Connect with us

National

ജെല്ലിക്കെട്ട് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം കോടതി സ്‌റ്റേ ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മൃഗങ്ങളെ വിനോദത്തിന് ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല. മൃഗങ്ങളോടുള്ള ക്രൂരതയാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീംകോടതി നിരോധിച്ച സാഹസിക കായിക വിനോദമായ ജെല്ലിക്കെട്ട് അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെയുള്ള ഹരജികള്‍ പരിഗണിച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്. സുപ്രീം കോടതി വിധി മറികടന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപന മിറക്കിയ സാഹചര്യത്തിലാണ് പരാതികള്‍ അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെത് ഉള്‍പ്പെടെയുള്ള ഹരജികളിലാണ് ഇന്ന് വാദം കേട്ടത്. ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ഉള്‍പ്പടെ ആറ് സ്ഥാപനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ വാദംകൂടി കേട്ടശേഷമേ തീരുമാനമെടുക്കാവൂ എന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജെല്ലിക്കെട്ട് അനുവദിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഹരജികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജെല്ലിക്കെട്ട് ചോരചീന്തിയുള്ള കായികവിനോദമാണെന്നും ജെല്ലിക്കെട്ടിന് ശേഷം കാളകള്‍ക്ക് അസഹനീയമായ ശരീരവേദനയും ക്ഷീണവും മാത്രമാണ് ബാക്കിയാകുന്നതെന്നുമാണ് മൃഗ സംരക്ഷണ ബോര്‍ഡിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാടിന്റെ സംസ്‌കാരം കാളകളെ സ്വാഗതം ചെയ്യാനാണ് പറയുന്നതെന്നും അവയെ നോവിക്കുമ്പോഴുള്ള പ്രതികരണത്തെ ഉപയോഗപ്പെടുത്താനല്ലെന്നും മൃഗ സംരക്ഷണ ബോര്‍ഡ് വാദിച്ചു.

2014 മെയ് ഏഴിനാണ് ജെല്ലിക്കെട്ട് നിരോധിച്ച് സുപ്രീ കോടതി ഉത്തരവിറക്കിയത്. ഈ മാസം ഏഴിനായിരുന്നു ജെല്ലിക്കെട്ട് അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം.

Latest