Connect with us

Books

ഇസില്‍: ഭീകരതയുടെ ഭിന്നഭാവങ്ങള്‍

Published

|

Last Updated

ഏറെ പറഞ്ഞും എഴുതിയും വായിച്ചും കേട്ടും തഴമ്പിച്ച പദമായി മാറിയിരിക്കുന്നു ഇന്ന് ആഗോള ഭീകരത. സ്ഥാനത്തും അസ്ഥാനത്തും നമ്മള്‍ ഭീകരവാദത്തെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍ ആഗോളഭീകരതയുടെ പ്രത്യയശാസ്ത്ര അടിത്തറയെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും സാമ്രാജ്യത്വ മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് ഭീകരതയിലുള്ള പങ്കിനെ കുറിച്ചും കൃത്യമായ പഠനങ്ങള്‍ കുറവാണ്. സാമ്രാജ്യത്വ കക്ഷികള്‍ ഇസ്ലാമോഫോബിയയുടെ മേമ്പൊടി ചേര്‍ത്ത് പടച്ചുവിടുന്ന ചില ആസൂത്രിത റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പലപ്പോഴും ഭീകരതയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളായി ലോകം കൊണ്ടാടുന്നത്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നാഗരികതകളേയും സംസ്‌കാരത്തേയും തകര്‍ക്കാനും രാജ്യങ്ങളുടെ പരമാധികാരത്തെ തകര്‍ത്ത് അവിടെ അധീശത്വ മേധാവിത്വം സ്ഥാപിക്കാനുമുള്ള ഉപാധിയായണ് ഭീകരവിരുദ്ധ യുദ്ധത്തെ കൊളോണിയല്‍ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നത്. മതത്തിന് തീര്‍ത്തും അന്യമായ പ്രവണതകളുമായി രംഗപ്രവേശനം ചെയ്ത പാരമ്പര്യ നിഷേധികളായ സംഘങ്ങള്‍ സാമ്രാജത്വത്തിന്റെ ചരടനുസരിച്ചാണ് തുള്ളുന്നത്. ഇറാഖ്, സിറിയ, പാക്കിസ്ഥാന്‍, സുഡാന്‍, സോമാലിയ, ഈജിപ്ത്…….അരക്ഷിതമായ നാടുകളുടെ എണ്ണങ്ങള്‍ കൂടുകയാണ്.

ഭീകരവാദികളുടെ ആക്രമണങ്ങള്‍ക്കും അതിനെ ഇല്ലാതാക്കാനെന്ന പേരില്‍ കൊളോണിയലിസം നടത്തുന്ന ആക്രമണങ്ങള്‍ക്കും ഇരകളാവുന്നവര്‍ നിരപരാധികളായ മനുഷ്യരാണ്. ഇതില്‍ തന്നെ സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളുമായി കൂടുതലായി ഇരകളാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഭീകരവാദത്തെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും അതിന്റെ പ്രത്യയശാസ്ത്ര പിന്തുണ കൊടുക്കുന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ അപകടങ്ങളെ കുറിച്ചും നിക്ഷപക്ഷമായ പഠനങ്ങള്‍ പുതിയ കാലത്തിന്റെ അനിവാര്യതയാണ്.

ഈ ലക്ഷ്യത്തോടെ എസ് വൈ എസ് പ്രസിദ്ധീകരണ വിഭാഗമായ റീഡ് പ്രസ് പുറത്തിറക്കിയ പുസ്തകമാണ് സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറക്കല്‍ രചിച്ച “ഇസില്‍ ഭീകരതയുടെ ഭിന്നഭാവങ്ങള്‍” എന്ന പുസ്തകം. വിവിധ ദേശങ്ങളില്‍ വ്യത്യസ്ത ഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഭീകരതയെ കൃത്യമായി വിശകലനം ചെയുന്ന 21 ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. പുതിയ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഭീകരവാദമെന്ന ആഗോള പ്രശ്‌നത്തെ കുറിച്ച് ഗൗരവമായി പഠിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ പുസ്തകം.

പ്രസാധാനം: റീഡ് പ്രസ്, കോഴിക്കോട്
വില: 130 രൂപ

Latest