Connect with us

Malappuram

അപകട രഹിത മലപ്പുറം പദ്ധതിക്ക് തുടക്കമായി; താലൂക്കുകളില്‍ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് നിര്‍മിക്കും

Published

|

Last Updated

മലപ്പുറം: മോട്ടോര്‍ വാഹന-വിദ്യാഭ്യാസ-പോലീസ് വകുപ്പുകളും ത്രിതല പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന അപകട രഹിത മലപ്പുറം പദ്ധതി ഐ ടി-വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷനായി. ഇതിന്റെ ഭാഗമായി ജനുവരി 10 മുതല്‍ 16 വരെ ജില്ലാ പഞ്ചായത്ത് റോഡ് സുരക്ഷാവാരം ആചരിക്കും. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 2860 വാഹനാപകടങ്ങളും ഇതില്‍ 357 മരണങ്ങളും ഉണ്ടായ സാഹചര്യത്തില്‍ ഇത് കുറക്കാന്‍ നടപ്പാക്കുന്ന പദ്ധതിയാണ് അപകടരഹിത മലപ്പുറം. ഇതിന്റെ ഭാഗമായി ഫെബ്രുവരി 28ന് മുമ്പ് ജില്ലയില്‍ 100 ശതമാനം ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഉപയോഗം നടപ്പാക്കും. പൊതുഗതാഗത സംവിധാനം കൂടുതല്‍ ഉപയോഗപ്പെടുത്താനും കുട്ടികള്‍ക്ക് ബൈക്ക് വാങ്ങിക്കുന്ന പ്രവണത അവസാനിപ്പിക്കാനുമുള്ള സന്ദേശങ്ങളടങ്ങിയ ലീഫ്‌ലെറ്റുകള്‍ ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യും. എല്ലാ താലൂക്കുകളിലും കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് നിര്‍മിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് ലീസ് എഗ്രിമെന്റ് പ്രകാരം സ്ഥലം കണ്ടെത്തും. ഹോസ്പിറ്റല്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ റോഡ് നിയമങ്ങളെക്കുറിച്ച് എല്‍ സി ഡി ഡിസ്‌പ്ലൈ നടത്തും.
ഈ വര്‍ഷം ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് പദ്ധതി നടത്തിപ്പ് വിലയിരുത്തുകയും എല്ലാ താലൂക്കുകളിലെയും കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം വി സുധാകരന്‍, മലപ്പുറം റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എ പി അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
റോഡ് സുരക്ഷയെക്കുറിച്ച് ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ക്ലാസുകള്‍ക്ക് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമ്മര്‍, റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എം ടി അജിത്കുമാര്‍, റിട്ട. പ്ലാനിംഗ് ഓഫീസര്‍ ശശികുമാര്‍, എടപ്പാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ എം പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest