്‍ 64 റണ്‍സടിച്ചതും ആസ്‌ത്രേലിയന്‍ ഓപണര്‍ കിം ഹ്യൂസിന്റെ വിക്കറ്റെടുത്തതും പാട്ടീലിനെ കളിയിലെ താരമാക്കി. 49 ഓവറില്‍ ഇന്ത്യ 208/9. 52 പന്തുകളില്‍ സഈദ് കിര്‍മാനി പുറത്താകാതെ നേടിയ 48 റണ്‍സും ഇന്ത്യക്ക് കരുത്തേകി.
ബൗളിംഗില്‍ അരങ്ങേറ്റക്കാരായ ദിലീപ് ജോഷിയും (3/32) ആള്‍ റൗണ്ടര്‍ റോജര്‍ ബിന്നിയും (2/32) തിളങ്ങി.

2- 1985, എം സി ജി
ലോകകപ്പ് ചാമ്പ്യന്‍മാര്‍ എന്ന തലയെടുപ്പോടെ ആസ്‌ത്രേലിയയിലെത്തിയ ഇന്ത്യ എട്ട് വിക്കറ്റിന് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 49.3 ഓവറില്‍ ആസ്‌ത്രേലിയ 163ന് ആള്‍ ഔട്ടായി. റോജര്‍ ബിന്നി (3/27), ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ (2/32), കപില്‍ദേവ് (2/25) തിളങ്ങി.
ഓപണിംഗ് ബാറ്റിംഗില്‍ രവിശാസ്ത്രി (51), ശ്രീകാന്ത് (93നോട്ടൗട്ട്) മിന്നി.

3- 1986, എം സി ജി
പത്ത് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഓസീസിനെതിരെ എട്ട് വിക്കറ്റ് ജയം. ബെന്‍സന്‍ & ഹെഡ്ജസ് ലോക സീരീസ് കപ്പില്‍ ആസ്‌ത്രേലിയ 44.2 ഓവറില്‍ 161ന് ആള്‍ ഔട്ട്. സുനില്‍ ഗവാസ്‌കറും (59), മൊഹീന്ദര്‍ അമര്‍നാഥും (58നോട്ടൗട്ട്) തിളങ്ങി.

4- 1986, എം സി ജി
കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഏഴ് വിക്കറ്റിന്റെ ജയം. ആസ്‌ത്രേലിയ ഉയര്‍ത്തിയ വിജയലക്ഷ്യം 236. 48.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ജയിച്ചു. 123 പന്തുകളില്‍ 72 റണ്‍സെടുത്ത ഗവാസ്‌കര്‍ അടിത്തറ പാകിയപ്പോള്‍ മാന്‍ ഓഫ് ദ മാച്ചായ ദിലീപ് വെംഗ്‌സര്‍ക്കര്‍ 88 പന്തുകളില്‍ 77 റണ്‍സ് നേടി.

5- 1991, വാക്ക
മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ഇത്തവണ ഇന്ത്യന്‍ ജയം. പെര്‍ത്തില്‍ നടന്ന ബെന്‍സന്‍ & ഹെഡ്ജസ് ലോക സീരീസ് ചാമ്പ്യന്‍ഷിപ്പില്‍ 107 റണ്‍സിനായിരുന്നു ജയം. ആദ്യം ബാറ്റെടുത്ത ഇന്ത്യ 208/7. 60 പന്തില്‍ 60 റണ്‍സെടുത്ത ശ്രീകാന്തിന് കൗമാര താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍(36), പ്രവീണ്‍ ആംറെ (33), കപില്‍ദേവ് (25നോട്ടൗട്ട്) എന്നിവരാണ് ഭേദപ്പെട്ട ടോട്ടലൊരുക്കിയത്. ആസ്‌ത്രേലിയ 37.5 ഓവറില്‍ 101. രവിശാസ്ത്രിയാണ് ബൗളിംഗില്‍ തിളങ്ങിയത്. 6.5 ഓവറില്‍ പതിനഞ്ചിന് അഞ്ച് വിക്കറ്റെടുത്തു.

6- 2004, ഗാബ
ആറാം ജയം എട്ട് വര്‍ഷത്തിന് ശേഷം. ബ്രിസ്ബനില്‍ 303 റണ്‍സിന്റെ റെക്കോര്‍ഡ് ടോട്ടല്‍ ആണ് ഇന്ത്യ ഉയര്‍ത്തിയത്. വി വി എസ് ലക്ഷ്മണിന്റെ 103 നോട്ടൗട്ട് പ്രകടനവും സച്ചിന്‍ (86), രാഹുല്‍ദ്രാവിഡ് (74) ഇന്നിംഗ്‌സുകളും ആസ്‌ത്രേലിയയെ കാഴ്ചക്കാരാക്കി. ഇര്‍ഫാന്‍ പത്താന്‍ മൂന്ന് വിക്കറ്റും ബാലാജി നാല് വിക്കറ്റും വീഴ്ത്തിയതോടെ ഇന്ത്യക്ക് 19 റണ്‍സിന്റെ ജയം. ആദം ഗില്‍ക്രിസ്റ്റ്, മൈക്കല്‍ ക്ലാര്‍ക്ക്, സെഞ്ച്വറി നേടിയ മാത്യു ഹെയ്ഡന്‍ എന്നിവരെ പുറത്താക്കിയ പത്താനാണ് ആതിഥേയര്‍ക്ക് നാശം വിതച്ചത്.

7-2008,എം സി ജി
കോമണ്‍വെല്‍ത്ത് ബേങ്ക് സീരീസില്‍ വിഖ്യാതമായ ജയം. റിക്കി പോണ്ടിംഗിന്റെ ലോകകപ്പ് ചാമ്പ്യന്‍മാരെ ധോണിയുടെ ടീം ഇന്ത്യ 159ന് ആള്‍ ഔട്ടാക്കി. 31ന് മൂന്ന് വിക്കറ്റെടുത്ത ശ്രീശാന്തും 38ന് നാല് വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയുമാണ് ആതിഥേയരെ തകര്‍ത്തത്. ചേസിംഗില്‍ സച്ചിന്‍ (44), രോഹിത് ശര്‍മ (39നോട്ടൗട്ട്) ഇന്നിംഗ്‌സിന് കരുത്തേകി. അഞ്ച് വിക്കറ്റിനായിരുന്നു ജയം.

8-2008, സിഡ്‌നി
ബേങ്ക് സീരീസിലെ ബെസ്റ്റ് ഓഫ് ത്രീ ഫൈനല്‍സില്‍ തുടരെ രണ്ടാം ജയം. ഇന്ത്യക്ക് ആദ്യമായി ആസ്‌ത്രേലിയയില്‍ പരമ്പര ജയം. 240 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ സച്ചിന്റെ സെഞ്ച്വറിയുടെയും രോഹിതിന്റെ അര്‍ധസെഞ്ച്വറിയുടെയും മികവില്‍ ലക്ഷ്യംകടന്നു.

9- 2008, ഗാബ
സി ബി സീരീസില്‍ ഒമ്പത് റണ്‍സിന് ജയിച്ച് ഇന്ത്യ ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. 258 റണ്‍സാണ് സന്ദര്‍ശക ടീമുയര്‍ത്തിയ വിജയലക്ഷ്യം. സച്ചിന്‍ 121 പന്തില്‍ നേടിയ 91 ആയിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഏക അര്‍ധസെഞ്ച്വറി. ഉത്തപ്പ, യുവരാജ് സിംഗ്, ധോണി മുപ്പതുകളില്‍ വീണു. പ്രവീണ്‍ കുമാര്‍, ശ്രീശാന്ത്, ഇര്‍ഫാന്‍ ആസ്‌ത്രേലിയന്‍ ഇന്നിംഗ്‌സിനെ വരിഞ്ഞുകെട്ടി.

10- 2012, അഡലെയ്ഡ്
സി ബി സീരീസില്‍ ഇന്ത്യ ഫൈനലിലെത്തിയില്ല. പക്ഷേ, ആസ്‌ത്രേലിയക്കെതിരെ ഒരു മികച്ച വിജയം സാധ്യമായി. 270 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തും നാല് വിക്കറ്റും ശേഷിക്കെ ഇന്ത്യ മറികടന്നു. ഗൗതം ഗംഭീറിന്റെ 92 റണ്‍സായിരുന്നു രക്ഷയായത്.സുരേഷ് റെയ്‌ന 30 പന്തില്‍ 38ഉം ധോണി 44 നോട്ടൗട്ടുമായി ഇന്നിംഗ്‌സിന് കരുത്തേകി.

Latest