Connect with us

Palakkad

അപൂര്‍വയിനം വിത്തിറക്കി ഭാസ്‌കര മേനോന്റെ സ്വര്‍ണകൊയത്ത്

Published

|

Last Updated

സംസ്ഥാനത്ത് തന്നെ ഇതാദ്യമായി സോനാക്രോസ് അപൂര്‍വയിനം വിത്തിറക്കി സ്വര്‍ണ്ണം കൊയ്തിരിക്കയാണ് ആമയൂര്‍ നെടുമ്പ്രക്കാട് ഉഴിക്കാട്ടില്‍ ഭാസ്‌കരമേനോന്‍. ഒരുഏക്കര്‍ പാടത്ത് ഇറക്കിയ സോനാക്രോസ് ജൈവ കൃഷിയില്‍ വിളവെടുത്തത് 600 പറനെല്ല്.

കൊപ്പം ഗ്രാമ പഞ്ചായത്തിലെ ആമയൂര്‍ നെടുമ്പ്രക്കാട് വിരമിച്ച അധ്യാപകന്‍ ഉഴിക്കാട്ട് ഭാസ്‌കരമേനോന്‍ (66) പരീക്ഷണാടിസ്ഥാനത്തിലാണ് അപൂര്‍വ ഇനം വിത്തായ സോനക്രോസ് കൃഷി ചെയ്തത്. ഇംഗ്ലീഷ് പത്രങ്ങഴിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വോഷണത്തില്‍ കര്‍ണ്ണാടകയിലെ മംഗലാപുരം ദാവന്‍കരയില്‍ നിന്നാണ് ഈ അപൂര്‍വ്വയിനം വിത്ത് കണ്ടെത്തിയത്. ദാവന്‍കരൈ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകന്‍ രഘുരാജയുമായി ബന്ധപ്പെട്ടാണ് വിത്ത് സംഘടിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് 30 കിലോ സോനാക്രോസ് വിത്ത് കര്‍ണ്ണാടക്തതില്‍ നിന്നും വീട്ടിലെത്തിച്ചത്.
പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകരുടെ സഹായത്തോടെ ആഗസ്തില്‍ വിത്ത്പാകി. കേരളീയ ചുറ്റുപാടില്‍ സോന നെല്‍കൃഷി വിജയിക്കുമോ എന്നായിരുന്നു ആശങ്ക. പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവികളില്‍ നിന്നും വിളവെടുപ്പ് സംബന്ധിച്ച് ഉറപ്പൊന്നും ലഭിച്ചില്ല. കൃഷിയിറക്കി പൂര്‍ണ്ണമായ വളര്‍ച്ച പ്രാപിച്ചതോടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണുണ്ടായത്. കര്‍ണ്ണാടകയില്‍ സാധാരണ 135 ദിവസം കൊണ്ടാണ് സോന വിത്തിനം മൂപ്പെത്താറെങ്കിലും ആമയൂരിലെ നെടുമ്പ്രക്കാട് പാടശേഖരത്തില്‍ 128 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമായെന്ന് പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ മേധാവികളും സാക്ഷ്യപ്പെടുത്തുന്നു. ഒരുകതിരില്‍ 240 മുതല്‍ 300 നെല്‍മണികളുണ്ടായി.
27 കിനവുകളിലായി 34 കതിരുകളുണ്ടായിരുന്നു. കീടബാധയോ രോഗമോ ഇല്ലാത്തതിനാല്‍ മരുന്നടിക്കേണ്ടതില്ലെന്നതും സോനക്രോസിന്റെ പ്രത്യേകതയാണ്. മെലിഞ്ഞ തരം വെള്ളയരിയാണ് സോനാക്രോസെന്നും സംസ്ഥാനത്ത് തന്നെ ആദ്യമാണ് ഇത്തരം വിത്ത് വിളവെടുക്കുന്നതെന്നും കൃഷി വിജ്ഞാന കേന്ദ്രം മേധാവികള്‍ പറയുന്നു. ഒരു ഏക്കര്‍ സ്ഥലത്ത് ഇറക്കിയ വിത്ത് കൊയ്‌തെടുത്തപ്പോള്‍ 4426 കിലോ നെല്ല് ലഭിച്ച വിവരം നാട്ടിലാകെ പരന്നതോടെ നിരവധി കര്‍ഷകരാണ് ഭാസ്‌കരമേനോന്റെ വീട്ടില്‍ വിത്ത് തേടിയെത്തുന്നത്. കൊപ്പം ഗവ വൊക്കേഷണല്‍ ഹൈസ്‌കൂളിലെ റിട്ട പ്രിന്‍സിപ്പലാണ് ഭാസ്‌കരമേനോന്‍. അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച ശേഷം പൂര്‍ണ്ണമായും കാര്‍ഷിക വൃത്തിയിലേക്ക് തിരിയുകയായിരുന്നു. നെടുമ്പ്രക്കാട്ടെ പുരാതന കര്‍ഷക കുടുംബമാണ് ഭാസ്‌കരമേനോന്റെത്.
അഞ്ച് ഏക്കര്‍ സ്ഥാലത്ത് നെല്‍കൃഷി നടത്തുന്നതിന് പുറമെ വാഴ, പച്ചക്കറി കൃഷികളും ഭാസ്‌കരമേനോന്‍ നടത്തുന്നുണ്ട്. തമിഴ്‌നാടില്‍ നിന്നും കൊണ്ട് വന്ന സി ഒ 50, സിഒ 6 എച്ച് നാല് വിത്തുകളും ഭാസ്‌കരമേനോന്‍ പരീക്ഷിച്ചു വിജയം കണ്ടതാണ്. ഇവ കൂടാതെ ഉമ വിത്തും നെല്‍കൃഷിയിക്കിയിട്ടുണ്ട്. നടുവട്ടം ഗവ. ജനതാ ഹൈസ്‌കൂളിലെ റിട്ട അധ്യാപിക ശോഭയാണ് ഭാര്യ. ഇന്ത്യന്‍ ഓവര്‍സിയേഴ്‌സ് ബേങ്ക് കോഴിക്കോട് ബ്രാഞ്ച് ജീവനക്കാരി അഡ്വ ജ്യോതി, കൂറ്റനാട് വാവന്നൂര്‍ ശ്രീപതി എഞ്ചിനീയര്‍ കോളേജ് പ്രൊഫ ജ്യോതിസ് മക്കളാണ്.