Connect with us

International

അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ പാക്കിസ്ഥാനില്‍ പുനരാരംഭിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ് : അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ പാക്കിസ്ഥാനില്‍ പുനരാരംഭിച്ചു. ഇന്നലെ തുടങ്ങിയ ചര്‍ച്ചകളില്‍ അമേരിക്ക, ചൈന സര്‍ക്കാറുകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. താലിബാന്‍ സ്ഥാപകനും നേതാവുമായ മുല്ല മുഹമ്മദ് ഉമര്‍ പാക്കിസ്ഥാന്‍ ആശുപത്രിയില്‍വെച്ച് രണ്ട് വര്‍ഷം മുമ്പ് മരിച്ചുവെന്ന് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വേനല്‍ക്കാലത്ത് സമാധാന ചര്‍ച്ചകള്‍ തകിടംമറിഞ്ഞത്. അഫ്ഗാന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ചര്‍ച്ചകളില്‍നിന്നും താലിബാന്‍ പിന്‍മാറുകയായിരുന്നു. അതിന് മുമ്പ് ഇസ്‌ലാമാബാദില്‍ ഒരു സമാധാന ചര്‍ച്ച മാത്രമാണ് നടന്നത്.

മുല്ല അക്തര്‍ മുഹമ്മദ് മന്‍സൂറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ താലിബാന്റെ പ്രവര്‍ത്തനങ്ങളെങ്കിലും മന്‍സൂര്‍ നേതൃസ്ഥാനമേറ്റെടുത്തത് സംഘടനയില്‍ പിളര്‍പ്പിന് വഴിയൊരുക്കിയിട്ടുണ്ട്. മന്‍സൂറിന്റെ നേതൃത്വത്തെ ഒരു വിഭാഗം ചോദ്യം ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുമ്പോള്‍ താലിബാനെ പ്രതിനിധാനം ചെയ്ത് ആര് പങ്കെടുക്കും എന്ന കാര്യം അവ്യക്തമാണ്. താലിബാനൊപ്പം കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഇസില്‍ തീവ്രവാദികളും ശക്തിപ്രാപിച്ചിട്ടുണ്ട്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമിടയില്‍ പരസ്പരവിശ്വാസമില്ലായ്മയും അത്മവിശ്വാസത്തിന്റെ കുറവുമുണ്ടെങ്കിലും അമേരിക്കയും ചൈനയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. അതേ സമയം അഫ്ഗാനിസ്ഥാനുമായി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്ത താലിബാന്‍ അംഗങ്ങളുടെ ലിസ്റ്റ് പാക്കിസ്ഥാന്‍ അവതരിപ്പിക്കണമെന്ന് അഫ്ഗാന്‍ സി ഇ ഒ അബ്ദുല്ല അബ്ദുല്ലയുടെ സഹ വക്താവ് ജാവിദ് ഫൈസല്‍ പറഞ്ഞു. സമാധാന കരാറില്‍ തീവ്രവാദം ഇല്ലാതാക്കുന്നത് സംബന്ധിച്ച് ഉഭയകക്ഷി സഹകരണവും വേണമെന്ന് അദ്ദേഹം പറഞ്ഞു.

അനുരഞ്ജന നടപടികളുടെ പ്രധാന ലക്ഷ്യം താലിബാനെ ചര്‍ച്ചകളിലേക്കെത്തിക്കുകയും അവരെ അക്രമമാര്‍ഗം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. ഉപാധികളോ സൈനിക നടപടിയെന്ന ഭീഷണിയോ മുന്‍നിര്‍ത്തിയാകരുത് അനുരഞ്ജന നടപടികള്‍ ആരംഭിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Latest