Connect with us

Kerala

ഉപരാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണം

Published

|

Last Updated

കൊച്ചി: മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി എം ഹാമിദ് അന്‍സാരിക്കു കൊച്ചി നാവികസേന വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌നേഹോഷ്മള സ്വീകരണം നല്‍കി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിയെയും പത്‌നി സല്‍മ അന്‍സാരിയേയും ടാര്‍മാര്‍ക്കില്‍ സ്വീകരിച്ചു. മേയര്‍ സൗമിനി ജയിന്‍, കെ വി തോമസ് എം പി, ഹൈബി ഈഡന്‍ എംഎല്‍എ, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലംബ, ഡിജിപി ടിപി സെന്‍കുമാര്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, ജില്ല കലക്ടര്‍ എംജി രാജമാണിക്യം, സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ടിപി വിജയകുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശ്, ഗവര്‍ണറുടെ പത്‌നി കമല സദാശിവം തുടങ്ങിയവരും ടാര്‍മാര്‍ക്കില്‍ സ്വീകരിക്കാനെത്തി.

തുടര്‍ന്ന് പന്തലിലെത്തിയ ഉപരാഷ്ട്രപതിയെ ഫിഷറീസ് മന്ത്രി കെ ബാബു, ബെന്നി ബഹ്‌നാന്‍ എം എല്‍ എ, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം സി ദിലീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ എന്നിവര്‍ സ്വീകരിച്ചു. 2.35 നാണ് ഉപരാഷ്ട്രപതി കോട്ടയത്തേക്കു പോയത്. രാത്രി ഏഴിന് കോഴിക്കോട്ടെത്തിയ ഉപരാഷ്ട്രപതി ഇന്ന് മലപ്പുറത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് യാത്രതിരിക്കും. വൈകീട്ട് നാലിന് ടാഗോര്‍ തിയേറ്ററില്‍ ശ്രീചിത്തിരതിരുനാള്‍ അവാര്‍ഡ് വിതരണത്തിനു ശേഷം വൈകിട്ട് അഞ്ചിന് ഹോട്ടല്‍ മസ്‌കറ്റില്‍ നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുളള പുസ്തകം പ്രകാശനം ചെയ്യും.

13ന് രാവിലെ 10.45ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം വര്‍ക്കലയ്ക്കു തിരിക്കുന്ന ഉപരാഷ്ട്രപതി 12.15 വരെ ശിവഗിരി മഠത്തിലുണ്ടാകും. തുടര്‍ന്ന് തിരുവനന്തപുരത്തേക്കു മടങ്ങുന്ന അദ്ദേഹം വൈകിട്ട് മൂന്നിന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സാക്ഷരതാ മിഷന്റെ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യും.
4.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വായുസേനയുടെ പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തേക്കു മടങ്ങും. 26 അംഗ സംഘമാണ് രാഷ്ട്രപതിക്കൊപ്പം കേരളത്തിലുളളത്.