Connect with us

Palakkad

കൊപ്പം-വളാഞ്ചേരി റോഡിന് ശാപമോക്ഷം

Published

|

Last Updated

കൊപ്പം : പാലക്കാട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് രണ്ടു പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാതയില്‍ റബറൈസിംഗ് പ്രവര്‍ത്തി അടുത്ത ദിവസം തുടങ്ങുമെന്ന് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ്. ടൗണ്‍ മുതല്‍ ജില്ലാ അതിര്‍ത്തിയായ തിരുവേഗപ്പുറ പാലം വരെ അഞ്ച് കോടി രൂപ ചെലവിലാണ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നത്.
എട്ട് കിലോമീറ്റര്‍ റോഡ് അഞ്ചര മീറ്റര്‍ വീതിയില്‍ നവീകരിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കള്‍വര്‍ട്ടും അരികുഭിത്തിയും നിര്‍മിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. ദിശാബോര്‍ഡുകള്‍, സെന്റര്‍ ലൈന്‍ മാര്‍ക്കിംഗ് എന്നീ പ്രവൃത്തികളും റോഡ് നവീകരണത്തോടൊപ്പം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. വര്‍ഷങ്ങളായി തകര്‍ന്ന റോഡ് അറ്റകുറ്റപണി നടത്തിയെങ്കിലും പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. വളാഞ്ചേരി, തിരൂര്‍, കുറ്റിപ്പുറം, കാടാമ്പുഴ ക്ഷേത്രം ഭാഗങ്ങളിലേക്ക് പോകുന്ന റോഡില്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ വാഹനത്തിരക്ക് ഏറെയാണ്. പാലക്കാട് നിന്നും ചെര്‍പ്പുളശ്ശേരി വഴി വളാഞ്ചേരി, കോഴിക്കോട്, പൊന്നാനി നഗരങ്ങളിലേക്കും എളുപ്പമാര്‍ഗമെന്നതിനാല്‍ റോഡ് നന്നാക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന വിദേശയാത്രക്കാര്‍ ഉള്‍പ്പെടെ ദീര്‍ഘദൂരയാത്രക്കാര്‍ക്കും ആശ്വാസമാകും. റോഡ് റബറൈസിംഗ് പ്രവൃത്തി വൈകാതെ തുടങ്ങുമെന്ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.

Latest