Connect with us

Editorial

സൈനിക അട്ടിമറി ശ്രമം: നിജസ്ഥിതി കണ്ടെത്തണം

Published

|

Last Updated

വി കെ സിംഗ് കരസേനാ മേധാവിയായിരിക്കെ യു പി എ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സൈനികനീക്കം നടന്നതായുള്ള വാര്‍ത്ത വന്‍ വിവാദമായതാണ്. 2012 ജനുവരി 16ന്റെ തലേ രാത്രി ഹിസാറിലെ(ഹരിയാന) മെക്കനൈസ്ഡ് ഇന്‍ഫന്ററിയില്‍ നിന്ന് കരസേനയുടെ പ്രമുഖ യൂനിറ്റ് സര്‍ക്കാറിന്റെ നിര്‍ദേശമില്ലാത ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചതായി 2012 ഏപ്രിലില്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ ഘട്ടത്തില്‍ തന്നെ ആഗ്രയില്‍ നിന്നും 50 പാരാ ബ്രിഗേഡിന്റെ വിഭാഗവും വിമാനമാര്‍ഗം ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയിരുന്നുവത്രേ. ഇതേതുടര്‍ന്ന് മലേഷ്യന്‍ സന്ദര്‍ശനത്തിലായിരുന്ന അന്നത്തെ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മയോട് യാത്ര റദ്ദാക്കി അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതായും പത്രം പറയുന്നു. വയസ്സ് തിരുത്താന്‍ ശ്രമിച്ച കേസില്‍ കരസേനാ മേധാവി ജനറല്‍ വി കെ സിംഗ് സുപ്രീം കോടതിയില്‍ ഹാജഷാകേണ്ടിയിരുന്ന ദിവസമായിരുന്നു 2012 ജനുവരി16.
ജനങ്ങളില്‍ ഏറെ ഉത്കണ്ഠ സൃഷ്ടിച്ച ഈ വാര്‍ത്ത പക്ഷേ, അന്ന് വി കെ സിംഗിനൊപ്പം പ്രതിരോധ മന്ത്രാലയവും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നു. എന്നാല്‍ അത് സത്യമാണെന്നും സര്‍ക്കാറിനെ അറിയിക്കാതെ സൈന്യം ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയിരുന്നുവെന്നുമാണ് ആ കാലയളവില്‍ യു പി എ സര്‍ക്കാറില്‍ വാര്‍ത്താവിതരണ മന്ത്രിയും പ്രതിരോധ മേഖലയിലെ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായിരുന്ന മനീഷ് തിവാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ന്യൂ ഡല്‍ഹിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റാം മമോഹന്‍ റാവുവിന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് തിവാരി സംഭവം സ്ഥിരീകരിച്ചത്. ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായ വി കെ സിംഗ് തിവാരിയുടെ വെളിപ്പെടുത്തലിനെ തള്ളിയെങ്കിലും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യരും ലഫ്. ജനറല്‍ എ കെ ചൗധരിയും വെളിപ്പെടുത്തല്‍ വസ്തുതാപരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ദൗര്‍ഭാഗ്യകരമെങ്കിലും അന്നത്തെ രാത്രി സൈന്യത്തില്‍ നിന്ന് ആശങ്കാജനകമായ ചില നീക്കങ്ങളുണ്ടായിരുന്നുവെന്നാണ് അയ്യര്‍ പറയുന്നത്.
മോശം പ്രതിച്ഛായയുള്ള സൈനിക മേധാവിയായിരുന്നു ജനറല്‍ വി കെ സിംഗ്. തന്റെ കീഴില്‍ അേദ്ദഹം പ്രത്യേക ഇന്റലിജന്‍സ് രൂപവത്കരിക്കുകയും ഇതിന്റ നേതൃത്വത്തില്‍ പ്രതിരോധമന്ത്രിയുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തുകയും ചെയ്തു. സൈനിക ഫണ്ടില്‍ നിന്ന് ഗുലാം ഹസന്‍ മിററിന് 1.19 കോടി കോഴ നല്‍കി ജമ്മു കാശ്മീരിലെ ഉമര്‍ അബ്ദുല്ല സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. തന്റെ കാലശേഷം വിക്രം സിംഗ് സൈനിക മേധാവിയാകാതിരിക്കാന്‍ സന്നദ്ധസംഘടനയുടെ തലപ്പത്തുള്ള ഹകീകത് സിംഗിന് വന്‍ തുക നല്‍കി അയാളെക്കൊണ്ട് വിക്രംസിംഗിനെതിരെ കേസ് കൊടുപ്പിച്ചു. സര്‍വീസ് കാലാവധി നീട്ടാനായി ജനനത്തീയതി തിരുത്താന്‍ ശ്രമിച്ചു തുടങ്ങി അദ്ദേഹത്തിനെതിരെ ധാരാളം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വി കെ സിംഗ് പൂര്‍വമേഖലാ മേധാവി ആയിരിക്കെ 2008-10 കാലഘട്ടത്തില്‍ കരസേനക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ 103 കോടിയുടെ ക്രമക്കേട് നടന്നതായി ഓഡിറ്റിംഗിലും കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചെല്ലാം പ്രാഥമികാന്വേഷണം നടത്തിയ കരസേനയിലെ ഉദ്യോഗസ്ഥ സംഘം പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ഉന്നതതല അന്വേഷണത്തിന് ശിപര്‍ശ ചെയ്യുകയുമുണ്ടായി. ഈ പശ്ചാത്തലങ്ങള്‍ നിലനില്‍ക്കെ ജനന തീയതി തിരുത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാറിനെതിരെ സൈനിക നീക്കം നടത്തിയെന്നത് ഒറ്റയടിക്ക് തള്ളിക്കളയാനാകില്ല.
അയല്‍രാജ്യമായ പാക്കിസ്ഥാനിലുള്‍പ്പെടെ പല രാഷ്ട്രങ്ങളിലും സൈന്യവും സര്‍ക്കാറും തമ്മിലുള്ള ഭിന്നതയും അധികാരത്തര്‍ക്കവും സൈന്യം സര്‍ക്കാറിനെ അട്ടിമറിക്കലും പതിവാണ്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ നിര്‍ദേശങ്ങളും ഉത്തരവുകളും മറികടന്നാണ് ഇവിടങ്ങളിലെല്ലാം സൈന്യം പ്രവര്‍ത്തിക്കാറുള്ളത്. ഇന്ത്യയില്‍ 1987ല്‍ രാജീവ് ഗാന്ധി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അന്നത്തെ സൈനിക മേധാവി ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി, പിന്നീട് സൈനിക മേധാവിയായ ലഫ്. ജന. എസ് എഫ് റോഡ്രിഗസ് എന്നിവരുടെ നേതൃത്വത്തില്‍ ശ്രമം നടന്നതായി മുന്‍ ആര്‍മി കമാന്‍ഡറായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ പി എന്‍ ഹൂണ്‍ വെളിപ്പെടുത്തിയതൊഴിച്ചാല്‍, മറ്റൊരു അട്ടിമറി ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല അടുത്ത കാലം വരെ. രാജീവ് സര്‍ക്കാറിനെതിരെ നടന്ന സൈനിക നീക്കത്തിന്റെ പശ്ചാത്തലം ഡല്‍ഹിയിലെ സിഖ് കൂട്ടക്കൊലയായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളാണ് ഇതിന് സൈന്യത്തെ പ്രേരിപ്പിച്ചതെന്നും ഹൂണ്‍ പറയുന്നു. എന്നാല്‍ 2012ല്‍ നടന്നതായി പറയുന്ന അട്ടിമറി ശ്രമം കേവലം ഒരു സേനാധിപതിയുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായിരുന്നുവെന്ന് വരുമ്പോള്‍ കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നു. അക്കാലത്ത് സര്‍ക്കാറിന്റെ താക്കോല്‍ സ്ഥാനങ്ങളിലുള്ള പ്രമുഖര്‍ തന്നെ ഈ വാര്‍ത്തക്ക് സ്ഥിരീകരണം നല്‍കിയിരിക്കെ അതിന്റെ നിജാവസ്ഥ വെളിപ്പെടേണ്ടത് അനിവാര്യമാണ്. ഈ വിഷയത്തില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടക്കേണ്ടതുണ്ട്.

Latest