Connect with us

Kozhikode

നഗരറോഡുകളുടെ വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുക കൈമാറാന്‍ നിര്‍ദേശം

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് ഉള്‍പ്പെടെ നഗരറോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തുന്നതിന് പഞ്ചായത്ത്-സാമൂഹ്യനീതി മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാരില്‍ നിന്ന് ലഭിച്ച 39 കോടി രൂപയില്‍ റോഡിനായി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഭൂമിക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നതിനുള്ള നാലു കോടി കഴിച്ചുള്ള തുക കലക്ടര്‍ക്ക് കൈമാറാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേയിറക്കിയ വിജ്ഞാപനത്തില്‍ വിട്ടുപോയ 87 സെന്റ് കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുവാനും മലാപ്പറമ്പ് ജംഗ്ഷന്‍ വിപുലീകരണത്തിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. റോഡ് വികസനത്തിനാവശ്യമായ ബാക്കി തുക കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും ധാരണയായി.
വികസിപ്പിക്കുന്ന ആറു നഗരറോഡുകളില്‍ സ്‌റ്റേഡിയം-പുതിയറ റോഡിന്റെ പ്രവൃത്തി ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ബാക്കി റോഡുകളുടെ പണികള്‍ ഒരേ സമയം നടത്തും. കെ.എസ്.യു.ഡി.പിയുടെ ഓവുചാല്‍ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന ഫ്രാന്‍സിസ് റോഡിലെ വികസന പ്രവൃത്തികള്‍ മാങ്കാവ് ഭാഗത്തുനിന്ന് തുടങ്ങാനും തീരുമാനമായി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, എ.ഡി.എം ടി ജെനില്‍കുമാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനിത, എം കെ രാഘവന്‍ എം.പിയുടെ പ്രതിനിധി ശ്രീകാന്ത്, കേരള റോഡ് ഫണ്ട് കോര്‍പറേഷന്‍ സി.ഇ.ഒ സുദര്‍ശന്‍ പിള്ള, കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ, ഡി.എം.ആര്‍.സി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ ഗോപാലകൃഷ്ണന്‍, മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഡോ. എം ജി എസ് നാരായണന്‍, അഡ്വ. മാത്യു കട്ടിക്കാനം, എം പി വാസുദേവന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.