Connect with us

International

സിറിയയില്‍ നാല് ലക്ഷത്തോളം പേരുടെ ജീവന്‍ അപകടത്തില്‍: യു എന്‍

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ വിവിധ ഭാഗങ്ങളില്‍ നാല് ലക്ഷത്തോളം പേര്‍ അവശ്യ വസ്തുക്കളുടെ അഭാവം മൂലം കടുത്ത പ്രതിസന്ധിയിലെന്ന് ഐക്യരാഷ്ട്ര സഭ. ദമസ്‌കസിനടുത്തുള്ള മദായ ഉള്‍പ്പെടെയുള്ള ഉപരോധത്തില്‍ കഴിയുന്ന മൂന്ന് നഗരങ്ങളിലേക്ക് സന്നദ്ധ സംഘടനകള്‍ സഹായം എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. സിറിയന്‍ പ്രസിഡന്റ് ബശറുല്‍അസദിന്റെ സൈന്യത്താല്‍ ചുറ്റപ്പെട്ട മദായയിലേക്ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യാനുള്ള കരാറില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിന് പുറമെ ഫൗഅ, കെഫ്‌റായ ഗ്രാമങ്ങളിലേക്കും സഹായം എത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചിട്ടുണ്ട്.

മദായയിലേക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് സിറിയന്‍ സര്‍ക്കാര്‍ സൈന്യവും ഹിസ്ബുല്ലയും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് മൂലം ഭക്ഷണമോ മറ്റോ ഇല്ലാതെ 42,000ത്തിലധികം ആളുകള്‍ കടുത്ത ഭീഷണിയിലാണ്. ഇതിനകം പട്ടിണി മൂലം 23 പേര്‍ ഇവിടെ മരിച്ചതായി ചാരിറ്റി ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്(എം എസ് എഫ്) അറിയിച്ചു.
പോഷകാഹാര കുറവ് മൂലം നിരവധി കൂട്ടികള്‍ പ്രയാത്തിലാണ്. പട്ടിണി മൂലം ഇവിടുത്തുകാര്‍ പുല്ലും ചെറുജീവികളെയും വരെ ഭക്ഷണമാക്കിത്തുടങ്ങിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കെഫ്‌റിയയിലും ഫൗഅയിലും 12,500ലധികം ആളുകള്‍ ജീവന് ഭീഷണി നേരിടുന്നു. ഇവിടങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് അല്‍നുസ്‌റ ഫ്രണ്ട് ഉള്‍പ്പെടെയുള്ള വിമത പക്ഷവും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ദമാസ്‌കസിന് സമീപമുള്ള വിമത നിയന്ത്രണത്തിലുള്ള മുദാമിയയിലേക്കുള്ള റോഡ് തടസ്സപ്പെടുത്തിയ സര്‍ക്കാര്‍ സൈന്യം ഇവിടെ ചെക് പോയിന്റ് സ്ഥാപിക്കുകയും ചെയ്തു. പ്രതിപക്ഷ വിഭാഗങ്ങള്‍ അവരുടെ ആയുധം താഴെവെച്ച് കീഴടങ്ങണമെന്നാണ് സൈന്യത്തിന്റെ ആവശ്യം. കഴിഞ്ഞ മാസം 26നാണ് സൈന്യം ഇവിടെ ചെക് പോയിന്റ് സ്ഥാപിച്ചത്. രണ്ടാഴ്ചയലിധികമായി ഈ പ്രദേശത്ത് 45,000 സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മുദാമിയയിലെ മീഡിയ ഓഫീസ് അറിയിച്ചു. ഈ മാസം പത്തിന് പോഷകാഹാര കുറവ് മൂലം ഒരു കുട്ടി ഇവിടെ മരിച്ചിരുന്നു. ഇനിയും ആഴ്ചകള്‍ ഇതേ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ 45,000ത്തോളം വരുന്ന സാധാരണക്കാരുടെ ജീവന്‍ അപകടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest